????? ????. ???????? ?????? ????????? ???????????? ???????????? ????????? ?????

മംലൂക്ക് സാമ്രാജ്യത്തിന്‍െറ ഓര്‍മയില്‍ 

1505. മംലൂക്ക് രാജധാനിയായ കൈറോ. സുല്‍ത്താന്‍ അശ്റഫ് ഖാനൂശ് അല്‍ഗൂറിക്ക് മുന്നില്‍ ഒരു മലയാളി നില്‍ക്കുകയാണ്. കോഴിക്കോട് സാമൂതിരിയുടെ ദൂതുമായിവന്ന ആ വര്‍ത്തക പ്രമുഖന്‍െറ പേര് മായിമാമ മരക്കാര്‍. മലബാര്‍ തീരത്ത് വളര്‍ന്നുവരുന്ന പോര്‍ചുഗല്‍ സ്വാധീനത്തിനെതിരെ സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള സാമൂതിരിയുടെ കത്താണ് മരക്കാറുടെ കൈയില്‍. ഇന്ത്യയിലേക്കുള്ള ബദല്‍ നാവിക മാര്‍ഗം പോര്‍ചുഗീസുകാര്‍ കണ്ടത്തെിയ കാലമായിരുന്നു അത്. 
മലബാറിലെ അറബികളുടെ കച്ചവട കുത്തക തകര്‍ത്താണ് പറങ്കികള്‍ ആധിപത്യം ഉറപ്പിച്ചത്. കൂടാതെ, അറബിക്കടല്‍ വഴിയുള്ള തീര്‍ഥാടനപാതയിലും അവര്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. സാമൂതിരിക്കൊപ്പം ഗുജറാത്തിലെയും യമനിലെയും രാജാക്കന്മാരും ഇതേ വിഷയത്തില്‍ നേരത്തെ സുല്‍ത്താന്‍ അല്‍ഗൂറിയോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. സുല്‍ത്താന്‍ ജിദ്ദയിലെ തന്‍െറ ഗവര്‍ണറെ ഉടന്‍ വിളിച്ചുവരുത്തി. നാവികയുദ്ധത്തില്‍ അഗ്രഗണ്യനാണ് ജിദ്ദ ഗവര്‍ണര്‍ അമീര്‍ ഹുസൈന്‍ അല്‍ കുര്‍ദി. എത്രയും പെട്ടെന്ന് മലബാര്‍ തീരത്തേക്ക് സൈന്യത്തെ അയക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടു. അതിന്‍െറ ചുമതല അമീര്‍ ഹുസൈനെ ഏല്‍പിക്കുകയും ചെയ്തു. പക്ഷേ, കരയുദ്ധത്തിലെ പോലെ നാവികയുദ്ധത്തില്‍ അത്രനിപുണരല്ല മാംലുക്കുകള്‍.  പോര്‍ചുഗലിനെ പോലെ കരുത്തുറ്റ ഒരു നാവികശക്തിയെ നേരിടാന്‍ കാര്യമായ തയാറെടുപ്പ് വേണ്ടിവരും. അതിനായി സൂയസിലും ജിദ്ദയിലും പടയൊരുക്കം തുടങ്ങി. മലബാര്‍ തീരത്തെ കച്ചവടവിഷയത്തില്‍ പോര്‍ചുഗലിന് എതിര്‍ഭാഗത്തുള്ള വെനീഷ്യന്‍ നാവികരാണ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മാസങ്ങള്‍ നീണ്ട തയാറെടുപ്പുകള്‍ക്കൊടുവില്‍ 1507 ഫെബ്രുവരിയില്‍ 12 കൂറ്റന്‍ പടക്കപ്പലുകളില്‍ 1,500 ലേറെ ഭടന്മാരുമായി മംലൂക്ക് സൈന്യം മലബാര്‍ തീരം ലക്ഷ്യമാക്കി ജിദ്ദയില്‍നിന്ന് പുറപ്പെട്ടു. ഹുസൈന്‍ അല്‍ കുര്‍ദിക്ക് വഴികാട്ടിയായി മായിമാമ മരക്കാറും. മംലൂക്ക് സന്നാഹങ്ങള്‍ തയാറാകുന്നത് വരെ അവര്‍ക്കൊപ്പം തങ്ങുകയായിരുന്നു മരക്കാര്‍. സാമൂതിരിയുടെ സൈന്യവുമായി ചേര്‍ന്ന് പശ്ചിമ തീരത്തെ പോര്‍ചുഗീസ് താവളങ്ങള്‍ മുഴുവന്‍ ആക്രമിച്ച് നശിപ്പിക്കാനായിരുന്നു പദ്ധതി.

