പ്രദീപൻ
പന്തീരാങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപന നടത്തിയ പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ (38) നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസഫ്) പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.76 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു.
അറസ്റ്റിലായ പ്രദീപന്റെ പേരിൽ കോഴിക്കോട് ജില്ലയിലെ ചേവായൂർ, ഫറോക്ക്, കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലുമായി മുപ്പതോളം വിവിധ കേസുകളുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണെന്നും ബ്രൗൺഷുഗർ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡാൻസഫ് സ്ക്വാഡ് ആഴ്ചകളായി വീട് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളിൽനിന്ന് പിടികൂടിയ മയക്കുമരുന്നിന്ന് വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപയുണ്ട്.
മലപ്പുറം കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതിനാൽ പരിസരവാസികൾക്ക് സംശയമുണ്ടായിരുന്നില്ല. മത്സ്യബന്ധന ബോട്ടുണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് വാടകക്ക് താമസിച്ചത്. ഇയാളുടെ ഇടപാടുകാരെ കുറിച്ചും മയക്ക്മരുന്ന് കൊണ്ടുവരുന്ന സ്ഥലത്തെ കുറിച്ചും വിവരമറിയാൻ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ച് വിശദമായ അനേഷണം നടത്തുന്നുണ്ട്. പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാറിനാണ് അന്വേഷണ ചുമതല. ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്, കെ. അഖിലേഷ്, അനീഷ് മൂസൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ, അജിത്, പി. ശ്രീജിത്കുമാർ, എം. രഞ്ജിത്ത്, ശാലിനി, ശ്രുതി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതി റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.