വിഴിഞ്ഞം: ഉച്ചക്കടയിൽ ജ്വല്ലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവന്റെ സ്വർണാഭരണങ്ങളും നാലു ലക്ഷത്തോളം രൂപയും കവർന്നു. റോഡിൽ വീണ വയോധികനായ ജ്വല്ലറി ഉടമയുടെ ഇടതു കൈക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുകൃതാ ഫൈനാൻസ് ഉടമ കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പത്മകുമാറാണ് (60) കവർച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയ കവർച്ച സംഘം തട്ടിയെടുത്തു.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ടുമുമ്പ് കൈലിയും ബനിയനും ധരിച്ചിരുന്ന യുവാക്കൾ രണ്ടു ബൈക്കുകളിലായി കടന്നുപോയിരുന്നതായും ഇവർക്ക് തൊട്ടുമുന്നിലായി റോഡരികത്ത് ചുവന്ന നിറത്തിലുള്ള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പത്മകുമാർ പറഞ്ഞു. ജ്വല്ലറി പൂട്ടി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പത്മകുമാറിന്റെ നേർക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു. തറയിൽ വീണ പത്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവർ തട്ടിയെടുത്ത് കടന്നുകളഞ്ഞു.
ഈ സമയത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തിൽ സ്ഥലം വിട്ടതായും പൊലീസിന് മൊഴി നൽകി. പരിസരത്തെ റോഡുകളിലെയും വീടുകളിലെയും സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരുന്നതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.