കണ്ണൂരിലെ ഉപരോധം
ഈസമയത്ത് കണ്ണൂരില്‍ വന്‍ യുദ്ധം അരങ്ങേറുകയായിരുന്നു. കണ്ണൂരിലെ കോലത്തിരി രാജയും കോഴിക്കോട് സാമൂതിരിയും അറബികളും സംയുക്തമായി പോര്‍ചുഗീസ് താവളമായ സെന്‍റ് ആന്‍ജലോ കോട്ട ഉപരോധിച്ചു. നാലുമാസം നീണ്ട ഉപരോധത്തിനൊടുവില്‍ സാമൂതിരി-കോലത്തിരി സൈന്യം പരാജയപ്പെട്ടു. അധികം കഴിയും മുമ്പ് 1508 മാര്‍ച്ചില്‍ അമീര്‍ ഹുസൈന്‍െറ മംലൂക്ക് സൈന്യം ഇന്ത്യന്‍ തീരത്തത്തെി. തെക്കന്‍ ഗുജറാത്തിലെ ദിയുവിലാണ് അവര്‍ വന്നിറങ്ങിയത്. മഹാരാഷ്ട്ര തീരത്തെ ചൗളില്‍ വെച്ച് പോര്‍ചുഗീസ് സൈന്യവും മംലൂക്ക് സൈന്യവും ഏറ്റുമുട്ടി. ഇന്ത്യന്‍ തീരത്തെ ആദ്യതോല്‍വിയാണ് പോര്‍ചുഗീസുകാരെ അവിടെ കാത്തിരുന്നത്. പോര്‍ചുഗീസ് കമാന്‍ഡര്‍ ലോറെന്‍സോ ഡി അല്‍മെയ്ഡ കൊല്ലപ്പെടുകയും സൈന്യം ചിതറുകയും ചെയ്തു. ഘോരയുദ്ധത്തില്‍ മായിമാമ മരക്കാറും കൊല്ലപ്പെട്ടു. തൊട്ടടുത്ത വര്‍ഷം പോര്‍ചുഗീസുകാര്‍ പകരംവീട്ടി. ദിയു യുദ്ധത്തില്‍ മംലൂക്ക് സൈന്യം തകര്‍ന്നു. അതോടെ മംലൂക്ക് സംഘം ഇന്ത്യന്‍ തീരം വിട്ടു. പക്ഷേ, പിന്നെയും പല വര്‍ഷങ്ങള്‍ സുല്‍ത്താന്‍ അശ്റഫ് ഖാനൂശ് അല്‍ഗൂറിയും പോര്‍ചുഗീസുകാരും ദ്വന്ദ്വയുദ്ധം തുടര്‍ന്നു. അറബിക്കടലിലും തെക്കന്‍ അറേബ്യയുടെ തീരത്തും പലതവണ ഏറ്റുമുട്ടലുകള്‍ അരങ്ങേറി. അല്‍ഗൂറിക്ക് ശത്രുക്കള്‍ ഏറിവരുന്ന കാലമായിരുന്നു അത്. വടക്കന്‍ മേഖലയില്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ സാമ്രാജ്യം സ്ഥാപിച്ചുകഴിഞ്ഞു. അവര്‍ ഇടക്കിടെ അതിര്‍ത്തികള്‍ കടന്നത്തെുന്നു. ഒരിക്കലും തകരില്ളെന്ന് വിശ്വസിച്ച മംലൂക്ക് സാമ്രാജ്യം ഉലഞ്ഞുതുടങ്ങി.

