അധ്യാപികയെ അപകീർത്തിപ്പെടുത്തി; മൂന്ന് അധ്യാപകർ അറസ്റ്റിൽ

മംഗളൂരു: അധ്യാപികക്കെതിരെ ഗുരുതര അപകീർത്തി പ്രചാരണം നടത്തിയതിന് മാംഗളൂർ സർവകലാശാലക്കുകീഴിലെ മൂന്നു അധ്യാപകരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മാംഗളൂർ സർവകലാശാലക്കുകീഴിലെ കോളജുകളിലെ ലെക്ചറർമാരായ ബെൽത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കട്ട സ്വദേശിയും സാമ്പത്തികശാസ്ത്രം ലെക്ചററുമായ പ്രദീപ് പൂജാരി (36), കോളജ് ഫിസിക്കൽ ഡയറക്ടർ താരാനാഥ് ഷെട്ടി (36) എന്നിവരാണ് അറസ്റ്റിലായത്. മാംഗളൂർ സർവകലാശാലക്കു കീഴിലുള്ള ബെൽത്തങ്ങാടിയിലെ ഒരു കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രതികൾ നടത്തിയ പ്രചാരണമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബെൽത്തങ്ങാടിയിലെ കോളജിൽ അധ്യാപികക്ക് നിയമനം നൽകിയതിനെതിരെ പ്രതികൾ നടത്തിയ അതിഗുരുതരവും ആസൂത്രിതവുമായ പോസ്റ്റർ പ്രചാരണമാണ് അറസ്റ്റിൽ എത്തിയത്.

അധ്യാപികയെ 'കാൾ ഗേൾ' ആയി ചിത്രീകരിച്ചുകൊണ്ട് അവരുടെ ഫോൺ നമ്പറുകളും മെയിൽ ഐ.ഡിയും ഉൾപ്പെടുത്തി ഇൻലൻഡ് കത്ത് വഴി മാംഗളൂർ സർവകലാശാലക്കുകീഴിലെ എല്ലാ കോളജുകൾക്കും പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും അയച്ചുകൊടുത്തു.

പിന്നാലെ അധ്യാപികയുടെ ചിത്രവും ഫോൺ നമ്പറുകളും ഉൾപ്പെടുത്തി പോസ്റ്റർ തയാറാക്കി സുള്ള്യ, സംബാജെ, സുബ്രഹ്മണ്യ, ചിക്കമഗളൂരു, മുഡിഗരെ, മടിക്കേരി, മൈസൂരു, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ പതിച്ചു. വലിയ പ്രയത്നമാണ് പ്രതികൾ നടത്തിയത്. പോസ്റ്റർ പതിച്ചുതുടങ്ങിയതോടെ, ഇരയായ അധ്യാപികക്ക് നിരവധി ഫോൺ കാളുകൾ ലഭിച്ചു. വളരെ മോശമായ പരാമർശങ്ങളും ആവശ്യങ്ങളും ഉയർത്തി ഫോണും മെയിലുമായി 800ലധികം സന്ദേശങ്ങൾ ലഭിച്ചതായി അധ്യാപിക പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

അവർ മാനസികമായി പീഡിപ്പിക്കപ്പെട്ടു. നിയമനം ലഭിച്ച കോളജിൽനിന്നും അവർ രാജിവെച്ചു. ശേഷം മറ്റൊരു പ്രശസ്തമായ കോളജിൽ നിയമനം ലഭിച്ചു. നിരവധി വർഷത്തെ സേവനമുള്ള അധ്യാപികക്ക്, മികച്ച അധ്യാപനത്തിനും മറ്റുമായി മൂന്ന് കർണാടക സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അധ്യാപികയുടെ നിയമനം വൈസ് ചാൻസലറാണ് നടത്തിയത്. സംവരണം പാലിക്കാതെ ജാതി താൽപര്യം നോക്കിയാണ് നിയമനം എന്നതാണ് പ്രതികളുടെ എതിർപ്പിനു കാരണമെന്നും പറയുന്നു.

Tags:    
News Summary - Defamation of Teacher; Three male teachers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.