ചങ്ങനാശ്ശേരി: കൊലപ്പെടുത്തിയ ശേഷം ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചിടാൻ തൂമ്പയും കമ്പിപ്പാരയും സംഘടിപ്പിച്ചത് സമീപത്തെ വീടുകളിൽനിന്ന്. തെളിവെടുപ്പിനിടെ പ്രതി മുത്തുകുമാർ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച തൂമ്പയും കമ്പിപ്പാരയും സമീപ വീടുകളിലെത്തി പൊലീസിനു കാണിച്ചുകൊടുത്തു. കമ്പിപ്പാര പ്രതിയുടെ വീടിന് സമീപത്തെ വീട്ടിൽനിന്നാണ് വീട്ടുകാരറിയാതെ എടുത്തത്. പിറ്റേന്ന് രാവിലെ പ്രതി കമ്പിപ്പാര തിരികെവെക്കുന്നത് വീട്ടുടമസ്ഥ കാണുകയും അനുവാദമില്ലാതെ എടുത്തത് ചോദ്യംചെയ്യുകയും ചെയ്തു.
കമ്പിപ്പാരയുടെ തുമ്പ് വളഞ്ഞിരിക്കുന്ന കാര്യം വീട്ടുടമസ്ഥ പറഞ്ഞതോടെ മുത്തുകുമാർ ചുറ്റിക ഉപയോഗിച്ച് നിവർത്തിക്കൊടുത്തതായി വീട്ടുടമസ്ഥ പൊലീസിനോട് പറഞ്ഞു. തൂമ്പ സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് പുല്ലുചെത്താനെന്ന് വ്യാജേന ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിയുമായി സംഭവം നടന്ന വീട്ടിലെത്തി. കൊലപാതകം നടത്തിയ രീതി പൊലീസിന് കാണിച്ചുകൊടുത്തു. കൊല്ലപ്പെടുത്താൻ നേരത്തേ തീരുമാനിച്ച പ്രതികൾ ഇതിനായി ബിന്ദുകുമാറിനെ ചങ്ങനാശ്ശേരി പൂവത്തെ മുത്തുകുമാറിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് നിഗമനം.
സംഭവത്തിനുമുമ്പ് പ്രതികളും ബിന്ദുകുമാറും വീട്ടിൽ തയാറാക്കിവെച്ചിരുന്ന ഭക്ഷണവും മദ്യവും കഴിച്ചു. ഇതിനിടെ പ്രതി മുത്തുകുമാർ ബിന്ദുകുമാറിന്റെ പിറകിൽനിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികൾ ക്രൂരമായി മർദിക്കുകയുമായിരുന്നു. ബിന്ദുകുമാർ മരിച്ചെന്ന് വ്യക്തമായതോടെ കുഴിച്ചുമൂടാൻ തീരുമാനിച്ചു. ഇതിനായി നേരത്തേ വാങ്ങിവെച്ചിരുന്ന തൂമ്പയും സമീപത്ത വീട്ടിൽനിന്ന് കൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളുയോട് ചേർന്നുള്ള ചായ്പ്പില് പ്രതികൾ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മൂടിയശേഷം കരുതിവെച്ചിരുന്ന സിമന്റ് ഉപയോഗിച്ച് തറ തേച്ചുമിനുക്കി. സിമന്റ് മുക്കാട്ടുപടിയിൽനിന്നും തേക്കാനുപയോഗിച്ച കരണ്ടി മാർക്കറ്റ് റോഡിലെ കടയിൽനിന്നും വാങ്ങിയതായി മുത്തുകുമാർ മൊഴി നൽകി.
വീടിനുള്ളിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും വെള്ളക്കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെടുത്തു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സി.ജി. സനൽകുമാർ സി.ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം തെളിവെടുപ്പിനായി പൂവത്തെ വീട്ടിലെത്തിച്ചത്.
ചങ്ങനാശ്ശേരി: കൊല്ലപ്പെട്ട ബിന്ദുകുമാറിന് ക്രൂരമർദനം ഏറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മർദനമേറ്റതായി കണ്ടെത്തിയത്. കടുത്ത മർദനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാരിയെല്ലുകൾ ഒടിഞ്ഞനിലയിലാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. പ്രതികൾ ചേർന്ന് ബിന്ദുകുമാറിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയശേഷം കുഴിച്ചിട്ടതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. വൈകീട്ട് 4.30യോടെ മുത്തുകുമാറിനെ കൃത്യം നടത്തിയ പൂവം കടത്തിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാൾ കുറ്റകൃത്യം നടത്തിയത് പൊലീസിന് കാണിച്ചുകൊടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
കൂട്ടു പ്രതികളെ കൂടി ലഭിച്ചാലെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. കൊലപാതക കാരണമടക്കം വ്യക്തമാക്കാൻ പ്രതിയെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ മൂന്ന് സി.ഐമാരും എസ്.ഐമാരും അടങ്ങുന്ന 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.