മസ്കത്ത്: സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തിന് നിരക്കാത്ത കണ്ടന്റ് പ്രദർശിപ്പിക്കുകയും ദേശീയ കറൻസിയെ അപമാനിക്കുകയും ചെയ്ത സ്വദേശി പൗരന് മസ്കത്തിലെ സീബ് പ്രാഥമിക കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. പരസ്യമായി അധാർമിക പ്രവൃത്തി ചെയ്തതിന് രണ്ട് മാസത്തെ തടവും, ഒമാൻ സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വിരുദ്ധമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിന് രണ്ട് മാസത്തെ തടവും കോടതി വിധിച്ചു. കൂടാതെ, ഐടി മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിച്ച് പൊതുജന ധാർമ്മികതക്ക് വിരുദ്ധമായ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് നാല് മാസത്തെ തടവും ഒമാനി റിയാലിനെ അനാദരിച്ചതിന് 150 ഒമാനി റിയാൽ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
തടവുശിക്ഷകൾ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ഏറ്റവും ഉയർന്ന ശിക്ഷയായ നാലു മാസത്തെ തടവാണ് പ്രതി അനുഭവിക്കേണ്ടി വരിക. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് റദ്ദാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒമാനി പരമ്പരാഗത വസ്ത്രം ധരിച്ച് സോഷ്യൽ മീഡിയയിലൂടെ മോശം നൃത്തചലനങ്ങൾ പ്രദർശിപ്പിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. മറ്റൊരു വ്യക്തി ഒമാനി വസ്ത്രം ധരിച്ച ദൃശ്യങ്ങൾ പകർത്തി ഇയാൾ ഓൺലൈനിൽ പങ്കുവെച്ചിരുന്നു. ഒമാനി കറൻസി നോട്ടുകൾ മറ്റൊരു വ്യക്തിയുടെ മേൽ വെച്ചും പണം അനാദരവോടെ കൈകാര്യം ചെയ്തും വീഡിയോ ചിത്രീകരിച്ചത് കറൻസിയോടുള്ള കടുത്ത അവഹേളനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സീബ് അപ്പീൽ കോടതി പ്രതിയുടെ അപ്പീൽ സ്വീകരിച്ചുവെങ്കിലും കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. എന്നാൽ തടവുശിക്ഷ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ അപ്പീൽ കോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും പൊതുസമാധാനവും സാമൂഹിക മൂല്യങ്ങളും, ധാർമ്മികതയും മാനിച്ചുകൊണ്ടായിരിക്കണമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.