അല്‍ഗൂറിയിലെ കാല്‍പനികന്‍
ഈ വെല്ലുവിളികള്‍ക്കിടയിലും അല്‍ ഗൂറിയിലെ കാല്‍പനികന്‍ സദാ ഉണര്‍ന്നുതന്നെയിരുന്നു. മധ്യകാല ഭരണാധികാരികളുടെ എല്ലാ ജനവിരുദ്ധതയും കൈയിലുണ്ടായിരുന്നെങ്കിലും തന്‍െറ നഗരവുമായി പ്രസണയത്തിലായിരുന്നു അല്‍ ഗൂറി. എത്രയോ ഗംഭീര നിര്‍മിതികള്‍ ആ കാലത്ത് കൈറോയിലുയര്‍ന്നു. കൈറോയില്‍ ഇന്ന് നിലനില്‍ക്കുന്ന പല പ്രധാന മന്ദിരങ്ങളിലും അല്‍ഗൂറിയുടെ സ്പര്‍ശമുണ്ട്. 
ലോകമറിയുന്ന അല്‍ അസ്ഹര്‍ പള്ളിയുടെ ഏറ്റവും കൗതുകമാര്‍ന്ന മിനാരം നിര്‍മിച്ചത് അല്‍ഗൂറിയാണ്. ഇരട്ട മകുടങ്ങളോട് കൂടിയ ആ ഒറ്റ മിനാരം മംലൂക്ക് ശില്‍പകലയുടെ അനന്യമാതൃകയായി ലോകം വിലയിരുത്തുന്നു. മധ്യകാല അറേബ്യയിലെ പ്രമുഖ കമ്പോളങ്ങളിലൊന്നായ ഖാന്‍ അല്‍ ഖലീലിയെ ഇന്നത്തെ രീതിയില്‍ നവീകരിച്ചതും അദ്ദേഹം തന്നെ. 
പള്ളികള്‍, മദ്റസകള്‍, ചത്വരങ്ങള്‍ അങ്ങനെ പോകുന്നു അല്‍ഗൂറിയുടെ സംഭാവനകള്‍. പക്ഷേ, ഇതൊന്നുമല്ല അല്‍ഗൂറിയെ അനശ്വരനാക്കുന്നത്. കൈറോയിലെ ഹഫാമിന്‍ ക്വാര്‍ട്ടറില്‍ അല്‍ അസ്ഹറിന് സമീപത്തായി അദ്ദേഹം നിര്‍മിച്ച മന്ദിരസമുച്ചയമാണ് അത്. അല്‍ഗൂറി കോംപ്ളക്സ് എന്ന് ഇന്നറിയപ്പെടുന്ന സമുച്ചയം തച്ചുകലയിലെ ഒരു വിസ്മയമാണ്. തന്‍െറ അന്ത്യവിശ്രമത്തിനായി അല്‍ഗൂറി നിര്‍മിച്ചതാണ് ഈ മഹാമന്ദിര സമുച്ചയം. പള്ളി, മദ്റസ, ഖന്‍കാ എന്ന ആത്മീയ സമ്മേളന വേദി, ശവകുടീരം തുടങ്ങിയവയൊക്കെ ഇതിലുണ്ട്. സാമ്രാജ്യത്തിന്‍െറ സകലകോണുകളില്‍ നിന്നും വാസ്തുവിദ്യ പ്രമാണികളെ ഇതിനായി കൈറോയിലത്തെിച്ചു. അക്കാലത്തെ ആസ്ഥാന ശില്‍പി താരിഖിന്‍െറ നേതൃത്വത്തിലായിരുന്നു നിര്‍മാണം. 
