പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 19കാരനായ ഐ.ടി.ഐ വിദ്യാർഥിയെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. ഹോലഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തോഡി കാ പുരയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രാജാപൂർ ചൗബാര സ്വദേശിയായ ഹിമാൻഷു സരോജാണ് കൊല്ലപ്പെട്ടത്. കോച്ചിങ് സെന്ററിലെ സഹപാഠിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 10.30ഓടെയാണ് കൊലപാതകം നടന്നത്. ഹിമാൻഷു സുഹൃത്തുക്കളായ സന്ദീപിനും അവനീഷിനുമൊപ്പം ബൈക്കിൽ പോകുകയായിരുന്നു. തോടി കാ പുരയിലെ കനാലിന് സമീപമുള്ള കലുങ്കിനടുത്ത് വെച്ച് പ്രതിയായ സാഹിൽ യാദവും രണ്ട് കൂട്ടാളികളും ബൈക്കിലെത്തി ഹിമാൻഷുവിന്റെ ബൈക്കിലിടിച്ച് വീഴ്ത്തി. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ സാഹിൽ തോക്കെടുത്ത് ഹിമാൻഷുവിന്റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. രക്തം വാർന്നു കിടന്ന ഹിമാൻഷുവിനെ എസ്.ആർ.എൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.
ഹിമാൻഷുവും സാഹിലും ഒരേ കോച്ചിങ് സെന്ററിലാണ് പഠിച്ചിരുന്നത്. ഇവർക്കിടയിൽ കുറച്ചുനാളായി തർക്കം നിലനിന്നിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം സാഹിൽ തന്നെ ഫോണിൽ വിളിച്ച് കനാലിന് സമീപത്തേക്ക് വരാൻ ആവശ്യപ്പെട്ട വിവരം ഹിമാൻഷു വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ ജാഗ്രതാ നിർദേശം നൽകുന്നതിന് മുമ്പ് തന്നെ കൊലപാതകം നടന്നിരുന്നു. പുനെയിൽ ജോലി ചെയ്യുന്ന സഞ്ജയ് കുമാറിന്റെ മൂത്ത മകനാണ് കൊല്ലപ്പെട്ട ഹിമാൻഷു.
ഹിമാൻഷുവിന്റെ അമ്മയുടെ പരാതിയിൽ സാഹിൽ യാദവിനും മറ്റു രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ഡി.സി.പി കുൽദീപ് സിങ് ഗുണാവത് അറിയിച്ചു. ഹിമാൻഷുവിന്റെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.