തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തിനെ തുടർന്നുണ്ടായ സംഘര്‍ഷം തടയാനെത്തിയ തമ്പാനൂർ അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി 47ല്‍ അലനെ (18) കുത്തിക്കൊന്ന കേസിൽ കാപ്പാ കേസ് പ്രതിയായ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയായ ജഗതി സ്വദേശി സന്ദീപാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
എന്നാൽ, ഇയാൾ തന്നെയാണോ കുത്തിയത് എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവ സ്ഥലത്ത് 30ലേറെ പേർ ഉണ്ടായിരുന്നുവെങ്കിലും കുത്തിയതിന് ദൃക്സാക്ഷിയായവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇടത് നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റ അലനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടൻ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ, ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള അന്തരിക രക്തസ്രാവം കാരണം മരണപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 5.10നാണ് സംഭവം. മോഡൽ സ്കൂളിലെ ബി.എഡ് കോളജ് ഗ്രൗണ്ടിൽ ഒരുമാസം മുമ്പ് സംഘടിപ്പിച്ച ടൂർണമെന്‍റിൽ രാജാജി നഗർ, ജഗതി ക്ലബിലുള്ളവർ തമ്മിൽ തർക്കമുണ്ടായി. ഇതേതുടർന്ന് നഗരത്തിന്‍റെ പലയിടങ്ങളിലും ചെറുതും വലതുമായ ഏറ്റുമുട്ടലുകളും നടന്നു. സംഘർഷം ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി മുതിർന്നവരുടെ നേതൃത്വത്തിൽ തൈയ്ക്കാട് ക്ഷേത്രത്തിന് സമീപത്തായി ഇരുകൂട്ടരും ഒത്തുകൂടി. ഇതിൽ രാജാജിനഗറിലെ ഫുട്ബാൾ ക്ലബിലെ സുഹൃത്തുക്കളോടൊപ്പം അലനുമുണ്ടായിരുന്നു. ഇതിനിടയിൽ വീണ്ടും സംഘർഷവുണ്ടാവുകയും തടയാൻ ശ്രമിക്കുന്നതിനിടെ അലന് കുത്തേൽക്കുകയുമായിരുന്നു.
പേരൂര്‍ക്കട മണികണ്‌ഠേശ്വം സ്വദേശിയായ അലന്‍റെ കുടുംബം ആറുമാസത്തിന് മുമ്പാണ് അരിസ്റ്റോ ജങ്ഷനില്‍ വാടകക്ക് താമസിക്കാനെത്തിയത്. ഒരുവർഷം മുമ്പ് സഹോദരി ആന്‍ഡ്രിയ മരണപ്പെട്ടിരുന്നു. കൊച്ചിയിൽ തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കുകയായിരുന്ന അലൻ മൂന്നുമാസം മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. അമ്മ മഞ്ജുള വീട്ടുജോലിക്കാരിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.