വാസ്തുകലയുടെ ഉപാസകനായ സുല്‍ത്താന്‍ തന്‍െറ പേര് അനശ്വരമാകണമെന്ന് കരുതിയാണ് ഈ മന്ദിരത്തിന് അടിത്തറയിട്ടത്. തന്‍െറ മൃതശരീരം ഇവിടെ അടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. മുഇസ്സുദ്ദീന്‍ തെരുവിന്‍െറ ഇരുഭാഗങ്ങളിലായാണ് കെട്ടിട സമുച്ചയം ഇപ്പോള്‍ വ്യാപിച്ചുകിടക്കുന്നത്. പ്രധാന കവാടത്തിന്‍െറ ഇടതുവശത്ത് തനിക്കുറങ്ങാന്‍ അല്‍ഗൂറി പണിത ശവകുടീരം. വലതുഭാഗത്ത് മദ്റസയും പള്ളിയും. 1503ല്‍ തുടങ്ങിയ പണി 1505ലാണ് പൂര്‍ത്തിയാക്കിയത്. അല്‍ഗൂറിയുടെ വാസ്തുവിദ്യ വിപ്ളവം തുടരാന്‍ കാലം അനുവദിച്ചില്ല. എല്ലാം അവസാനിച്ചത് സിറിയയിലെ മര്‍ജ് ദബീഖില്‍ വെച്ചായിരുന്നു. സിറിയന്‍ ഭാഗത്ത് വെല്ലുവിളിയുയര്‍ത്തിയ ഒട്ടോമന്‍ സൈന്യത്തെ നേരിടാന്‍ മുഖദ്ദം കുന്നിലെ തന്‍െറ കൊട്ടാരത്തില്‍ നിന്ന് സൈന്യവുമായി അല്‍ഗൂറി പുറപ്പെട്ടു. അല്‍ഗൂറി മന്ദിരസമുച്ചയത്തിന് മധ്യത്തിലൂടെയായിരുന്നു പടനീക്കം. അവിടെയത്തെിയപ്പോള്‍ അല്‍ഗൂറി ഇടത്തേക്കൊന്നു പാളിനോക്കി. സ്വയം നിര്‍മിച്ച ശവകുടീരമവിടെ കാത്തുകിടക്കുന്നു. 

ചതിയിലുലഞ്ഞ വൃദ്ധഹൃദയം
1516 ആഗസ്റ്റ് 24ന് അലപ്പോക്കടുത്തുള്ള മര്‍ജ് ദബീഖില്‍ ഒട്ടോമന്‍ സൈന്യവുമായി അല്‍ഗൂറി ഏറ്റുമുട്ടി. ഘോരയുദ്ധത്തിനിടെ വിശ്വസ്തരായ രണ്ടു പടനായകര്‍ കൂറുമാറി. തങ്ങളുടെ സൈന്യത്തെ അല്‍ഗൂറിയുടെ ഇരുപാര്‍ശ്വത്തില്‍ നിന്നും അവര്‍ പിന്‍വലിച്ചു. അനിവാര്യമായ വിധിക്ക് മുന്നില്‍ അല്‍ഗൂറി ഏകനായി. 75 കാരനായ അല്‍ഗൂറിയുടെ വൃദ്ധഹൃദയത്തിന് ഈ കൊടുംചതി താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഹൃദയം നിലച്ച് അദ്ദേഹം മരിച്ചുവീണു. ഓടിയത്തെിയ ശത്രുക്കള്‍ അദ്ദേഹത്തിന്‍െറ തലയറുത്തു. ആ തലക്കൊപ്പം മംലൂക്കുകളുടെ രണ്ടേമുക്കാല്‍ നൂറ്റാണ്ട് നീണ്ട വാഴ്ചയും മണ്ണുതിന്നു. ഒരു സാമ്രാജ്യം കൂടി അസ്തമിച്ചു. അതോടെ ഒട്ടോമന്‍ ഭരണത്തിലേക്ക് അറേബ്യ വഴിമാറി. പക്ഷേ, അല്‍ഗൂറിയുടെ ശരീരത്തിന് എന്തുസംഭവിച്ചുവെന്നത് ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. സിറിയന്‍ വിജനതയിലെങ്ങോ ആ തലയറ്റ ശരീരം മാഞ്ഞു. ഉടമയെ കാത്തുള്ള കൈറോയിലെ ആ ശവകുടീരത്തിന്‍െറ കാത്തിരിപ്പ് അഞ്ചുനൂറ്റാണ്ട് പിന്നിടുന്നു. 
