ബേഷ് ബര്‍മാഗിലെ മഞ്ഞുപൂക്കള്‍

മൈനസ് രണ്ട് സെല്‍ഷ്യസില്‍ ബാക്കു നഗരം തണുത്തുവിറച്ച് നില്‍ക്കുമ്പോഴാണ് അസര്‍ബൈജാന്‍ തലസ്ഥാനത്ത് വിമാനമിറങ്ങുന്നത്. മുഖത്തേക്ക് പാറിവീഴുന്ന ചെറിയ മഞ്ഞുപാളികള്‍ ഒരു പുഷ്പാര്‍ച്ചനപോലെ നഗരത്തിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്യുന്നതായി തോന്നിപ്പിച്ചു. കാസ്പിയന്‍ കടലും കടന്നത്തെിയ കാറ്റ് നഗരം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന  ഒലിവുമരങ്ങളെ തഴുകിവന്ന് ഞങ്ങളെ  തൊട്ടു. മഞ്ഞുകാലമെന്നാല്‍ പ്രണയമാണ്. 
ബാക്കുവിലെ തെരുവുകള്‍ക്ക് പ്രണയത്തിന്‍െറ മണമാണ്. മേപ്പിള്‍ ചിനാര്‍ മരങ്ങള്‍ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു. മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്. കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്‍പനിക സ്വപ്നങ്ങളാവണം ഈ മരങ്ങള്‍ക്കിത്ര സൗന്ദര്യം പകര്‍ന്നത്.  പ്രാചീനതയുടെ ഗാഭീര്യം നഗരത്തിന് കൂടുതല്‍ പ്രൗഢിയേകുന്നു. ഞാനീ നിരത്തുകളില്‍ ആരെ തേടണം? പഴയ സോവിയറ്റ് സംസ്കാരത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍  ദസ്തയേവ്സ്കിയുടെ അന്നയെ തിരഞ്ഞു. ഒരു പൂക്കുടയും പിടിച്ച് എനിക്കെതിരെ വരുന്ന അന്നയെ കൊഴിഞ്ഞുവീഴുന്ന മേപ്പിള്‍ ഇലകള്‍ക്കിടയിലൂടെ ഞാന്‍  കണ്ടു. അന്ന കൂടുതല്‍ സുന്ദരിയായിരിക്കുന്നു. 
എത്രയെത്ര ഋതുക്കളിലൂടെ പിറകോട്ടു പോയാണ് ഈ നിമിഷം അന്നയെ പുനര്‍ജനിപ്പിച്ചത്. ചില പരിസരങ്ങള്‍ വരച്ചുകാട്ടുന്ന പ്രണയചിത്രങ്ങളാണത്. സോവിയറ്റ് സ്മരണകളുടെ ചെറിയൊരു അംശം പോലും  ഉരുക്കിയൊലിക്കാന്‍ കാത്തിരിക്കുന്നൊരു മണ്ണില്‍ പഴയ റഷ്യയുടെ അവശിഷ്ടം തേടുന്നത് ചരിത്രപരമായി ശരിയല്ലായിരിക്കാം. പക്ഷേ, കാല്‍പനികതകളിലൂടെ സഞ്ചരിക്കുന്ന സഞ്ചാരിക്ക് അതാവാം. 

പോരാട്ടത്തിന്‍െറ തെരുവ്
മാര്‍ട്ടിയര്‍ ലെയിനു  മുന്നിലത്തെിയപ്പോള്‍ പൂക്കള്‍ വില്‍ക്കുന്നവര്‍ ചുറ്റും കൂടി. മഞ്ഞിന് ഘനീഭവിച്ച ദു$ഖങ്ങളുടെ മുഖമുണ്ടെങ്കില്‍ ആ ചരിത്രം നിങ്ങളെ ഇവിടെയത്തെിക്കും, കറുത്ത ജനുവരി എന്ന് പേരിട്ടുവിളിക്കുന്ന ഒരു പോരാട്ട ദിനത്തിന്‍െറ വേദനിപ്പിക്കുന്ന ഓര്‍മയിലേക്ക്. അസര്‍ബൈജാന്‍  കരഞ്ഞ ദിവസമാണത്. നൂറ്റിനാല്‍പതോളം സാധാരണക്കാര്‍ സോവിയറ്റ് പട്ടാളത്തിന് മുന്നില്‍ മരിച്ചുവീണ ദിവസം. ഒരു രാജ്യത്തിന്‍െറ സ്വാതന്ത്ര്യമോഹങ്ങളെ ജ്വലിപ്പിച്ച സമരം. മാര്‍ട്ടിയര്‍ ലൈനിലെ സമരസ്മാരകത്തിനകത്ത് കെടാതെ കത്തുന്ന തീജ്വാലയുണ്ട്. അതിനൊരുവശത്ത്  മരിച്ചുവീണവരെല്ലാം അടുത്തടുത്തായി ഉറങ്ങുന്നു. അവരുടെ ചിത്രങ്ങള്‍ പതിപ്പിച്ച ആദ്യത്തെ അസ്ഥിമാടം തന്നെ നമ്മുടെ ഉള്ളം ഉലക്കുമെന്നുറപ്പ്. അടുത്തടുത്തായുറങ്ങുന്ന ഇണകള്‍. തന്‍െറ പ്രിയപ്പെട്ടവന്‍ മരണപ്പെട്ടതറിഞ്ഞ് ജീവന്‍ ഹോമിച്ച പ്രിയതമ. അവര്‍ക്കൊരുമിച്ചുതന്നെ നിത്യനിദ്രക്കായി ഇടവുമൊരുങ്ങി. ഒരുപക്ഷേ, ആ സമരത്തിന്‍െറ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയും അവരാകണം. രണ്ടും സമര്‍പ്പണം തന്നെ. മാര്‍ട്ടിയര്‍ ലൈനിലെ തീജ്വാലകള്‍ക്ക് ചൂട് കൂടുന്നു. 
