മുഹമ്മദ് ഷാൻ അഫ്സൽ
ശൂരനാട്: കഴിഞ്ഞ മൂന്നിന് അർധരാത്രിയിൽ പോരുവഴി കമ്പലടി കാഞ്ഞിരത്തുവടക്ക്, പ്ലാമൂട് എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.
കമ്പലടി ചാണായിക്കുന്ന് അമ്പലത്തിനുസമീപം കിണറുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഷാൻ, പോരുവഴി പനപ്പെട്ടി പുതുവെള്ളമുക്കിൽ അഫ്സൽ മൻസിലിൽ അഫ്സൽ എന്നിവരാണ് പിടിയിലായത്. പോരുവഴി 12ാം വാർഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് ബൈക്കിലെത്തിയ പ്രതികൾ നശിപ്പിച്ചത്.
അർധരാത്രിയിലായിരുന്നു സംഭവമെന്നതിനാൽ പ്രതികൾ ആരെന്ന് അറിയുക ബുദ്ധിമുട്ടായിരുന്നു. ശൂരനാട് പൊലീസ് രണ്ട് രാഷ്ട്രീയപാർട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്.
തുടർന്ന് ഒളിവിൽ പോയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ബൈക്കും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ ദീപുപിള്ള, ജി.എസ്.ഐ വിനയൻ, സി.പി.ഒ സന്ദീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.