കൊല്ലപ്പെട്ട വിദേശവനിതയെ കോവളത്ത് വിട്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത പോത്തൻകോടുനിന്ന് കോവളത്ത് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അവർക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവർ സന്തോഷ്‌ കുമാർ മൊഴി നൽകി. രാവിലെ ഏഴ് മണിക്ക് പോത്തൻകോട് മരുതുമ്മൂട്ടിൽനിന്ന് ഇവരെ ഓട്ടോയിൽ കയറ്റി കോവളത്ത് ബീച്ചിന് സമീപമുള്ള പള്ളിയുടെ അടുത്ത് വിട്ടിരുന്നു. ഇവർ ഓട്ടോയിൽ കയറിയ സമയത്ത് മറ്റൊരു യാത്രക്കാരികൂടി ഉണ്ടായിരുന്നു. വഴിയിൽ അവർ പറഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടിരുന്നു. ശേഷം താനും വിദേശവനിതയും മാത്രമേ ഓട്ടോയിൽ ഉണ്ടായിരുന്നുള്ളൂ. യാത്രാസമയത്ത് ഇവർ വാഹനത്തിലിരുന്ന് ബീച്ച് എന്നും സ്‌മോക്ക് എന്നും തന്നോട് പറഞ്ഞതായും ഡ്രൈവർ മൊഴി നൽകി.

വിദേശവനിതയെ കോവളത്ത് കൊണ്ടുപോയത് ഈഞ്ചയ്ക്കൽ ബൈപാസ് വഴിയാണ്. അവർ ഓട്ടോയിൽ കയറുമ്പോൾ സിഗരറ്റ് പാക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഇറങ്ങിയിട്ട് ഓട്ടോ ചാർജ് ചോദിച്ചു. അപ്പോൾ 750 രൂപ ആയെന്ന് പറഞ്ഞു. 800 രൂപ നൽകി.

തിരികെ പോത്തൻകോട് എത്തിയപ്പോൾ ഉച്ചക്ക് 12 മണിക്ക് സ്ഥലത്തുള്ള ഒരു കൂട്ടുകാരൻ ഫോൺ വിളിച്ച് താൻ ഏതെങ്കിലും വിദേശിയെ കോവളത്ത് കൊണ്ടുപോയിരുന്നോ എന്ന് ചോദിച്ചു. എത്തിച്ചിരുന്നെന്ന് മറുപടി നൽകി. അന്ന് രാത്രി ഏഴുമണിക്ക് തന്നെ പോത്തൻകോട് പൊലീസ് തന്നെ വിളിച്ച് ഇക്കാര്യം അന്വേഷിച്ചിരുന്നെന്നും സന്തോഷ് കുമാർ മൊഴി നൽകി.

വിദേശ വനിത ഓട്ടോയിൽ കയറിയപ്പോഴുണ്ടായിരുന്ന സഹയാത്രികരെ കേസിൽ സാക്ഷികളാക്കിയിട്ടില്ലെന്നും സന്തോഷ്‌ കുമാർ കോടതിയിൽ പറയുന്ന മൊഴി പൊലീസ് പറഞ്ഞുകൊടുത്തത് അനുസരിച്ചാണെന്നും പ്രതിഭാഗം വാദിച്ചു. അഞ്ചാം സാക്ഷിയായിട്ടാണ് ഓട്ടോ ഡ്രൈവർ സന്തോഷ്‌ കുമാറിനെ കോടതിയിൽ വിസ്തരിച്ചത്. 2018 മാർച്ച് 14ന് കോവളത്ത് നിന്ന് വിദേശയുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലഹരിവസ്‌തു നൽകി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ ഇന്നും തുടരും.

Tags:    
News Summary - According to the auto driver, the murdered foreign woman was left in Kovalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.