സുജിത്ത്, അഞ്ജൽ, എബിൻ, അതുൽകൃഷ്ണ
കൊരട്ടി: ബൈക്ക് സൈലൻസറിന്റെ അമിതശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ രണ്ട് യുവാക്കളെ കല്ല്, ഹെൽമറ്റ്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുരിങ്ങൂർ തെക്കുമുറി കട്ടപ്പുറം പുളിക്കൽ സുജിത്ത് (21), ചാലക്കുടി വി.ആർ. പുരം പടിഞ്ഞാറേതിൽ അഞ്ജൽ (21), മുരിങ്ങൂർ തെക്കുമുറി കട്ടപ്പുറം പുത്തൻപുരക്കൽ എബിൻ (22), കാതിക്കുടം പൂലൂത്ത് അതുൽകൃഷ്ണ (22) എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് 16ന് രാത്രി 11ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാതിക്കുടം സ്വദേശി സുധിയുടെ വീടിന് മുന്നിലൂടെ പ്രതികൾ രണ്ട് ബൈക്കുകളിൽ സൈലൻസറിൽനിന്ന് അമിത ശബ്ദമുണ്ടാക്കി പോയി. ഇത് കണ്ട് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന സുധി, എന്തിനാണ് ഇങ്ങനെ ശബ്ദമുണ്ടാക്കി പോവുന്നത് എന്ന് ചോദിച്ചു. ഇതിന്റെ പ്രകോപനത്താൽ പ്രതികൾ സുധിയെയും സ്ഥലത്തെത്തിയ അയൽവാസി ജിനേഷിനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
സുജിത്ത് കൊരട്ടി, ചാലക്കുടി, മാള, അതിരപ്പിള്ളി, നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി പോക്സോ, വധശ്രമം, അടിപിടി, പൊതുസ്ഥലത്ത് ലഹരി ഉപയോഗം, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചത് അടക്കം പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എബിൻ കൊരട്ടി സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലെ പ്രതിയാണ്.
അതുൽകൃഷ്ണ മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച രണ്ട് കേസുകളിലെ പ്രതിയാണ്. കൊരട്ടി എസ്.എച്ച്.ഒ ഹബീബുല്ല, എസ്.ഐമാരായ ബസന്ത്, സുമേഷ്, എ.എസ്.ഐമാരായ ജോഷി, ജോയ്, സി.പി.ഒ ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.