കോഴിക്കോട്: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ രണ്ടാംപ്രതിക്കായി കസബ പൊലീസിന്റെ ഊർജിതാന്വേഷണം. കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ താനൂർ കുന്നുംപുറം പള്ളിവീട്ടിൽ സമദിന്റെ കൂട്ടാളി ഗൂഡല്ലൂർ സ്വദേശി സുലൈമാനായുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പലഭാഗത്തും ഇയാൾ നേരത്തെ സഞ്ചരിച്ചതിനാൽ മൂന്നുസംസ്ഥാനങ്ങളിലും അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊബൈൽ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ അറസ്റ്റിലായ സമദ് പൊലീസിന് കൈമാറിയിട്ടുണ്ട്. സൈനബയിൽനിന്ന് കവർന്ന 15 പവനിലേറെ വരുന്ന സ്വർണാഭരണവും മൂന്നുലക്ഷത്തോളം രൂപയും സുലൈമാൻ കൈവശപ്പെടുത്തിയെന്നാണ് സമദിന്റെ മൊഴി. എന്നാൽ, ഇക്കാര്യം പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. എത്ര പവൻ ആഭരണങ്ങൾ ഉണ്ടായിരുന്നു, എത്ര തുക ഉണ്ടായിരുന്നു എന്നതിലെല്ലാം ഇനിയും വ്യക്തതവരാനുണ്ട്.
സൈനബയെ കാണാനില്ലെന്നുള്ള ഭർത്താവിന്റെ പരാതിക്കൊപ്പമുള്ള മൊഴിയിലാണ് 15 പവനിലേറെ ആഭരണം ധരിച്ചിരുന്നുവെന്നും കൈവശം മൂന്നുലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നും പറയുന്നത്.
അതേസമയം, സൈനബയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം അടക്കമുള്ളതിൽ ശാസ്ത്രീയ തെളിവുകൾ പൊലീസിന് ലഭിക്കുകയുള്ളൂ. വാടകക്കെടുത്ത കാറിൽവെച്ച് ഇരുവരും ചേർന്ന് ഷാൾ കഴുത്തിൽ മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തിയതെന്നാണ് സമദിന്റെ മൊഴി.
കൊലക്കും മൃതദേഹം ഉപേക്ഷിക്കുന്നതിനുമെല്ലാം മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതിലും അന്വേഷണം നടത്തുന്നുണ്ട്. ഒന്നാംപ്രതിയുടെ മൊഴികൾ സത്യമാണോ എന്ന് ഉറപ്പിക്കണമെങ്കിൽ രണ്ടാംപ്രതിയെയും അറസ്റ്റുചെയ്ത് ചോദ്യം ചെയ്യണമെന്നും കൂടുതൽ തെളിവുകൾ സമാഹരിക്കണമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. സമദും സുലൈമാനും ചേർന്ന് നവംബർ ആറിന് തിരൂരിലെ ലോഡ്ജിൽ ഗൂഢാലോചന നടത്തി സുഹൃത്തിന്റെ ആൾട്ടോ കാർ വാടകക്കെടുത്ത് ഏഴിന് ഉച്ചയോടെയാണ് കോഴിക്കോട്ടുനിന്ന് പ്രലോഭിപ്പിച്ച് സൈനബയെ കടത്തിക്കൊണ്ടുപോയത്.
ആദ്യം താനൂരിലെത്തിച്ച ഇവരെ പിന്നീട് അരീക്കോട് വഴി കോഴിക്കോട്ടേക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് കൊലപ്പെടുത്തിയത്. തുടർന്ന് സ്വർണവും പണവും കൈക്കലാക്കിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയിൽ ഉപേക്ഷിക്കുകയും ഇരുവരും ഗൂഡല്ലൂരിലേക്ക് പോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.