കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരം; മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്ന് പെൺകുട്ടി
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നും ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ വാർത്തയാണ് പുറത്തുവരുന്നത്. കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമത്തിന് പ്രതികാരമായി ഇരുപതുകാരിയായ കൊച്ചുമകൾ തന്റെ 75 കാരനായ മുത്തശ്ശനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പ്രദേശത്ത് വൻ നടുക്കമുണ്ടാക്കിയ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാരും പൊലീസും.
സംഭവദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് കൊലപാതകം അരങ്ങേറുന്നത്. ഇരുപതുകാരിയായ കൊച്ചുമകൾ തന്റെ ബൈക്കിൽ മുത്തശ്ശന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. കൈയിൽ ഒരു ക്രിക്കറ്റ് ബാറ്റും കരുതിയിരുന്നു. വീടിന്റെ വാതിൽ തുറന്ന മുത്തശ്ശിയുടെ മുന്നിലൂടെ നേരെ മുത്തശ്ശന്റെ മുറിയിലേക്ക് കടന്ന അവൾ ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയിലും മുഖത്തും നിരവധി തവണ ബാറ്റുകൊണ്ട് ആഞ്ഞടിച്ചു. അക്രമം കണ്ട് ഭയന്ന മുത്തശ്ശി ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ അരബിന്ദോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ പിന്നിലെ കാരണം പുറത്തുവരുന്നത്. കുട്ടി ചെറുപ്പകാലത്ത് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നത്. ആ സമയത്ത് മധ്യപ്രദേശ് സ്പെഷ്യൽ ആംഡ് ഫോഴ്സിൽ നിന്ന് വിരമിച്ച മുത്തശ്ശൻ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു എന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. അന്ന് താൻ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് അവർ ആ വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറുകയാണുണ്ടായത്.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടിക്കാലത്തെ ട്രോമ ആ യുവതിയുടെ മനസ്സിൽ കറുത്ത പാടായി അവശേഷിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസം രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട് യുവതിയും മാതാപിതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കം നടന്നിരുന്നു. വൈകി വീട്ടിൽ വന്നതിന് മാതാപിതാക്കൾ അവളെ ശകാരിക്കുകയും സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് കടുത്ത രോഷത്തോടെ അവൾ മാതാപിതാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. "എന്റെ സ്വന്തം വീട്ടിൽ വെച്ച് മുത്തശ്ശൻ എന്നെ ഉപദ്രവിച്ചപ്പോൾ നിങ്ങളാരും എനിക്ക് വേണ്ടി ശബ്ദമുയർത്തിയില്ലല്ലോ" എന്ന് പറഞ്ഞ് അവൾ പൊട്ടിത്തെറിച്ചു. ഈ കടുത്ത മാനസിക വേദനയും ദേഷ്യവുമാണ് ഒടുവിൽ ഒരു ജീവനെടുക്കാൻ അവളെ പ്രേരിപ്പിച്ചത്. വാക്കുതർക്കത്തിനിടയിൽ ബൈക്കിന്റെ താക്കോലുമെടുത്ത് ബാത്തുമായി നേരെ മുത്തശ്ശന്റെ അടുത്തേക്ക് പോകുകയായിരുന്നു എന്നാണ് മൊഴി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് അശോക് സിങ് ജദോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.