കാമുകനൊപ്പം ചേര്‍ന്ന് കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തി​യ കേസിൽ അനുശാന്തിക്ക് ജാമ്യം

ന്യുഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ എട്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇടപെടലെന്ന് കോടതി വ്യക്തമാക്കി.

ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവ്.

കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2014 ഏപ്രില്‍ 16നു ഉച്ചക്കായിരുന്നു സംഭവം.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും വിശദമായവാദം പിന്നീട് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

മുന്‍പ് നേത്രരോഗത്തിന് ചികിത്സയ്ക്കായി പരോള്‍ ആവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് രണ്ട് മാസത്തെ പരോള്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തിരുന്നു. മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നും കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അനുശാന്തി.

Tags:    
News Summary - Anushanti granted bail in the case of murdering her baby and her husband's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.