ഗോമതിഅമ്മ കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: ഗോമതിഅമ്മയെ (58) മേശയുടെ കാൽ കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ ജീവപര്യന്തം ശിക്ഷിച്ചു. പേരൂർക്കട മണ്ണാമൂല രേവതിയിൽ ബാലകൃഷ്‌ണൻ നായരാണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം അഡീ. ജില്ല കോടതി ജഡ്‌ജി സി.ജെ. ഡെന്നിയുടെയാണ് വിധി.

2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. വീട്ടിലെ ഉരുളി കാണാതായതിനെ സംബന്ധിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്‌ത്രങ്ങളും വീട്ടു വളപ്പിൽ കുഴിച്ചിട്ടു. ഉച്ച ഭക്ഷണം കഴിച്ച ശേഷം വീടും പൂട്ടി പ്രതി പോയി. മകനും മരുമകളും വീടിൻ്റെ മുകളിലത്തെ നിലയിലാണ് താമസിച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വന്ന മരുമകൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെങ്കിലും ഗോമതിഅമ്മ അമ്പലത്തിൽ പോയെന്ന് വിചാരിച്ചു. പ്രതി വർക്കലയിൽ ഉള്ള തൻ്റെ സഹോദരിയുടെ വീട്ടിൽ ചെന്ന് സംഭവം പറഞ്ഞതിനെ തുടർന്ന് മകനെ വിവരമറിയിക്കുകയും ഇവർ വീട്ടിൽ കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗോമതിഅമ്മയെ കണ്ടത്.

വർഷങ്ങളായി സ്വരചേർച്ചയില്ലാതെ കഴിഞ്ഞിരുന്ന ബാലകൃഷ്‌ണൻ നായർ നിരവധി തവണ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇരുമ്പ് കമ്പികൊണ്ട് നിരവധി തവണ അടിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്‌തിരുന്നു. 58ാം വയസിലും ഗോമതി അമ്മയെ ഭർത്താവിന് സംശയമായിരുന്നു എന്ന് അയൽവാസി മൊഴി നൽകിയിരുന്നു. പ്രതിയുടെ ഉപദ്രവം കാരണം മക്കളോടൊപ്പം താമസിച്ചിരുന്ന ഗോമതി അമ്മയെ പ്രതി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഇവർ താമസിക്കുന്ന വീട്ടിൽ തിരികെ കൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു.

40 സാക്ഷികൾ 54 രേഖകൾ 22 തൊണ്ടി മുതലുകൾ എന്നിവ വിചാരണ സമയത്ത് പ്രോസിക്യൂഷൻ ഹാജരാക്കി. പേരൂർക്കട പൊലീസ് അന്വേഷിച്ച കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇത്‌ കാരണം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീനാകുമാരി ഹാജരായി.

Tags:    
News Summary - gomathiyamma murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.