പ്രതി അഖിലിനെ തുമ്പൂർമുഴിയിൽ തെളിവെടുപ്പിനെത്തിക്കുന്നു (ഇൻസെറ്റിൽ ആതിരയും അഖിലും)
കാണാതായ അങ്കമാലിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയും പാറക്കടവ് പരുത്തിച്ചുവട് സനലിന്‍റെ ഭാര്യയുമായ ആതിര (26) തുമ്പൂർമുഴിയിൽ വനത്തിൽ കൊല്ലപ്പെട്ട കേസിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പ്രതി ഇടുക്കി വെള്ളത്തൂവൽ പാപ്പനശ്ശേരിൽ അഖിൽ (32) സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. കേസെടുത്ത് അന്വേഷിച്ച കാലടി പൊലീസ്, ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്. ആതിരയുടെ മാല തിരികെ ചോദിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ് ഗേളായിരുന്ന ആതിര അവിടെ ജോലി ചെയ്തിരുന്ന അഖിലുമായി ആറുമാസമായി അടുപ്പത്തിലായിരുന്നത്രെ. തുടർന്ന് അഖിൽ ആതിരയുടെ സ്വർണമാല പണയപ്പെടുത്താൻ വാങ്ങിയിരുന്നു. ആതിര പിന്നീട് ഇത് തിരികെ ചോദിച്ചു. ഇതിലുള്ള ദേഷ്യത്തിൽ അഖിൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
29ന് ആതിരയെ അതിരപ്പിള്ളിയിലേക്ക് വാടകക്കാറിൽ കൊണ്ടുപോയി. തിരിച്ചു വരുമ്പോൾ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം തുമ്പൂർമുഴി വനത്തിലെ പാറയിടുക്കിൽ കരിയിലകൾ മൂടി ഒളിപ്പിച്ചുവെച്ചു.
ആതിരയുടെ ഫോൺ നമ്പറിൽ നിന്ന് അന്നേ ദിവസം അഖിലിന് കൂടുതൽ വിളികൾ പോയതായി പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും വെള്ളിയാഴ്ച കുറ്റസമ്മതം നടത്തി. തുടർന്ന് അഖിലിനെയും കൊണ്ട് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.