തൊടുപുഴ: സംസ്ഥാനത്ത് ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നത് ഇടപാടുകാരുടെ ശക്തമായ ശൃംഖല. നിയമത്തിന്റെ കണ്ണുവെട്ടിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന 2434 പേർ സംസ്ഥാനത്തുണ്ടെന്നാണ് സർക്കാറിന്റെ കണ്ടെത്തൽ.
ഇവരുടെ ശൃംഖലയിലെ കണ്ണികളായി നിരവധി പേർ വേറെയുമുണ്ടാകും. എക്സൈസ് വകുപ്പാണ് എല്ലാ ജില്ലയിലെയും ഇടപാടുകാരുടെ വിവര ശേഖരണം തയാറാക്കിയത്. മയക്കുമരുന്ന് വ്യാപനം തടയാൻ ഒരുവശത്ത് കർമ പദ്ധതികളും ബോധവത്കരണ പരിപാടികളും അനുബന്ധ പ്രതിരോധ സംവിധാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ആവശ്യക്കാർക്ക് ലഹരി എത്തിച്ചുനൽകാൻ ഓരോ ജില്ല കേന്ദ്രീകരിച്ചും ഇടപാടുകാരുടെ സംഘങ്ങൾ പഴുതടച്ച് നീങ്ങുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എക്സൈസ് വകുപ്പ് തയാറാക്കിയ ഡേറ്റ ബാങ്ക് പ്രകാരം ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാർ കണ്ണൂർ ജില്ലയിലാണ്: 412. കുറവ് കാസർകോടും: 11. തിരുവനന്തപുരം -117, കൊല്ലം -62, പത്തനംതിട്ട -62, ആലപ്പുഴ -155, കോട്ടയം -151, ഇടുക്കി -161, എറണാകുളം -376, തൃശൂർ -302, പാലക്കാട് -316, മലപ്പുറം -130, കോഴിക്കോട് -109, വയനാട് -70 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇടപാടുകാരുടെ എണ്ണം.
സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരി സംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധ്യത സ്കൂളുകളാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. സ്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ ഈ സർക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ആകെ ആറ് കടകൾ മാത്രമാണ് പൂട്ടിച്ചത്.
ഇവ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. മറ്റ് ജില്ലകളിൽ ഇത്തരം നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.