ഹൈദരാബാദ്: ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ അറസ്റ്റിൽ. വെൽജൻ ഗ്രൂപ്പ് സി.എം.ഡി വി.സി. ജനാർദ്ദൻ റാവുവാണ് (86) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വീട്ടിനുള്ളിലാണ് സംഭവം.
സ്വത്തുതർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതി കീർത്തി തേജയെ (28) അറസ്റ്റ് ചെയ്തു. 70 തവണ ജനാർദനെ കുത്തിയെന്നാണു റിപ്പോർട്ട്. റാവുവിന്റെ മകൾ സരോജിനിയുടെ മകനാണു കീർത്തി. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സരോജിനിക്കും പലതവണ കുത്തേറ്റു. സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.
കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കുടുംബ സ്വത്ത് ഭാഗിക്കാത്തതിൽ കഴിഞ്ഞ ആറിന് വീട്ടിൽവെച്ച് ജനാർദ്ദൻ റാവുവും കൊച്ചുമകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അപ്രതീക്ഷിതമായി കത്തി എടുത്ത പ്രതി കീർത്തി മുത്തച്ഛനെ കുത്തുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ബി. ശോഭൻ പറഞ്ഞു. പിന്നാലെ വസ്ത്രം മാറി പ്രതി വീട്ടിൽനിന്ന് രക്ഷപ്പെട്ടു.
നഗരം വിട്ട പ്രതിയെ പഞ്ചഗുട്ടയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യു.എസിൽ പഠനം പൂർത്തിയാക്കി അടുത്തിടെ മടങ്ങിയെത്തി കീർത്തി മാതാവിനൊപ്പം സോമാജിഗുഡയിലെ വീട്ടിൽ ജനാർദ്ദൻ റാവുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.