ഈ ശവകുടീരത്തില്‍ കിടക്കുന്നവരുടെ സമരവീര്യം ഇപ്പോഴും തിളക്കുന്നുണ്ടാവണം. മറുവശത്ത് നിരയൊപ്പിച്ച് കായ്ച്ചുനില്‍ക്കുന്ന ഒലിവ് മരങ്ങള്‍. യുദ്ധവും സമാധാനവും. ഇവിടെ നിന്നാല്‍ കാസ്പിയന്‍  കടലിന്‍െറ മനോഹരമായ ദൃശ്യം അനുഭവിക്കാം. നഗരമിഴഞ്ഞു കടലിലേക്കിറങ്ങി ചെല്ലുന്നു. ഉപ്പുരസമുള്ള കാറ്റ്. അത് അസര്‍ബൈജാനികളുടെ കണ്ണീരിന്‍െറ ഉപ്പാണ്.  നമ്മളേയും ഒലിവ് മരങ്ങളേയും തഴുകി ആ കാറ്റ് പിന്നെ കബറുകളെ വലയം ചെയ്യും. അങ്ങനെ നമ്മളും ആ കറുത്ത ജനുവരിയുടെ ഓര്‍മകളില്‍ ചാരും.

മുള്‍ത്താന്‍ എന്ന വിശ്രമകേന്ദ്രം
സില്‍ക്ക് റോഡിലൂടെ നഗരവും കണ്ടുനടക്കുമ്പോഴാണ് മുള്‍ത്താന്‍ കാരവന്‍സെറായി (multani Caravanserai) എന്ന ബോര്‍ഡ് ശ്രദ്ധയില്‍പെട്ടത്. മുള്‍ത്താന്‍ എന്ന പേര് പാകിസ്താനുമായി ബന്ധപ്പെട്ടതാണ് എന്നറിയാം; അതുകൊണ്ടുതന്നെ ഈ നഗരവും അതുമായുള്ള ബന്ധം അറിയണമെന്ന് തോന്നി. പതിനഞ്ചാം നൂറ്റാണ്ടില്‍ മുള്‍ത്താനില്‍നിന്നുള്ള കച്ചവടക്കാര്‍ വിശ്രമിക്കുന്ന സ്ഥലമായിരുന്നു ഇത്.   എനിക്ക് അദ്ഭുതം തോന്നി, എത്ര ദൂരങ്ങള്‍ താണ്ടിയാവണം യാത്രാസൗകര്യം പോലും പരിമിതമായ  ഒരു കാലത്ത് അവരിവിടെ എത്തിപ്പെട്ടത്! മറ്റൊന്നുണ്ട്, അന്നത് ഇന്ത്യയാണ്. വിഭജനം നടന്നത് പിന്നെയാണ്. മുള്‍ത്താന്‍ ഇപ്പോള്‍ പാകിസ്താനിലാണെങ്കിലും, ഈ ചരിത്രം ഇന്ത്യയുടേതു കൂടിയാണ്. ഈ ചിന്തകള്‍, ഈ ചരിത്രത്തിന് മേലുള്ള എന്‍െറകൂടെ അവകാശം  മാനസികമായി  സ്ഥാപിച്ചെടുത്തു.  
