അറസ്റ്റിലായ കെ.വി. ശശികുമാറിനെ മലപ്പുറം പൊലീസ്​ സ്​റ്റേഷനിലെത്തിച്ചപ്പോൾ

പോക്​സോ കേസിൽ അറസ്റ്റിലായ മുൻ കൗൺസിലർക്കെതിരെ പുതിയ നാല്​​ കേസുകൾ​ കൂടി

മലപ്പുറം: പോക്​സോ കേസിൽ അറസ്റ്റിലായ മുൻ കൗൺസിലർക്കെതിരെ പുതിയ നാല്​​ കേസുകൾ​ കൂടി പൊലീസ് രജിസ്റ്റർ ​ചെയ്തു. മലപ്പുറം സെന്‍റ്​ ജെമ്മാസ്​ സ്കൂൾ റിട്ട. അധ്യാപകനും നഗരസഭ മുൻ സി.പി.എം കൗൺസിലറുമായ കെ.വി. ശശികുമാറിനെതിരെയാണ്​ പുതിയ പരാതിയിൽ വീണ്ടും പോക്​സോ വകുപ്പ്​ പ്രകാരം ഒരു എഫ്​.ഐ.ആറും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട്​ മൂന്ന്​ കേസുകളും മലപ്പുറം വനിത പൊലീസ്​ രജിസ്റ്റർ ​ചെയ്തത്​.

പോക്സോ നിയമം നിലവിലില്ലാത്ത 1990 കാലഘട്ടത്തിൽ സ്​കൂളിൽ നിന്ന്​ പഠനം കഴിഞ്ഞിറങ്ങിയവരുടെ പരാതിയിലാണ്​ പീഡനകേസുകൾ രജിസ്റ്റർ ​ചെയ്തത്​. 30 വർഷത്തോളമായി അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിനിരയായതായും സ്​കൂളിലെ​ ​പൂർവ വിദ്യാർഥി സംഘടന പ്രതിനിധി വാർത്തസ​മ്മേളനത്തിൽ ആരോപിച്ചതോ​ടെ പരാതികൾ ലഭിക്കുന്ന മുറക്ക്​ വെ​വ്വേറെ കേസുകൾ രജിസ്റ്റർ ​ചെയ്യുമെന്ന്​ പൊലീസ്​ വ്യക്​തമാക്കിയിരുന്നു.

മഞ്ചേരി സബ്​ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ജയി​ലിലെത്തിയാകും പുതിയ കേസുകളിലെ അറസ്റ്റ്​ രേഖപ്പെടുത്തുക. പുതിയ കേസിൽ ചോദ്യം ചെയ്യാനും ​തെളിവെടുപ്പിന്​ കൊണ്ടുപോകാനുമായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ പൊലീസ്​ ഉടൻ കോടതിയിൽ അപേക്ഷ നൽകുമെന്നാണ്​ വിവരം. അധ്യാപകൻ വിദ്യാർഥികളോട്​ മോശമായി പെരുമാറിയെന്ന്​ കാട്ടി സെന്‍റ്​ ജമ്മാസ്​ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന പൂർവ വിദ്യാർഥികളുടെ ആരോപണം അന്വേഷിക്കുമെന്ന് ശിശുക്ഷേമസമിതി ചെയർമാൻ ഷാജേഷ് ഭാസ്കർ വ്യക്​തമാക്കി​.

സ്കൂൾ അധികൃതർക്കെതിരെ പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്​​. അതിനിടെ ശശികുമാറിനെചൊല്ലി ​മലപ്പുറം നഗഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്​തർക്കമുണ്ടായി. വിദ്യാർഥിനികളെ പീഡിപ്പിച്ച ശശികുമാറിനെതിരെ നഗരസഭ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകണമെന്ന ഭരണപക്ഷ ആവശ്യത്തെ തുടർന്നായിരുന്നു തർക്കം. പരാതി നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്​. കേസിനു പിന്നാലെ കൗൺസിലർ സ്ഥാനം രാജിവെച്ച ശശികുമാറിനെ സി.പി.എമ്മും​ പുറത്താക്കിയിരുന്നു.

Tags:    
News Summary - Four new cases against former cpm councillor arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.