പുതുച്ചേരി: പഠനത്തില്‍ മകളേക്കാൾ മികവ് പുലര്‍ത്തിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ ജ്യൂസ് പാക്കറ്റില്‍ വിഷം കലർത്തി നൽകി കൊലപ്പെടുത്തി. പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് സംഭവം. കാരക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും രാജേന്ദ്രൻ-മാലതി ദമ്പതികളുടെ മകനുമായ ബാലമണികണ്ഠനാണ് (13) മരിച്ചത്. സംഭവത്തിൽ സഹപാഠിയുടെ മാതാവ് സഹായറാണി വിക്ടോറിയയെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
ബാലമണികണ്ഠന്‍ ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിഷം അകത്തുചെന്നതായി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷ ജീവനക്കാരന്‍ ജ്യൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സുരക്ഷ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞെത്തിയ സ്ത്രീയാണ് ജ്യൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്ന് ഇയാൾ അറിയിച്ചു. തുടര്‍ന്ന് സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരക്കല്‍ സിറ്റി പൊലീസ് സഹായറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. ശീതളപാനീയമല്ല, ബിസ്‌ക്കറ്റ് മാത്രമാണ് നൽകിയതെന്നാണ് ആദ്യം ഇവർ പറഞ്ഞത്. എന്നാൽ ശീതളപാനീയം നൽകിയതായി സി.സി.ടി.വി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു. പരീക്ഷകളില്‍ തന്റെ മകളേക്കാള്‍ മണികണ്ഠന്‍ കൂടുതൽ മാര്‍ക്ക് നേടുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് അവസാനം ഇവർ വെളിപ്പെടുത്തുകയായിരുന്നു.
ബാല മണികണ്ഠൻ സഹായറാണിയുടെ മകളേക്കാൾ നന്നായി പഠിക്കുന്നുണ്ടെന്നും നിലവിലെ പരീക്ഷയിൽ ക്ലാസിൽ ഒന്നാം റാങ്ക് നേടിയതായും കൂടുതൽ അന്വേഷണത്തിൽ വ്യക്തമായി. സ്‌കൂൾ വാർഷിക കലാപരിപാടികളിലും ബാല മണികണ്ഠൻ പ്രതിഭ തെളിയിച്ചിട്ടുണ്ട് .
ചികിത്സയിലിരിക്കെ രാത്രി വൈകിയാണ് മണികണ്ഠന്‍ മരിച്ചത്. മികച്ച ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം–ചെന്നൈ ദേശീയപാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു. സഹായറാണിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.