ഹൈദരാബാദ്: മകന്റെ ആഡംബര ജീവിത രീതിയും ഓൺലൈൻ വാതുവെപ്പിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നതും ചോദ്യം ചെയ്ത പിതാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗച്ചിബൗളിയിലാണ് 17കാരന്റെ മർദനത്തിൽ കെ. ഹനുമന്തു(37) മരിച്ചത്. ഓൺലൈൻ വാതുവെപ്പിന് മകൻ ആറുലക്ഷം രൂപ പൊടിച്ചത് ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിലെ വഴക്കിൽ കലാശിച്ചത്. ഹനുമന്തുവിന് രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്ത മകൻ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ, ഇളയമകൻ ഓൺലൈൻ വാതുവെപ്പിനും മദ്യത്തിനും അടിമയായി.
ഒരാഴ്ച മുമ്പാണ് ഹനുമന്തു മൂത്ത മകന്റെ ബാങ്ക് അക്കൗണ്ടിൽ ആറുലക്ഷം രൂപ നിക്ഷേപിച്ചത്. അത് തട്ടിയെടുത്ത ഇളയ മകൻ പണം മുഴുവൻ ചൂതാട്ടത്തിനായി ധൂർത്തടിച്ചു കളയുകയും ചെയ്തു.
പണം ദുരുപയോഗം ചെയ്തത് ശ്രദ്ധയിൽപെട്ടപ്പോൾ അത് മുഴുവൻ തിരികെ നൽകണമെന്ന് ഹനുമന്തു ഇളയ മകനോട് ആവശ്യപ്പെട്ടു. ഇതിൽ രോഷംപൂണ്ട മകനെ അച്ഛനെ മർദിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പണം തിരികെ നൽകാനാണ് എന്ന വ്യാജേന മകൻ അച്ഛനെ സമീപിച്ചു. പിന്നാലെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ ഗച്ചിബൗളി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.