കൊച്ചി: കൊറിയര്‍ സര്‍വിസ് വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ ഒരാൾ കൂടി പൊലീസ് പിടിയിൽ. പനമ്പിള്ളി നഗര്‍ സ്വദേശി അമല്‍ നായരാണ് (38) പിടിയിലായത്. ചേരാനല്ലൂരിലെ ഒരു കൊറിയര്‍ സര്‍വിസിലേക്ക് വ്യാജ വിലാസത്തില്‍ വന്ന പാര്‍സല്‍ കവറില്‍ 18 ഗ്രാം മെത്ത് ആംഫിറ്റമിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചേരാനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി.
കായംകുളം പെരിങ്ങാല സ്വദേശിയായ അജ്മല്‍ (33), കാസര്‍കോട് പടന്ന സ്വദേശി സമീര്‍ (36) എന്നിവരാണ് നേരത്തേ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമല്‍ നായരെ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ആഡംബര ഫ്ലാറ്റില്‍ നിന്ന് പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.
എറണാകുളത്ത് 'പപ്പടവട' എന്ന ഹോട്ടല്‍ ശൃംഖല നടത്തി സാമ്പത്തിക ബാധ്യതകള്‍ വന്നശേഷമാണ് മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ബാംഗ്ലൂരു നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മോഡലുകളെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതിന്റെ മറവില്‍ പ്രതിയായ അമല്‍നായര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഗലയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ശശിധരൻ.എസ്, എറണാകുളം സെന്‍ട്രല്‍ എ.സി.പി സി. ജയകുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം ചേരാനല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.ജി. വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ തോമസ് കെ.എക്സ്, എസ്.ഐ വിജയകുമാര്‍, എ.എസ്.ഐ ബിനു കെ.ബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിഘോഷ്, നസീര്‍, അനീഷ്, ദിനൂപ്, സിവില്‍ പൊലീസ് ഓഫീസറായ വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.