ലഖ്നോ: യു.പിയിലെ ബല്ല്യയിൽ 12 വയസ്സുള്ള ദലിത് പെൺകുട്ടിയെ വീട്ടിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി. ബന്ധുവായ മറ്റൊരു സ്ത്രീയ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ഈ കേസിൽ മൊഴിനൽകാനിരിക്കെയാണ് കൊലപാതകം. ആദ്യ കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച വൈകീട്ടാണ് തുതുവാരി ഗ്രാമത്തിൽ പെൺകുട്ടിയെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പൊലീസിൽ വിവരം ലഭിച്ചത്. വീട്ടുകാർ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ വർഷം മാർച്ചിൽ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയെ അയൽവാസി ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്നു പെൺകുട്ടി. അയൽവാസികളായ നാലുപേരാണ് പ്രതികളെന്നും ബലാത്സംഗ കേസിലെ പ്രതിയാണ് കുട്ടിയെ കൊലപ്പെടുത്താൻ നേതൃത്വം നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു.
ആദ്യത്തെ കേസിൽ മൊഴി നൽകുന്നത് തടയാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ പൊലീസ് ഇടപെടുന്നില്ലെന്നാരോപിച്ച് ഭീം ആർമിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതികളെ പിടികൂടുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. കുട്ടിയുടെ അയൽവാസിയായ നാലുപേരെ പ്രതികളാക്കിയാണ് കേസെടുത്തത്. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.