അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്: ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യ ഹരജികൾ തള്ളി

കൊച്ചി: കേരള ബാർ കൗൺസിലിന് കീഴിലെ അഭിഭാഷക ക്ഷേമനിധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ഒന്നാം പ്രതിയും ക്ഷേമനിധി ഓഫിസിലെ മുൻ അക്കൗണ്ടന്റുമായ ചന്ദ്രന്റെ ഭാര്യ ശ്രീകല, അനന്ദരാജ്, എ. മാർട്ടിൻ, ടി. ധനബാലൻ, ജി. രാജഗോപാൽ, ജയപ്രഭ, ഫാത്തിമ ഷെറിൻ എന്നിവരുടെ ജാമ്യ ഹരജികളാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്. മുൻകൂർ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.

അഭിഭാഷകർ ക്ഷേമനിധിയിലേക്ക് നൽകുന്ന വരിസംഖ്യയിലും ക്ഷേമനിധി സ്റ്റാമ്പിന്റെ വിൽപനയിലും തട്ടിപ്പുനടത്തി പ്രതികൾ കോടികൾ കൈക്കലാക്കിയെന്നാണ് കേസ്. 2007 മുതൽ 2017 വരെയാണ് ക്രമക്കേട് നടന്നത്. 2010 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് 7.5 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടി അഭിഭാഷകർ നൽകിയ ഹരജിയിൽ 2021 ഡിസംബർ 23ലെ ഹൈകോടതി ഉത്തരവ് പ്രകാരം സി.ബി.ഐയാണ് കേസ് അന്വേഷിക്കുന്നത്.

10 വർഷത്തിലധികം നടന്ന തട്ടിപ്പിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടിവരുമെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ അറിയിച്ചു.

ഒന്നാം പ്രതി എം.കെ. ചന്ദ്രൻ, രണ്ടും മൂന്നും പ്രതികളായ ബാബു സ്കറിയ, ശ്രീകല എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

Tags:    
News Summary - Advocate welfare fund scam: Anticipatory bail pleas of seven accused rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.