നൈറ്റ് പാർട്ടിയിൽ ലഹരിവേട്ട; ആന്ധ്ര ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ ഉൾപ്പെടെ 7 പേർ പിടിയിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ കൊണ്ടപ്പൂരിലെ പ്രമുഖ പബ്ബിൽ തെലങ്കാനയിലെ പ്രത്യേക ലഹരി വിരുദ്ധ സേനയായ ഈഗിൾ നടത്തിയ മിന്നൽ റെയ്ഡിൽ പ്രമുഖർ വലയിലായി. ആന്ധ്രപ്രദേശിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ, സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ബിസിനസുകാർ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടികൂടിയത്. അന്താരാഷ്ട്ര പ്രശസ്തനായ ഡി.ജെ 'ബ്ലാക്ക് കോഫി' പങ്കെടുത്ത സ്പെഷൽ പാർട്ടിക്കിടെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം.

പബ്ബിൽ വൻതോതിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് റെയ്ഡ് നടത്തിയത്. പാർട്ടിക്കെത്തിയവരിൽ ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന 64 പേരെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. തുടർന്ന് അഞ്ചു പേരെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയപ്പോൾ നാല് പേരുടെ ഫലം പോസിറ്റീവായി. പിന്നാലെ നടത്തിയ വിശദമായ പരിശോധനയിൽ കഞ്ചാവ്, മെത്താംഫെറ്റമിൻ, ബെൻസോഡിയാസെപൈൻ എന്നിവ ഉപയോഗിച്ച ഏഴ് പേരെ സ്ഥിരീകരിക്കുകയായിരുന്നു.

പിടിയിലായവരിൽ മൂന്ന് പേർ തായ്‌ലൻഡിൽ വെച്ചും ഒരാൾ ബ്രിട്ടനിൽ വെച്ചുമാണ് കഞ്ചാവ് ഉപയോഗിച്ചതെന്ന് മൊഴി നൽകി. മറ്റൊരാൾ ഹിമാചൽ പ്രദേശിൽനിന്നും ബാക്കി രണ്ട് പേർ ഹോളി ആഘോഷത്തിനിടെയുമാണ് ലഹരി ഉപയോഗിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ഇവരുടെ മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ലഹരിവിമുക്ത പ്രവർത്തനങ്ങൾക്ക് വിധേയരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഗച്ചിബൗളി പൊലീസുമായി സഹകരിച്ചാണ് ഈഗിൾ ഫോഴ്സ് ഈ ഓപറേഷൻ പൂർത്തിയാക്കിയത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക യൂറിൻ ഡ്രഗ് ടെസ്റ്റ് കിറ്റുകളാണ് ഉദ്യോഗസ്ഥർ ഉപയോഗിച്ചത്. പിടിയിലായവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. ഹൈദരാബാദിലെ പബ്ബുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം.

Tags:    
News Summary - Drug bust at night party; 7 people including Andhra IAS officer's son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.