എരുമേലി: പട്ടികജാതി-വർഗ വികസന ഫെഡറേഷന്റെ കോട്ടയത്തെ ഓഫിസിന്റെ പേരിൽ വ്യാജ കത്ത് തയാറാക്കി ഗൃഹനാഥനിൽനിന്ന് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി ശ്രീനിപുരം വഴിപറമ്പിൽ വീട്ടിൽ വി.കെ. ബിജുമോനെയാണ് (47) അറസ്റ്റ് ചെയ്തത്. ഗൃഹനാഥന്റെ മകളുടെ വിവാഹത്തിന് പട്ടികജാതി വികസന വകുപ്പിൽനിന്ന് ധനസഹായം ലഭിക്കുമെന്ന് മുമ്പ് എസ്.സി പ്രമോട്ടറായി ജോലിചെയ്തിരുന്ന ബിജുമോൻ ഗൃഹനാഥനോട് പറഞ്ഞിരുന്നു.
അതുപ്രകാരം ബിജു തയാറാക്കി നൽകിയ ബില്ലുമായി ഓഫിസിൽ എത്തുകയും അപേക്ഷ നൽകുകയും ചെയ്തു. ഇതുപ്രകാരം ഒരാഴ്ചക്ക് ശേഷം പട്ടികജാതി വികസന വകുപ്പിൽനിന്ന് 75,000 രൂപ ലഭിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം പട്ടികജാതി- വർഗ സഹകരണ ഫെഡറേഷൻ, കലക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽനിന്ന് ഗൃഹനാഥന് ഒരു കത്ത് ലഭിച്ചു. പെൺകുട്ടികളുടെ വിവാഹത്തിന് അധിക ധനസഹായം ലഭിക്കുമെന്നാണ് അതിലുണ്ടായിരുന്നത്. ഇതേ തുടർന്ന് ഗൃഹനാഥൻ കത്തുമായി ബിജുവിനെ വീണ്ടും സമീപിച്ചു.
ആ തുക ലഭിക്കാൻ 8000 രൂപ തന്നാൽ ജി.എസ്.ടി ബിൽ തയാറാക്കി തരാമെന്ന് ബിജു പറഞ്ഞതനുസരിച്ച് 4000 രൂപ ഗൃഹനാഥൻ കൈമാറി. തുടർന്ന് ബിജു തയാറാക്കി നൽകിയ ബില്ലുമായി ഗൃഹനാഥൻ കോട്ടയത്ത് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഓഫിസ് നിലവിലില്ല എന്ന് മനസ്സിലായി. എരുമേലിയിൽ എത്തി ജി.എസ്.ടി ബിൽ തന്ന കടയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു കട എരുമേലിയിൽ ഇല്ലെന്നും മനസ്സിലായി.
ബിജു വ്യാജ വിലാസത്തിൽനിന്ന് കത്തയച്ച് തന്നെ കബളിപ്പിച്ചതാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.