അനധികൃത ഡ്രൈവിങ് സ്കൂളുകൾ; കലക്ടർ റിപ്പോർട്ട് തേടി

കാസർകോട്: ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകളെ കുറിച്ച് ജില്ല കലക്ടർ റിപ്പോർട്ട് തേടി. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒക്കാണ് കലക്ടർ ഭണ്ഡാരി സ്വാഗത് രൺ‌വീർ ചന്ദ് നിർദേശം നൽകിയത്. നീലേശ്വരത്തെ അനധികൃത ഡ്രൈവിങ് സ്കൂളിനെ കുറിച്ച് റാഷിദ് പൂമാടം നൽകിയ പരാതിയിലാണ് കലക്ടറുടെ ഇടപെടൽ.

ജില്ലയിൽ നിരവധി ഡ്രൈവിങ് സ്കൂളുകളാണ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത്. ഇത്തരം സ്കൂളിൽ ചേർന്ന നിരവധി പേർ കബളിപ്പിക്കപ്പെട്ടതോടെയാണ് പരാതിക്കാരൻ കലക്ടറെ സമീപിച്ചത്. നേരത്തേ കാഞ്ഞങ്ങാട് ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അംഗീകാരമില്ലാത്തത് തിരിച്ചറിയാതിരിക്കാൻ ഇത്തരം സ്കൂളുകൾ പഠിതാക്കൾ അറിയാതെ ഇടനിലക്കാർ വഴി പഠിതാക്കളുടെ ഫയൽ പുതുക്കിനൽകുകയാണ് പതിവ്. ഇത്തരം സ്കൂളുകൾ, ഡ്രൈവിങ് പഠിക്കാൻ ചേരുമ്പോൾ ഉറപ്പിക്കുന്ന കാശ് അല്ല പിന്നീട് ആവശ്യപ്പെടുന്നത്. തുടക്കത്തിൽ 6000 രൂപയിൽ ഉറപ്പിക്കുമെങ്കിലും പിന്നീട് പല കാരണങ്ങൾ പറഞ്ഞ് തുക വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. നീലേശ്വരം നഗരത്തിലെ ഡ്രൈവിങ് സ്കൂളിനെതിരെ വ്യാപക പരാതിയാണുള്ളത്.

പരാതി കാരണം നേരത്തെ കാഞ്ഞങ്ങാട് ആർ.ടി.ഒ ഇതിന്‍റെ അംഗീകാരം റദ്ദാക്കിയിരുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളിൽനിന്ന് ഡ്രൈവിങ് പഠിക്കുമ്പോൾ വാഹനം അപകടത്തിൽപെട്ടാൽ നഷ്ടപരിഹാരമോ ഇൻഷുറൻസോ ലഭിക്കില്ല. റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറുടെ ഉത്തരവ് ലഭിച്ചതായും അത് കൈമാറിയതായും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Illegal driving schools; Collector sought report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.