പ്രതീകാത്മക ചിത്രം

ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഹെഡ്മാസ്റ്ററിന് ജീവപര്യന്തം

അരുണാചൽ പ്രദേശ്: 2018 ൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതിന് അരുണാചൽ പ്രദേശിലെ യുപിയയിലെ പ്രത്യേക പോക്‌സോ കോടതി ഒരു സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇറ്റാനഗറിലെ നീതി വിഹാറിലെ ഒരു സർക്കാർ മിഡിൽ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ബിരി താപയെ പ്രത്യേക ജഡ്ജി (പോക്സോ) ഹിരേന്ദ്ര കശ്യപ് കുറ്റക്കാരനാണെന്ന് വിധിച്ചു. കുറ്റകൃത്യം സംശയാതീതമായി തെളിയിച്ചതായി അദ്ദേഹം കണ്ടെത്തി. ആക്രമണം നടന്ന സമയത്ത് പെൺകുട്ടിക്ക് 15 വയസ്സായിരുന്നു.

പെൺകുട്ടി സംഭവം വിവരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് 2018 നവംബറിൽ കേസ് പുറത്തുവരുകയായിരുന്നു, തുടർന്ന് നവംബർ 18 ന് എഫ്‌.ഐഴആർ രജിസ്റ്റർ ചെയ്തു.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാഗം ബാഗ്രയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ പ്രകാരം, പ്രതി 2018 ജൂൺ ആറിന് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്കൂൾ ഗേറ്റിൽനിന്ന് ബാങ്ക് ടിനാലിയിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

അന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം 5:30 വരെ താപയുടെ പേരിൽ ഒരു മുറി ബുക്ക് ചെയ്തിരുന്നതായി വെളിപ്പെടുത്തുന്ന ഗെസ്റ്റ് ഹൗസ് രേഖകൾ പൊലീസ് പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ  വിദ്യാർഥിനി  പതിനാറ് വയസ്സിൽ താഴെയായിരുന്നുവെന്ന് പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തെറ്റായ വിവരങ്ങൾ നൽകി കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമം നടത്തിയിരുന്നു. പഠനത്തിനായാണ് മുറി ബുക്ക് ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. പ്രതി സ്കൂൾ ചുമതലക്കാരനായിരുന്നിട്ടും, 2018 ജൂണിലെ അധ്യാപകരുടെ ഹാജർ രജിസ്റ്ററിൽ നിന്ന് ഒരു പേജ് കാണാതായതും കോടതി ചൂണ്ടിക്കാട്ടി.

പോക്സോ നിയമത്തിലെ സെക്ഷൻ 29 പ്രകാരം, പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങ​ളെയും തെളിവുക​ളെയും നിരാകരിക്കുന്നതിൽ പ്രതി പരാജയപ്പെട്ടുവെന്ന് കോടതി വിധിക്കുകയും കുറ്റകൃത്യത്തെ ഗുരുതര വിശ്വാസ വഞ്ചനയായി വിശേഷിപ്പിക്കുകയും ചെയ്തു.

നവംബർ 13 ന് ശിക്ഷവിധിച്ച വിചാരണയിൽ, കോടതി ജീവപര്യന്തവും 20,000 രൂപ പിഴയും, വീഴ്ച വരുത്തിയാൽ രണ്ട് മാസത്തെ തടവും വിധിച്ചു. അരുണാചൽ പ്രദേശ് ഇരക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം അതിജീവിതക്ക് നഷ്ടപരിഹാരം നൽകാൻ പാപുംപാരെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

Tags:    
News Summary - Govt school headmaster gets life term for raping Class VII student in 2018

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.