Representational Image
ന്യൂഡൽഹി: സ്വരൂപ് നഗറിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കുന്നതിനായി കുട്ടിയുടെ മൃതദേഹം പ്രതി സമീപത്തെ കനാലിൽ തള്ളി. ഡിസംബർ 12 -നാണ് സംഭവം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് 52-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാർ യാത്ര വാഗ്ദാനം ചെയ്ത് പ്രതി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ വാഹനത്തിൽ കയറ്റിയതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് അന്വേഷണസംഘം പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം ഇയാൾ കനാലിൽ തള്ളിയതായാണ് പറയുന്നത്.
ഇതേ ദിവസം കുട്ടി പ്രതിയുടെ കാറിൽ ഇരിക്കുന്നത് കണ്ടതായി പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മാതാപിതാക്കളാണ് കുട്ടിയെ കാണാതായ വിവരം പൊലീസിൽ അറിയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സ്ഥലം ഉടമയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ നിന്നും കുട്ടിയുടെ മൃതദേഹം കനാലിൽ തള്ളിയതായി പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന്, കനാലിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കുട്ടിയുടെ മാതാപിതാക്കൾ ഫാക്ടറി തൊഴിലാളികളാണ്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോക്സോയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ, ഒരു അപകടത്തിൽപ്പെട്ട് 52-കാരനായ പ്രതി ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പ്രതിയെ നിരീക്ഷിക്കുന്നതിനായി ആശുപത്രിയിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.