സിറിയന്‍ വിജയത്തിന് ശേഷം ഒട്ടോമന്‍ സൈന്യം കൈറോയുടെ പടിവാതിലില്‍ എത്താനെടുത്ത ഏതാനും മാസങ്ങള്‍ കൂടി നാമമാത്രമായി മംലൂക്ക് സാമ്രാജ്യം നിലകൊണ്ടു. 1517 ജനുവരി 22 ന് റിദാനിയ യുദ്ധത്തില്‍ മംലൂക്ക് സൈന്യത്തെ തകര്‍ത്ത ഉസ്മാനി സുല്‍ത്താന്‍ സലീം ഒന്നാമന്‍ കൈറോ പിടിച്ചെടുത്തതോടെ ഒൗപചാരികമായി മംലൂക്ക് ഭരണം അവസാനിച്ചു. അല്‍ഗൂറിയുടെ മരണശേഷം മംലൂക്ക് നേതൃത്വം ഏറ്റെടുത്ത തുമാന്‍ ബേയെ ഉസ്മാനികള്‍ വധിച്ചു. ബേയുടെ മൃതദേഹം സുല്‍ത്താന്‍ സലീമിന്‍െറ നിര്‍ദേശപ്രകാരം അല്‍ഗൂറി സമുച്ചയത്തിന്‍െറ ഉമ്മറവാതിലില്‍ തൂക്കിയിട്ടു. തങ്ങളെ ഏറെക്കാലം പ്രതിരോധിച്ച് നിന്ന അല്‍ഗൂറിയോടുള്ള ഉസ്മാനികളുടെ പകയായിരുന്നു കാരണം. 

അനാഥമായ സ്വപ്നം
അന്ത്യനിദ്ര കൊള്ളുമെന്ന് അല്‍ഗൂറി സ്വപ്നം കണ്ട ആ മഹാമന്ദിര സമുച്ചയത്തിലിപ്പോള്‍ വളയും മാലയും പ്ളാസ്റ്റിക് പാവകളും അടിവസ്ത്രങ്ങളും വില്‍ക്കപ്പെടുന്നു. അവധിദിനമായ വെള്ളിയാഴ്ച സന്ധ്യയില്‍ ഇവിടം ജനനിബിഡമാകും. കൈറോയിലെ പ്രധാന കമ്പോളങ്ങളിലൊന്നാണ് ഇപ്പോള്‍ അല്‍ഗൂറി സമുച്ചയം. ഇടുങ്ങിയ വഴിയോരങ്ങളില്‍ കച്ചവടം പൊടിപൊടിക്കുന്നു. പഴം, പച്ചക്കറി കച്ചവടക്കാരുടെ വില വിളി. ചെറിയ മെഗാഫോണുകളിലൂടെ ഇന്നത്തെ പ്രത്യേക ഓഫറുകള്‍ പുറത്തുവരുന്നു. കടന്നല്‍ക്കൂട്ടത്തിന്‍െറ ഇരമ്പല്‍പോലെ കാതുകളില്‍ ശബ്ദത്തിന്‍െറ മുഴക്കം. 
കോലാഹലത്തിനിടയിലൂടെ സമുച്ചയത്തിന്‍െറ കൂറ്റന്‍ ആനവാതിലിന് വലതുവശത്തെ കരിങ്കല്‍ പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബുകള്‍ മങ്ങിക്കത്തുന്ന അല്‍ഗൂറി മസ്ജിദിന്‍െറ ഉള്‍ത്തളം. മഗ്രിബിനും ഇശാ നമസ്കാരത്തിനുമിടയിലെ ഇത്തിരി നേരത്ത് ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകിയ വൃദ്ധര്‍. മംലൂക്ക് വാസ്തുകലയുടെ പ്രൗഢിയില്‍ അതിശയിച്ച് മച്ചിലേക്ക് നോക്കിനില്‍ക്കുന്ന ഒറ്റപ്പെട്ട വിദേശ സഞ്ചാരികള്‍. നാലാള്‍ ഉയരമുള്ള ശില്‍പചാരുതയാര്‍ന്ന ദാരുവാതിലിന്‍െറ ലോഹവളയങ്ങളില്‍ പിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന പെണ്‍കൂട്ടം. 
അതിനെതിര്‍വശത്ത് അല്‍ഗൂറി സ്വപ്നം കണ്ട തന്‍െറ അന്ത്യവിശ്രമകേന്ദ്രം. പൊടിയില്‍ മുങ്ങിയ ആ കെട്ടിടത്തിന്‍െറ ഒരിക്കലും തുറക്കാത്ത വാതിലുകള്‍ക്ക് മുന്നില്‍ വഴിവാണിഭക്കാരുടെ സാധനങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു. അജ്ഞാതമായ ഏതോ ഖബറിനുള്ളില്‍ അസ്വസ്ഥമായി അല്‍ഗൂറിയുടെ ശരീരം കിടക്കുന്നുണ്ടാകാം.     

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT