മരുഭൂമിയിലെ നീരറകള്‍

ഒരു രാത്രിയില്‍ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ ഓഫിസ് കെട്ടിടത്തിനു മുന്നിലെ നടപ്പാതയിലാണ് അയാളെ കണ്ടത്. കുലീനവേഷം ധരിച്ച സൗദി മധ്യവയസ്കന്‍. വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇപ്പോള്‍ പിടിച്ചുതിന്നും എന്ന പരുക്കന്‍ ഭാവം. തിടുക്കപ്പെട്ടുള്ള ഉലാത്തലിനിടയില്‍ ആരോടോ എന്തോ ആവശ്യപ്പെടുന്നതുപോലെ പുലമ്പുന്നു. കൈയില്‍ പിടിച്ച വെള്ള കടലാസ് കാറ്റിലിളകുന്നു. എന്താണ് കാര്യമെന്നറിയാതെ ഞാന്‍ അന്ധാളിപ്പോടെ നോക്കിനിന്നു. അടുത്തുള്ള മലയാളി ബൂഫിയ (ലഘുഭക്ഷണ ശാല) യില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് സെല്ളോടേപ്പിന്‍െറ ഒരു റോള്‍ നീട്ടി. അതോടെ മുഖം തെളിഞ്ഞ കുലീനന്‍ ധിറുതിപ്പെട്ടു. അവിടെ നിര്‍ത്തിയിട്ട ഒരു അറുപഴഞ്ചന്‍ കാറിന്‍െറ ബോണറ്റില്‍ കടലാസ് നിവര്‍ത്തിവെച്ചു. നാലു മൂലയും സെല്ളോ കൊണ്ട് ഒട്ടിച്ചുപിടിപ്പിച്ചു. ശേഷം ഒന്ന് മാറിനിന്ന് നന്നായി ഒട്ടിയോ എന്നു നോക്കി. ഉറപ്പായപ്പോള്‍ തിരിഞ്ഞ് ബൂഫിയയിലെ പയ്യനെ നോക്കി ശുക്റന്‍ എന്ന് മന്ത്രിച്ചു. സെല്ളോടേപ്പിന്‍െറ റോള്‍ തിരികെ നീട്ടി. കാറ്റിന്‍െറ വേഗത്തിലായിരുന്നു എല്ലാം. കാറിന്‍െറ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മുന്തിയ ഇനം വാഹനത്തിന്‍െറ ഡോര്‍ തുറന്നതും അടഞ്ഞതും എല്ലാം ഞൊടിയിടയില്‍. കണ്ണ് ചിമ്മുംമുമ്പ് അതോടി നഗരത്തിരക്കില്‍ മറഞ്ഞു.  
എനിക്കാകെ കൗതുകം തോന്നി. ബോണറ്റില്‍ പതിച്ച കടലാസില്‍ പേനകൊണ്ട് അറബിയില്‍ എഴുതിയത് എന്താണെന്ന് അറിയാന്‍ അങ്ങോട്ട് നീങ്ങി. അവിടെ നിന്ന ഒന്നുരണ്ടാളുകളുടെ സഹായത്തോടെ വായിച്ചു: ‘‘സുഹൃത്തേ, എന്‍െറ വാഹനം പിന്നിലേക്കെടുക്കുമ്പോള്‍ ഉരസി താങ്കളുടെ കാറിന്‍െറ മുന്‍വശത്ത് ചെറിയൊരു തകരാറുണ്ടായിട്ടുണ്ട്. താങ്കളെ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കാണാനായില്ല. എനിക്ക് പോകാന്‍ ധിറുതിയുണ്ട്. എന്‍െറ നമ്പറാണ് ഇത്. വിളിക്കണം. നന്നാക്കാനുള്ള പണം തരാം. കാറിന് കേടുപാടുണ്ടാക്കിയതില്‍ ഖേദിക്കുന്നു.’’ ബൂഫിയയിലെ മലയാളി പറഞ്ഞു: ‘‘കടലാസും സെല്ളോടേപ്പും അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചതാണ്. അത് പഴയ കാറല്ളേ. ചെറിയ പോറലല്ളേ ഉണ്ടായിട്ടുള്ളൂ. അയാള്‍ കണ്ടതുമില്ലല്ളോ. പിന്നെ എന്തിനാണ് എഴുതി ഒട്ടിക്കാന്‍ നില്‍ക്കുന്നതെന്ന്.’’
അദ്ദേഹം അതിന് പറഞ്ഞ മറുപടി എന്‍െറ വായടപ്പിച്ചു. ‘‘അത്, പഴയ കാറായത് അയാള്‍ മിസ്കീന്‍ ആയതുകൊണ്ടല്ളേ. നന്നാക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായെന്നു വരില്ല. അയാള്‍ കണ്ടിട്ടില്ളെങ്കിലും അല്ലാഹു കണ്ടല്ളോ.’’ 
