നവവരന്റെ ദാരുണാന്ത്യം: അത് ഹോം തിയറ്റർ ബോംബായിരുന്നു, നൽകിയത് വധുവിന്റെ മുൻ കാമുകൻ; പൊലീസ് അറസ്റ്റ് ചെയ്തു

റായ്പൂര്‍: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻകാമുകൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് കബീർധാമിലെ രെൻഗാഖറിൽ ഹെമേന്ദ്ര മെരാവി (30), സഹോദരൻ രാജ്കുമാർ എന്നിവർ കൊല്ല​പ്പെട്ട കേസിൽ ഹെമേന്ദ്രയുടെ ഭാര്യയുടെ മുൻകാമുകൻ സർജു മർകം(33) ആണ് അറസ്റ്റിലായത്. കാമുകിയെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി വെളിപ്പെടുത്തി.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സർജു. ചൊവ്വാഴ്ച 100 കിലോമീറ്റർ അകലെയുള്ള ബാലാഘട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 29 കാരിയായ യുവതിയുമായി സർജു അടുപ്പത്തിലായിരുന്നു. തന്റെ രണ്ടാം ഭാര്യയാകണമെന്ന് ഇയാൾ ശഠിച്ചിരുന്നുവത്രെ. എന്നാൽ യുവതിയുടെ കുടുംബത്തിന് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതേക്കുറിച്ച് ഒന്നും അറിയാതെയാണ് ഹേമേന്ദ്രയുമായി വിവാഹം നിശ്ചയിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.

രോഷാകുലനായ സർജു പ്രതികാരം ചെയ്യാൻ ഇലക്‌ട്രോണിക്‌സ് കടയിൽ നിന്ന് ഹോം-തിയറ്റർ സംവിധാനം വാങ്ങി, സ്പീക്കറിനുള്ളിൽ 2 കിലോ സ്‌ഫോടകവസ്തുക്കൾ നിറച്ച്, ബോംബായി രൂപാന്തരപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുമ്പ് ഇൻഡോറിലെ ഒരു ക്രഷറിൽ ജോലി ചെയ്‌തിരുന്ന സർജുവിന് സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനായിരുന്നു. വിവാഹത്ത​ലേന്ന് വരന്റെ വീട്ടിൽ പോയ ഇയാൾ കുടുംബാംഗത്തിന് ഹോംതിയറ്റർ കൈമാറി ആരും അറിയാതെ തടിയൂരി.

മൂന്ന് ദിവസത്തിന് ശേഷം തിങ്കളാഴ്ച കുടുംബം 'സമ്മാനം' തുറന്നു. കൂട്ടത്തിലുണ്ടായിരുന്ന ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്ലഗിൽ കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര​സ്ഫോടനത്തിൽ വീടിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഹോദരന്‍ രാജ്കുമാറിനെ (30) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം ഏഴുപേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോം തിയറ്ററിൽ ആരോ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതാണെന്ന് കണ്ടെത്തി. അതിനിടെ, ഹോം തിയറ്റർ സ്ത്രീധനമായി വധുവിന്റെ വീട്ടുകാർ നൽകിയതാണെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, വധുവിന്റെ വീട്ടുകാർ അത് നിഷേധിക്കുകയും ദമ്പതികൾക്ക് സമ്മാനമായി നൽകിയ സാധനങ്ങളുടെ ലിസ്റ്റ് പൊലീസിന് കൈമാറുകയും ചെയ്തു. സ്‌ഫോടകവസ്തുക്കൾ ഉൾപ്പെട്ടതിനാലും കബീർധാം പ്രശ്നബാധിത പ്രദേശമായതിനാലും തുടക്കത്തിൽ മാവോയിസ്റ്റുകളുടെ ബന്ധത്തെക്കുറിച്ചും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.

വധുവിന്റെയും വരന്റെയും സുഹൃത്തുക്കളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സർജുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Bride’s ex-lover arrested for gifting ‘home-theatre bomb’ that killed groom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.