കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവും അനുഭവിക്കേണ്ടി വരും. ഭാര്യ ബിന്ദുവിനെ (30) കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷിനെയാണ് (42) ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്.
2015 മാർച്ച് നാലിന് ഉണ്ടായ സംഭവത്തിലാണ് കേസിൽ വിധിയുണ്ടായത്. നിരന്തരം മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് രാജേഷിന്റെ പതിവായിരുന്നു. സംഭവദിവസവും രാജേഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് ഭാര്യയെ തള്ളി കിണറ്റിലിടുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയശേഷം രാജേഷ് ഭാര്യയെ ചവിട്ടി മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ കോടതിയിൽ മൊഴിനൽകി. പ്രദേശവാസികളും പ്രതിയുടെ അയൽവാസികളും ഇയാൾക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ 34 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 27 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗിരിജ ബിജു, അഡ്വ. മഞ്ജു മനോഹർ, അഡ്വ. എം.ആർ. സജ്നമോൾ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.