അവിടെനിന്ന് മടങ്ങുമ്പോള്‍ ചിന്തിച്ചത് മുഴുവന്‍ അദ്ദേഹത്തെക്കുറിച്ചാണ്. പുറമേക്ക് വളരെ പരുക്കനായി തോന്നിയ ആ സൗദി പൗരന്‍െറ ഉള്ളിലുള്ള നന്മയുടെ ജലത്തുള്ളികള്‍ എന്നിലേക്ക് വന്നുവീണപോലെ മനസ്സ് കുളിര്‍ത്തു. പിന്നീട് റിയാദിലെ ‘ഐന്‍ ഹീത്ത്’ എന്ന ഗുഹയിലെ ജലാശയം കാണാനിടയായപ്പോള്‍ ഈ സൗദി പൗരനെ ഓര്‍മ വന്നു. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലാതിരുന്നിട്ടും എന്തുകൊണ്ട് അങ്ങനെ എന്ന ചിന്ത ചില സാമ്യതകള്‍ കണ്ടത്തെി. വരണ്ട മരുഭൂമിയെപ്പോലെ ആ പരുക്കന്‍ മനുഷ്യനും ഉള്ളില്‍ അലിവിന്‍െറ ജലാശയം കാത്തുസൂക്ഷിക്കുന്നു. വല്ലാതെ അലഞ്ഞുലഞ്ഞ ഒരു യാത്രയുടെ അന്ത്യത്തിലാണ് ഐന്‍ ഹീത്തിലത്തെിയത്. സാഹസപ്പെട്ട് തുരങ്കമിറങ്ങിയതിന്‍െറ ബദ്ധപ്പാട് പിന്നെയും. ആകെ തളര്‍ന്നുപോയ കണ്ണുകള്‍ ഇളംപച്ച നിറത്തില്‍ കണ്ണാടിപോലെ തെളിഞ്ഞുകിടന്ന വെള്ളം കണ്ടപ്പോഴേ തിളങ്ങി. ജലതലസ്പര്‍ശത്തിന്‍െറ കുളിര്‍മയില്‍ ഉള്ളമാകെ തളിര്‍ത്തു. ഇതുപോലൊരു വൈകാരികാനുഭവമാണ് അന്നാ മനുഷ്യനും പകര്‍ന്നുതന്നത്. 

ഐന്‍ ഹീത്ത്
മരുഭൂമി നടുവിലെ വരണ്ട നഗരമാണ് സൗദി തലസ്ഥാനമായ റിയാദ്. ഇന്ന് പക്ഷേ, ചുറ്റും കണ്ണോടിച്ചാല്‍ നഗരം പച്ചപ്പിന്‍െറ ഒരാവരണം അണിയാന്‍ വെമ്പല്‍കൊള്ളുകയാണെന്ന് തോന്നും. മണല്‍നിറം മറയുന്നു. കൃത്രിമ ജലാശയങ്ങളും പൂന്തോട്ടങ്ങളും മരങ്ങളുമൊക്കെയായി നഗരത്തെ ചുറ്റി നിര്‍മാണം പൂര്‍ത്തിയായി വരുന്ന അതിബൃഹത്തായ വാദി ഹനീഫ പദ്ധതിയും അതോടൊപ്പം നഗരപ്രാന്തങ്ങളില്‍ പന്തലിച്ച കൃഷിത്തോട്ടങ്ങളുടെ സ്വാഭാവിക പച്ചപ്പുമാണ് കാരണം. കടലോ കായലോ പോട്ടെ, ഒരു കുഞ്ഞ് നീരൊഴുക്കിന്‍െറ ജലമര്‍മരംപോലും കനിഞ്ഞരുളാതിരുന്നിട്ടും പച്ചപ്പിന്‍െറ തഴപ്പ് എങ്ങനെ? ആലോചിച്ച് അമ്പരക്കുന്നവര്‍ ചവിട്ടിനില്‍ക്കുന്ന മരുഭൂമിക്കടിയില്‍ മറഞ്ഞുകിടക്കുന്ന ശുദ്ധജലശേഖരങ്ങളുണ്ടെന്ന് അറിയുമ്പോള്‍ വിസ്മയിച്ചുപോകാതിരിക്കില്ല.  
