കൊല്ലം: ചിന്നക്കടയിലെ വ്യാപാരസ്ഥാപനത്തിൽ അഞ്ചംഗസംഘത്തിന്റെ ആക്രമണം. ഇരുമ്പുദണ്ഡുകൊണ്ടുള്ള ആക്രമണത്തിൽ കടയുടമയുടെ മകന് തലക്ക് ഗുരുതര പരിക്കേറ്റു. മർദനമേറ്റ ജീവനക്കാരി കുഴഞ്ഞുവീണു. കടയുടമയെയും ജീവനക്കാരെയും മർദിച്ചതിനൊപ്പം കടയിൽ വിൽപനക്ക് െവച്ചിരുന്ന കളിയുപകരണങ്ങൾ അടിച്ചുതകർത്തു. സംഭവത്തിൽ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പായിക്കടയിൽ പ്രവർത്തിക്കുന്ന ഫാൻസി ഉൽപന്നങ്ങളുടെ മൊത്തവ്യാപാരകടയിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അക്രമം.
രണ്ട് യുവാക്കൾ പണം നൽകാതെ സാധനങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. കലക്ടറേറ്റിന് സമീപം താമസിക്കുന്ന കടയുടമ ജയശങ്കര്‍, മകൻ വിജയ് ശങ്കര്‍, മരുമകൾ ദേവിപ്രിയ, സെയിൽസ്ഗേള്‍ സിന്ധു എന്നിവരെയാണ് ആക്രമിച്ചത്. തലക്ക് പരിക്കേറ്റ വിജയ് ശങ്കറും ഭാര്യ ദേവിപ്രിയയും സെയിൽസ്ഗേൾ സിന്ധുവും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ആറരയോടെ കടയിലെത്തിയ യുവാക്കള്‍ പ്ലാസ്റ്റിക് തോരണം ആവശ്യപ്പെടുകയായിരുന്നു.
മൊത്തവ്യാപാരകേന്ദ്രമായതിനാൽ ഒന്ന് മാത്രമായി നൽകാനാകില്ലെന്ന് ഉടമകൾ പറയുകയും ചെയ്തിരുന്നു. നിര്‍ബന്ധിച്ചപ്പോള്‍ കടയുടമ സാധനം നൽകാൻ തയാറായി. ബിൽ നൽകിയപ്പോൾ പണത്തിന് പകരം ഡെബിറ്റ് കാര്‍ഡ് ആണ് യുവാക്കള്‍ നൽകിയത്. സ്വൈപിങ് മെഷീൻ സൗകര്യം ഇല്ലാത്തതിനാൽ പണം തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തങ്ങൾക്കായി ബിൽ അടിച്ച സാധനം കൊണ്ടുപോകും എന്നുപറഞ്ഞ് രണ്ടുപേരും സാധനം പിടിച്ചുവാങ്ങി കടയിൽനിന്ന് പോകാൻ തുനിഞ്ഞത് ജീവനക്കാർ തടഞ്ഞു. ഇതോടെ തര്‍ക്കമുണ്ടാകുകയും സംഘം ജീവനക്കാരെ മർദിക്കുകയും ഉടമയെയും ജീവനക്കാരെയും ഉപഭോക്താക്കളെയും അസഭ്യം പറയുകയും ചെയ്തതിന് പിന്നാലെ സ്ഥലം വിട്ടു.
സംഭവസമയത്ത് സ്ഥലത്തില്ലാതിരുന്ന വിജയ് ശങ്കർ വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും മൂന്ന് പേരുമായി തിരിച്ചെത്തിയ യുവാക്കള്‍ കളിയുപകരണങ്ങൾ തകർക്കുകയും ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കടയുടമ പൊലീസിനെ വിളിച്ചതോടെ സംഘം രക്ഷപ്പെട്ടെങ്കിലും ചിന്നക്കടയിൽനിന്നുതന്നെ പൊലീസ് സംഘം പ്രതികളെ പിടികൂടി. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് സംശയിക്കുന്നതായി ഈസ്റ്റ് പൊലീസ് പറഞ്ഞു. ഇവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.