ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് കാറിൽ 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ എയർഹോസ്റ്റസും കൂട്ടാളിയും സൂറത്ത് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളായ മൻസി സെയ്ദ് (41), സൊഹൈൽ സുലൈമാൻ ഷെയ്ഖ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുംബൈ സാന്താക്രൂസ് സ്വദേശികളാണ്.
ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സൂറത്ത് ക്രൈംബ്രാഞ്ചിന് രഹസ്യവിവര ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ ടോൾ പോസ്റ്റിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംശയാസ്പദമായ കാർ തടഞ്ഞുനിർത്തിയത്.
കാർ പരിശോധിച്ച ഉദ്യോഗസ്ഥർ 977 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് ഏകദേശം 30 ലക്ഷം രൂപ വിലവരും. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും പാക്ക് ചെയ്യാൻ കരുതിയ പ്ലാസ്റ്റിക് ബാഗുകളും കണ്ടെയ്നറുകളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇവർ വഡോദരയിലേക്ക് പോയത്. ഇവിടെ റെയിൽവേ സ്റ്റേഷന് സമീപമുള്ള അജ്ഞാതയായ സ്ത്രീയിൽനിന്നാണ് മയക്കുമരുന്ന് കൈപ്പറ്റിയത്.
മുംബൈയിലെത്തിച്ച ശേഷം മയക്കുമരുന്ന് ചെറിയ പാക്കറ്റുകളാക്കിആവശ്യക്കാർക്ക് ചില്ലറയായി വിൽക്കാനായിരുന്നു പദ്ധതി.പ്രധാന പ്രതിയായ മൻസി സെയ്ദ് മുൻപ് മലേഷ്യൻ എയർലൈൻസിൽ എയർഹോസ്റ്റസായി ജോലി ചെയ്തിട്ടുണ്ട്. 2015 മുതൽ മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 2021ൽ മധ്യപ്രദേശിലെ ഇൻഡോറിൽ 100 ഗ്രാം മയക്കുമരുന്നുമായി പിടിയിലായ മൻസി, നാല് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ വിവിധ മയക്കുമരുന്ന് സംഘങ്ങളുമായി ഇവർക്ക് മുൻപ് ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മയക്കുമരുന്ന് കൈമാറിയ അജ്ഞാതയായ സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.