ലഖ്നോ: സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാൻ വിദ്യാർഥികളെ സ്കൂളിന്‍റെ മേൽക്കൂരയിൽ ബന്ദികളാക്കിയ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ലഖിംപൂർ ഖേരിയിൽ സർക്കാർ നടത്തുന്ന റെസിഡൻഷ്യൽ സ്കൂളിലെ അധ്യാപകരായ മനോരമ മിശ്ര, ഗോൾഡി കത്യാർ എന്നിവരെയാണ് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തത്. സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കാൻ വകുപ്പുതല ഉദ്യോഗസ്ഥർക്കുമേൽ സമ്മർദ്ദം ചെലുത്താനാണ് വിദ്യാർഥികളെ കരുവാക്കിയതെന്നാണ് അധ്യാപകരുടെ വാദം.
പാലിയ, രാമിയ ബഹർ ബ്ലോക്കുകളിലെ തസ്തികകളിലേക്കാണ് ഇരുവർക്കും സ്ഥലം മാറ്റം ലഭിച്ചത്. ജില്ല വിദ്യാഭ്യാസ ഓഫിസർ വിവരമറിയച്ചതോടെ ഇരുവരും ചേർന്ന് ഇരുപതോളം വിദ്യാർഥികളെ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ബന്ദികളാക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം വിദ്യാർഥികളെ ഇരുവരും സ്കൂളിന്‍റെ മേൽക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച് വിദ്യാർഥികളോട് സംസാരിച്ച ശേഷം സംഭവത്തിനെതിരെ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ബന്ദികളാക്കിയത്. കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വാർഡനും പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് വിദ്യാർഥികളെ തുറന്നുവിട്ടത്. നാലു മണിക്കൂറോളമാണ് രണ്ട് അധ്യാപകരും ചേർന്ന് വിദ്യാർഥികളെ ബന്ദികളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.