കോഴിക്കോട്: മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളായ ആലപ്പുഴ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ വീട്ടിൽ നാസറുദ്ദീൻ (34) എന്നിവരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന 35 മീറ്ററോളം നീളം വരുന്ന കോപ്പർ കേബിളുകൾ മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ ശേഷം വസ്തുവുമായി കോഴിക്കോട് സ്വദേശി നിഷാദിന്റെ ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ഓട്ടോറിക്ഷയിൽ കയറിയതിന് ശേഷം ഇരുവരുടെയും ഭാവ വ്യത്യാസത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കിടെ ഓട്ടോറിക്ഷ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ അറിയിച്ചു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നും ഇവർ മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിൽ കരാർ ജോലി ചെയ്യുന്നവരാണെന്നും കോപ്പർ കേബിളുകൾ മോഷ്ടിച്ചു കൊണ്ടുവരികയാണെന്നും മനസിലായി. വിവരമറിയച്ചിതിനെ തുടർന്ന് മാവൂർ പൊലീസ് മെഡിക്കൽ കോളജിലെത്തി. മാവൂർ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.