ഹൈദരാബാദ്: തെലങ്കാനയിലെ കരീംനഗറിൽ ദളിത് യുവാവിനെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. രാമഗിരി മണ്ഡലിലെ സിംഗിറെഡ്ഡിപ്പള്ളു സ്വദേശിയായ ജൂല വംശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നവീൻ (30), ഭാര്യ ആലേഖ്യ (28), ആലേഖ്യയുടെ ബന്ധു ഭാസ്കർ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡിദാലഗണ്ഡി വനമേഖലയിൽ നിന്നാണ് വംശിയുടെ മൃതദേഹം കണ്ടെടുത്തത്.
വർഷങ്ങളായി നീണ്ടുനിന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വംശി തന്നെ പത്താം ക്ലാസിൽ പഠിക്കുന്നത് മുതൽ ശല്യം ചെയ്തിരുന്നതായി ആലേഖ്യ പൊലീസിനോട് പറഞ്ഞു. വിവാഹശേഷവും വംശി ശല്യം തുടർന്നതോടെയാണ് ഭർത്താവിനും ബന്ധുവിനുമൊപ്പം ചേർന്ന് ഇയാളെ വകവരുത്താൻ ആലേഖ്യ തീരുമാനിച്ചത്.
കഴിഞ്ഞ ഏപ്രിൽ 30നാണ് വംശിയെ കാണാതാകുന്നത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച പുലർച്ച വനത്തിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വംശിയുടെ ഫോൺ കോളുകളും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.