ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോഴിക്കോട് എരഞ്ഞിപ്പാലത്തെ ജഗത്തിന്റെ വീട്ടിൽ പരിശോധന നടത്തുമ്പോൾ കാവൽനിൽക്കുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ ഇ.ഡി അന്വേഷണം, നാലിടങ്ങളിൽ പരിശോധന
കൊച്ചി: പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കഞ്ചാവ് കടത്തിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് ഇ.ഡി അന്വേഷണം. ഇതിന്റെ ഭാഗമായി കോഴിക്കോട്ടും പാലക്കാട്ടും രണ്ടിടത്ത് വീതം വ്യാഴാഴ്ച ഇ.ഡി പരിശോധന നടത്തി. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാത്തിൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്താണ് ഇ.ഡി അന്വേഷണം.
‘ഓപറേഷന് തൂഫാ’ന്റെ ഭാഗമായ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ സ്വദേശി ആയുഷ്, പെൺസുഹൃത്ത് അനിക എന്നിവർ പിടിയിലായത്. ബൈക്കിൽ കടത്തിയ 1.16 കിലോ കഞ്ചാവുമായി ആദ്യം ആയുഷ് പിടിയിലാവുകയായിരുന്നു. തുടർന്ന് പെരുമ്പാവൂരിലെ ഇയാളുടെ വാടക ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 17 കിലോ കഞ്ചാവും അനികയും പിടിയിലായത്. വിശദമായ അന്വേഷണത്തിൽ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ജഗദ് അടക്കം രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിൽ കണ്ണികളായ എട്ടുപേർ കൂടി അറസ്റ്റിലായി.
അബൂതാഹിറാണ് സംഘത്തിലെ പ്രധാനി. തായ്ലൻഡിലുള്ള അബൂതാഹിറിനെ കണ്ടെത്താൻ അന്വേഷണം നടന്നുവരുന്നു. തായ്ലൻഡിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് കഞ്ചാവ് കേരളത്തിൽ എത്തിച്ചത്. ഇതിനായി വിസയും ടിക്കറ്റും പണവും നൽകി ഏജന്റുമാരെ തായ്ലൻഡിലേക്ക് അയച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കഞ്ചാവ് വിമാനത്താവളത്തിന് പുറത്തുവെച്ച് വാങ്ങി വിൽപന നടത്തുകയാണ് ചെയ്തുവന്നത്.
ലഹരിക്കടത്തിലൂടെ ലഭിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്നും ഇതിനുപിന്നിൽ കള്ളപ്പണ ഇടപാടുകൾ ഉണ്ടോയെന്നുമാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വിദേശത്തുനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന വൻ ശൃംഖല ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു.
കോഴിക്കോട്ട് രണ്ടിടത്ത് പരിശോധന
കോഴിക്കോട്: നഗരത്തിൽ രണ്ടിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലുൾപ്പെട്ട എരഞ്ഞിപ്പാലം നാഗത്താൻ പറമ്പ് ജഗത്, ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ജയ്സൽ എന്നിവരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തിയത്. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇ.ഡി എറണാകുളം യൂനിറ്റിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി പരിശോധന നടത്തിയത്. സി.ആർ.പി.എഫിന്റെ അകമ്പടിയോടെയായിരുന്നു പരിശോധന. പരിശോധന വൈകീട്ടുവരെ നീണ്ടു. ലഹരിവസ്തുക്കളുടെ വിൽപനക്ക് പിന്നിൽ കള്ളപ്പണ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഇ.സി.ഐ.ആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്താണ് ഇ.ഡി അന്വേഷണം നടത്തുന്നത്. സാമ്പത്തിക സ്രോതസ്സുകൾ, ഹവാല ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, ബിനാമി സ്വത്തുക്കൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ശേഖരിച്ചത്. ജഗതിന്റെ വീട്ടിൽ അമ്മയും സഹോദരിയും ജയ്സലിന്റെ വീട്ടിൽ ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവരിൽനിന്നും ഇ.ഡി സംഘം വിവരങ്ങൾ ശേഖരിച്ചു.
പാലക്കാട്ടും പരിശോധന
പാലക്കാട്: എറണാകുളം പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ കള്ളപ്പണ ഇടപാട് അന്വേഷിച്ച് പാലക്കാട്ടും ഇ.ഡി പരിശോധന. കോങ്ങാട്, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാവിലെ ഇ.ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. ലഹരിസംഘത്തിലെ പ്രധാനിയായ കോങ്ങാട് പൂതനൂര്‍ സ്വദേശി അബൂതാഹിറിന്റെയും ചെര്‍പ്പുളശ്ശേരി വീരമംഗലം വലിയപറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്റെയും (23) വീടുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
അബുതാഹിറിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസും ഒരു കേസെടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 79 ലക്ഷം രൂപ അയച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മണല്‍ എത്തിക്കുന്ന ജോലി ചെയ്തിരുന്ന അബൂതാഹിർ പിന്നീട് ഹോട്ടല്‍ ബിസിനസ് രംഗത്തേക്ക് ഉള്‍പ്പെടെ കടന്നതായി പറയുന്നു. ഇടക്കിടെ വിദേശയാത്രകളും നടത്തിയിരുന്നു. സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് ഹരികൃഷ്ണന്. പൊലീസിനെ പോലും അറിയിക്കാതെയായിരുന്നു കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘത്തിന്റെ മിന്നല്‍ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.