മജേഷ് എബ്രഹാം ജോൺ
പത്തനംതിട്ട: സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിലോ കണക്കിന് കഞ്ചാവ് കടത്തിയതിന് വിവിധ എക്സൈസ് റേഞ്ച് ഓഫിസുകളിലെ മയക്കുമരുന്ന് കേസുകളിൽപ്പെട്ട യുവാവ് പിടിയിലായി.
തിരുവല്ല കവിയൂർ, വടശ്ശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോണാണ് (44) മാരുതി കാറിൽ കടത്തിക്കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന് കേസുകൾ കണ്ടെത്തുന്നതിനായി നടത്തിവരുന്ന സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയുടെ ഫലമായിട്ടാണ് അറസ്റ്റ്.
തമിഴ്നാട്ടിൽ പോയി കിലോകണക്കിനു കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് 25 ഗ്രാം വീതമുള്ള പൊതികളാക്കി വിൽപന നടത്തുകയാണ് പ്രതിയുടെ രീതി. പൊതി ഒന്നിനു 2000 രൂപ നിരക്കിലാണ് വിൽപന. സ്വന്തമായി തമിഴ്നാട്ടിൽപോയി വീര്യംകൂടിയ കഞ്ചാവ് കണ്ടെത്തി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതിനാൽ മജേഷിന്റെ കഞ്ചാവിന് വൻ ഡിമാൻഡാണ്. വിദ്യാർഥികളും യുവാക്കളുമാണ് മജേഷിന്റെ പ്രധാന ഉപഭോക്താക്കൾ.
സാധാരണ ഒരു കിലോഗ്രാമിൽ താഴെയുള്ള കഞ്ചാവ് കേസുകൾക്ക് ഉടനടി ജാമ്യം ലഭിക്കുകയാണ് പതിവ്. എന്നാൽ, രണ്ടിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എം. പ്രദീപിന്റെ നിർദേശപ്രകാരം സ്പെഷൽ റിപ്പോർട്ട് സഹിതം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ സുശീൽ കുമാർ, അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പത്മകുമാർ , പ്രവീൺ, ഷാദിലി ബഷീർ, ജ്യോതിഷ്, അനന്ദു വിജയദാസ്, സുമോദ് കുമാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.