ബാക്കുവിലെ പുരാതനമായ ഈ നഗരത്തില്‍ അത്രയും പുരാതനമായ ഒരു ബന്ധത്തിന്‍െറ സ്മാരകം, ഒരു മാറ്റത്തിനും ഇടം കൊടുക്കാതെ മറ്റൊരു രാജ്യം അതേപേരില്‍ സംരക്ഷിച്ചുനിര്‍ത്തുന്നു. ചരിത്രത്തോടും സംസ്കാരത്തോടുമുള്ള ബഹുമാനം കൂടിയാണത്. ഉള്ളിലേക്ക് കയറിയാല്‍ അധികം വിശാലതയൊന്നുമില്ലാത്ത ഒരു ഇടത്താവളം പോലെ ഇപ്പോഴത് സഞ്ചാരികള്‍ക്ക് കാണാനായി മാത്രമുള്ള ഒരു സ്മാരകം മാത്രമാണ്. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ ചായ കിട്ടാറുണ്ട് എന്നറിഞ്ഞു.  സമയം അനുവദിക്കുമായിരുന്നെങ്കില്‍, ഒരു വൈകുന്നേരം ഇവിടെ വന്നിരുന്ന് ഞാനൊരു ചായ കുടിച്ചേനേ.  പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഇന്ത്യന്‍ കച്ചവടക്കാരന്‍െറ വേഷം മനസ്സിലണിഞ്ഞ്  ഓരോ തുള്ളി ചായയിലൂടെയും പഴയൊരു കാലത്തിന്‍െറ രുചി ഞാന്‍ ആസ്വദിച്ചേനെ. 

യനാര്‍ ദാഗിലേക്ക്
യനാര്‍ ദാഗിലേക്കുള്ള യാത്രയില്‍ ഗ്രാമങ്ങളുടെ ഭംഗിയും അറിയാം. നഗരത്തിന്‍െറ പകിട്ടില്‍ ആകൃഷ്ടമാവാത്ത ഗ്രാമങ്ങള്‍. വഴിയരികിലെല്ലാം പൂക്കള്‍ വില്‍ക്കുന്നവരെ കാണാം. തൊണ്ണൂറ് ശതമാനത്തിലധികവും മുസ്ലിംകളുള്ള രാജ്യമാണ് അസര്‍ബൈജാന്‍. ഖബര്‍സ്ഥാനുകളിലെ മീസാന്‍ കല്ലുകളില്‍ മരിച്ചവരുടെ രൂപവും കൊത്തിവെച്ചിട്ടുണ്ട്. പൂക്കള്‍ അര്‍പ്പിക്കുന്നവരേയും കാണാം. റഷ്യന്‍ സ്വാധീനമാണ് ഇതിന് പിറകിലെന്ന് എല്‍ച്ചിന്‍ എന്ന ഗൈഡ് പറഞ്ഞു. ഒൗദ്യോഗികമായി ഒരു മതവും പ്രഖ്യാപിക്കാത്ത, പൂര്‍ണമായും സെക്കുലറായ ഒരു രാജ്യമാണ്  അസര്‍ബൈജാന്‍. 
യനാര്‍ ദാഗ് എന്നാല്‍ കത്തുന്ന പര്‍വതം എന്നാണര്‍ഥം. കൃത്രിമമായ ഒരു സംവിധാനവും ഇല്ലാതെ, പ്രകൃതിയില്‍നിന്നുമാത്രം വരുന്ന വാതകത്താല്‍ അടിഭാഗം കത്തിക്കൊണ്ടേയിരിക്കുന്നു. 1950ല്‍ ഒരു ആട്ടിടയന്‍ അറിയാതെ തീ കൊളുത്തിയപ്പോഴാണ് ഇത് കണ്ടുപിടിക്കപ്പെട്ടത് എന്നുപറയുന്നു. മേല്‍ഭാഗത്ത് മഡ് വോള്‍ക്കാനോ എന്ന് വിളിക്കുന്ന ചളി തെറിപ്പിക്കുന്ന അഗ്നിപര്‍വതങ്ങള്‍. താഴെ കെടാതെ കത്തുന്ന യനാര്‍ ദാഗ്. ബാക്കുവിലെ തണുപ്പില്‍  അവിടെ നില്‍ക്കുന്നത്  ആശ്വാസകരമായി തോന്നി. 
