ഹരിപ്പാട്: വാതിൽപ്പടി വിതരണത്തിനുള്ള റേഷനരി മറിച്ചുകടത്തിയതിൽ ഉൾപ്പെട്ട കെ.എൽ11 എ.ഡി 5029 നമ്പർ ലോറി കാർത്തികപ്പള്ളി താലൂക്കിലെ ഭക്ഷ്യധാന്യ വിതരണത്തിൽനിന്ന് ഒഴിവാക്കിയതായി സപ്ലൈകോ അധികൃതർ അറിയിച്ചു. ഈ ലോറിയിൽ തൃക്കുന്നപ്പുഴയിലെ രണ്ടുകടകളിലേക്ക് അയച്ച അരിയാണ് തിങ്കളാഴ്ച വൈകീട്ട് വലിയകുളങ്ങരയിൽവെച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്.
ഇതുസംബന്ധിച്ച അന്വേഷണത്തിൽ തൃക്കുന്നപ്പുഴയിലെ 152, 154 റേഷൻകടകളുടെ ലൈസൻസ് ജില്ല സപ്ലൈ ഓഫിസർ താൽക്കാലികമായി റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ നടപടി പ്രാബല്യത്തിൽ വരും. ഈ കടകളിൽനിന്ന് റേഷൻ വാങ്ങിയിരുന്നവർക്ക് അടുത്തുള്ള മറ്റു കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തും.
അരികടത്തലിൽ ഉൾപ്പെട്ട രണ്ടുവാഹനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാൻ താലൂക്ക് സപ്ലൈ ഓഫിസർ സപ്ലൈകോ ഡിപ്പോ മാനേജർക്ക് കത്തുനൽകിയിരുന്നു. ഡ്രൈവർമാരെയും പ്രതികളാക്കാൻ കത്തിൽ നിർദേശമുണ്ട്. അതിനിടെ റേഷൻകടയിലേക്കുള്ള അരി മറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
വലിയകുളങ്ങരയിൽ അരികടത്തിയതിന് ദൃക്‌സാക്ഷികളായവരെയും റേഷൻകടക്കാരെയും ഉൾപ്പെടെ നേരിൽക്കണ്ടാണ് തെളിവുകൾ ശേഖരിക്കുന്നത്. ചില ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പങ്കുണ്ടെന്ന വിവരം കൂടി കണക്കിലെടുത്താണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.