പെൺകുഞ്ഞായതിനാൽ വളർത്താൻ പണമില്ല; ഡൽഹിയിൽ പത്ത് മാസം പ്രായമുള്ള മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊന്നു

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടാം മകളെ വളർത്താൻ കഴിയില്ലെന്ന കാരണത്താൽ പത്തുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അച്ഛൻ ശ്വാസംമുട്ടിച്ചുകൊന്നു. ഡൽഹിയിലെ ഭൽസ്വ ഡയറി മേഖലയിലാണ് സംഭവം. കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്ന് വീടിന്റെ സെപ്റ്റിക് ടാങ്കിൽ തള്ളിയ ശേഷം, കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് വരുത്തിതീർക്കാൻ ഇയാൾ നാടകമാടുകയും ചെയ്തു. സംഭവത്തിൽ പ്രതിയായ ദീപക് (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച പാൽ വാങ്ങാൻ പുറത്തുപോയ സമയത്ത് വീട്ടിൽ നിന്ന് കുഞ്ഞിനെ കാണാതായെന്ന് പറഞ്ഞാണ് ദീപക് പൊലീസിനെ സമീപിച്ചത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന പരാതി ലഭിച്ചതോടെ വിപുലമായ അന്വേഷണസംഘം രൂപവത്കരിച്ച് പൊലീസ് തിരച്ചിൽ ആരംഭിച്ചു. എന്നാൽ, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദീപക്കിന്റെ മൊഴിയിൽ കള്ളത്തരങ്ങൾ ഉള്ളതായി പൊലീസിന് മനസ്സിലായത്. ഇയാൾ പുറത്തുപോയെന്ന് പറയുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നും ദീപക്കിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ദീപക് കുറ്റം സമ്മതിച്ചു. താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും രണ്ടാമതൊരു പെൺകുഞ്ഞിനെ കൂടി വളർത്താനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്നുമുള്ള ഭയം കാരണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ദീപക് ഒരു സ്വകാര്യ സ്കൂളിലെ വാൻ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ദീപക് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വീടിന്റെ സെപ്റ്റിക് ടാങ്കിൽനിന്ന് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, സംഭവസമയത്ത് താനും മൂത്ത മകളും പെട്ടെന്ന് ബോധരഹിതരായി വീണുപോയെന്ന് ദീപക്കിന്റെ ഭാര്യ സൂര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യവും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള മറ്റ് വശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Father strangles 10-month-old daughter to death in Delhi as she has no money to raise her baby girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.