ബേഷ് ബര്‍മാഗ് പര്‍വതങ്ങളിലൂടെ
കിഴക്കന്‍ ഭാഗത്തുള്ള സിയാസന്‍ ജില്ലയിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍. അവിടെയാണ് ബേഷ് ബര്‍മാഗ് പര്‍വതങ്ങള്‍. അസര്‍ബൈജാനിലേക്ക് തിരിക്കുമ്പോള്‍ തന്നെ നോക്കിവെച്ചത് മഞ്ഞുമലകള്‍ എവിടെ ആയിരിക്കുമെന്നാണ്. നിറയെ മഞ്ഞുവീണുകിടക്കുന്ന മലക്ക് മുകളിലേക്ക് പോവാന്‍ ഞങ്ങളുടെ സാരഥി അലിയുടെ ബെന്‍സ് വാനിനും കഴിഞ്ഞില്ല. റഷ്യന്‍ നിര്‍മിതമായ ചെറിയൊരു പഴയ ഫോര്‍ വീല്‍ കാറിനേ മുകളിലേക്ക് പോവാന്‍ സാധിക്കൂ. പേരിന് കാറെന്നു പറയുമെങ്കിലും മൂന്നു പേര്‍ക്ക് മാത്രം യാത്രചെയ്യാന്‍ പറ്റുന്ന ആ വാഹനം മഞ്ഞുപാളികള്‍ക്കിടയിലൂടെ കുതിച്ചുപായുന്നത് അദ്ഭുതമുണ്ടാക്കുന്ന ഒന്നാണ്. മലയുടെ അടിവാരത്ത് മഞ്ഞില്‍ ചവിട്ടി നടക്കുന്ന കുതിരകളും പക്ഷികളും എവിടെയോ കണ്ടുമറന്ന ഒരു ചിത്രം പോലെ അനുഭവപ്പെട്ടു. പിന്നെ അതിനെ വിട്ട് വീണ്ടും മുകളിലേക്ക്.  താഴെനിന്നേ കാണാം ഒരു മുസ്ലിം പള്ളിയുടെ ചെറിയ മിനാരങ്ങള്‍. അവ മുകളിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. അതൊരു പ്രലോഭനം പോലെ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങി.  
മുകളിലെ കാഴ്ചകള്‍ അതിമനോഹരമാണ്.  നിലത്ത് ഉറച്ചുനിന്നില്ളെങ്കില്‍ കാറ്റിന്‍െറ ശക്തിയില്‍ ഇടറി വീഴും. ഒരു വശത്ത് കാസ്പിയന്‍ കടല്‍. മറുവശത്ത് മഞ്ഞുമലകള്‍. മഞ്ഞുരുകി വെള്ളം കാസ്പിയന്‍ കടലിലേക്ക് ഒഴുകുന്നതുമൂലം വെള്ളത്തിന്‍െറ അളവിലും മാറ്റമുണ്ടാകുന്നുണ്ട് എന്ന് ഒരു വായനയില്‍ മനസ്സിലായി. കാസ്പിയന്‍ കടല്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊരു കടലല്ല. 38000  സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഒരു തടാകമാണിത്. കാറ്റിന് ശക്തികൂടി വരുന്നു. നില്‍ക്കുന്നത് കൂടുതല്‍ അപകടമാവുമെന്ന മുന്നറിയിപ്പ്. മറ്റൊരു മനുഷ്യസാമീപ്യം പോലും കാണാത്ത ഈ മലമുകളില്‍ അടഞ്ഞുകിടക്കുന്ന പള്ളിയുടെ പടവുകളിലിരുന്ന് ഒരിക്കല്‍ കൂടെ ഈ കാഴ്ചകളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിച്ചു. പിന്നെ ഒരു കൊച്ചുകുട്ടിയെപ്പോലെ മഞ്ഞിലൂടെ ഉരുണ്ട് താഴ്വാരത്തേക്ക്.
മഞ്ഞുയുഗവും  താണ്ടി ആ  പഴയ വണ്ടിയില്‍ വീണ്ടും  കൊച്ചു ഗ്രാമത്തിലത്തെി. വിശപ്പ് അതിന്‍െറ ഭീകരാവസ്ഥ കാണിച്ചുതുടങ്ങിയിരുന്നു. വഴിയരികില്‍ കബാബും ചപ്പാത്തിയും വില്‍ക്കുന്ന ഒരു ചെറിയ തട്ടുകട. ചപ്പാത്തിയും കബാബും ചവച്ച് ഞാനാ  മലമുകളിലേക്ക് നോക്കിനിന്നു. മഞ്ഞില്‍ പൊതിഞ്ഞ ബേഷ്ബര്‍മാഗ് പര്‍വതങ്ങള്‍. മഞ്ഞുയുഗത്തിലൂടെ ഐസ് ഏജ് സിനിമയിലെ മന്നിയും സിഡും സ്ക്രാട്ടും ഡീഗോയും എല്ലിയുമെല്ലാം  വരിവരിയായി നടന്നുപോകുന്നത് പോലെ.  ആ ഓര്‍മകള്‍ കാസ്പിയന്‍ കടലും പര്‍വതങ്ങളും കടന്ന് ദുബൈയില്‍  എന്നെ കാത്തിരിക്കുന്ന കുട്ടികളില്‍  ചെന്നത്തെി. അവര്‍ക്കായി മഞ്ഞുവാരി ഞാനുണ്ടാക്കിയ ഒലാഫ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഇപ്പോഴും ആ മഞ്ഞുമലകളില്‍ എന്‍െറ സ്നേഹത്തില്‍ ഉരുകാതെ  ഓടിക്കളിക്കുന്നുണ്ടാവും!

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT