ബംഗളൂരു: ബംഗളൂരുവിലെ ആശുപത്രിയിൽ ഡോക്ടറായി ആൾമാറാട്ടം നടത്തി രോഗികളുടെ സ്വർണം കവർന്നു. വിവേക് നഗറിലെ സെന്‍റ് ഫിലോമിന ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ പോലെ വേഷം ധരിച്ചെത്തിയ യുവതി രോഗികളെ പരിശോധിക്കാനെന്ന വ്യാജേന വാർഡിലെത്തുകയും സ്വർണം കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വാർഡിലെത്തിയ യുവതി 72കാരിയായ സരസ് എന്ന രോഗിയുടെ അടുത്തെത്തി ഡോകടറാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന മകനോട് രോഗിയെ പരിശോധിക്കണമെന്നും പുറത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടു. പത്ത് മിനിറ്റു കഴിഞ്ഞ് പുറത്തേക്ക് വന്ന ഇവർ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനെ അറിയിച്ചു.
പിന്നാലെ നേഴ്സ് പരിശോധിക്കാനെത്തിയപ്പോൾ സംശയം തോന്നിയ മകൻ ഡോക്ടറെക്കുറിച്ചന്വേഷിച്ചപ്പോഴാണ് വന്നത് യഥാർഥ ഡോക്ടറല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സരസയുടെ സ്വർണ മോതിരവും മാലയും മോഷ്ടിക്കപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.
ആശുപത്രിയിലെ മറ്റൊരു രോഗിയുടേയും സ്വർണമാല സമാനരീതിയിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.