നഗരത്തിന് തെക്ക് അല്‍ഖര്‍ജ് പട്ടണത്തിലേക്ക് നീളുന്ന പാതയുടെ ഇടതുവശത്ത് കണ്ണെത്താത്തിടത്തോളം ദൂരം അളക്കുന്ന ഒരു ശക്തിദുര്‍ഗമുണ്ട്. സുലൈ മലനിരകള്‍. അതിന്‍െറ ഗര്‍ഭത്തിലൊളിഞ്ഞുകിടക്കുന്ന നീരറകളിലേക്ക് പ്രകൃതി തുറന്നുവെച്ച കണ്ണാണ് ഐന്‍ ഹീത്ത്. റിയാദ് നഗരമധ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ അല്‍ഖര്‍ജ് ഹൈവേയിലൂടെ സഞ്ചരിച്ചാല്‍ ഐന്‍ ഹീത്തിലേക്കുള്ള മണല്‍ പാതയായി. റിയാദ്-ദമ്മാം റെയില്‍വേ ലൈന്‍ മുറിച്ചുകടന്നുവേണം അതിലേക്ക് കടക്കാന്‍. നീണ്ടുനിവര്‍ന്നുകിടക്കുന്ന സുലൈ മലനിരകളില്‍ ഒന്നിന്‍െറ ചുവട്ടിലാണ് മനുഷ്യനേത്രത്തിന്‍െറ ആകൃതിയോട് സാദൃശ്യം തോന്നിക്കുന്ന ഗുഹാമുഖമുള്ളത്. ‘ഐന്‍’ എന്ന അറബി പദത്തിന് കണ്ണ് എന്നാണ് അര്‍ഥം. മലയുടെ അടിവാരത്തില്‍ അഗാധതയിലേക്കിറങ്ങിപ്പോകുന്ന തുരങ്കമാണ് അത്. ചെങ്കുത്തായ ഇറക്കമാണ് ഭൂഗര്‍ഭജലത്തിന്‍െറ നിലവറയിലേക്ക്. അടരുകള്‍പോലുള്ള പര്‍വത പാറക്കെട്ടുകളില്‍നിന്ന് അടരുന്ന പാറച്ചീളുകളും മണ്‍കട്ടകളും വീണുകിടക്കുന്ന ഗുഹാവഴിയിലൂടെ താഴേക്കുള്ള ഇറക്കം അല്‍പം സാഹസികമാണ്. മനസ്സൊന്ന് പതറിയാല്‍, കാലൊന്നിടറിയാല്‍, കണ്ണൊന്നു ചിമ്മിയാല്‍ കല്ലിന്‍മുനകളില്‍ തട്ടി ചതഞ്ഞും മുറിഞ്ഞും ജലാശയത്തിലെ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഴക്കയത്തിന്‍െറ നിഗൂഢതയിലേക്കാവും വീഴ്ച. സാഹസികപ്രിയരായ വിനോദസഞ്ചാരികള്‍ക്കു മാത്രം പോകാന്‍ പറ്റുന്ന പ്രകൃതി വിസ്മയമാണ് ഐന്‍ ഹീത്ത്. 

ചുണ്ണാമ്പുഗുഹകള്‍
ഫോസില്‍ വാട്ടര്‍ അഥവാ ശിലാദ്രവ്യജലത്തിന്‍െറ ഭൂഗര്‍ഭ ശേഖരങ്ങളിലൊന്നാണ് ഐന്‍ ഹീത്തിലുമുള്ളത്. ചുണ്ണാമ്പുകല്ല് അഥവാ കാത്സ്യം സള്‍ഫേറ്റുകള്‍ നിറഞ്ഞ ഗുഹകളില്‍ നിരന്തരം ബ്ളീച്ചിങ് രാസപ്രവര്‍ത്തനത്തിന് വിധേയമായി ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം ചിലയിടങ്ങളില്‍ ഭൗമോപരിതലത്തോട് ചേര്‍ന്നും മറ്റു ചിലയിടങ്ങളില്‍ ഏറെ ആഴത്തിലും പരന്നുകിടക്കുന്ന ഒരു വാട്ടര്‍ ബെല്‍റ്റിന്‍െറ ഭാഗമാണ്. അല്‍ഖര്‍ജ് മേഖലയുടെ കാര്‍ഷികസമൃദ്ധിക്ക് കാരണം ഈ ഉപരിതല ജലസാന്നിധ്യമാണ്. 
ചുണ്ണാമ്പുകല്ലുകള്‍കൊണ്ട് പ്രകൃതിയൊരുക്കിയ നിരവധി ഗുഹകള്‍ സൗദി മരുഭൂമിയില്‍ പലയിടങ്ങളിലുണ്ടെങ്കിലും എല്ലായ്പ്പോഴും ജലം നിറഞ്ഞുകിടക്കുന്ന ഗുഹയായി ഐന്‍ ഹീത്ത് മാത്രമാണ് കണ്ടത്തെിയിട്ടുള്ളതെന്ന് സൗദിയിലെ ഗുഹകളെക്കുറിച്ച് പഠനം നടത്തിയിരുന്ന അമേരിക്കന്‍ ഗുഹാപര്യവേക്ഷകരായ ജോണ്‍ പിന്‍റ്, ഡാവേ പാറ്റേഴ്സ് എന്നിവര്‍ രേഖപ്പെടുത്തുന്നു. ഇവരോടൊപ്പം സഞ്ചരിച്ച ഗുഹാജലാശയങ്ങളിലെ മുങ്ങല്‍ വിദഗ്ധന്‍ എറിക് ബ്യുര്‍സ്റ്റോമാണ് ഐന്‍ ഹീത്തിന്‍െറ ഉള്ളറ രഹസ്യങ്ങളും ആഴവും അറിയാന്‍ ശ്രമിച്ച അതിസാഹസികന്‍. റിയാദ് കിങ് ഫൈസല്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്‍ററില്‍ 13 വര്‍ഷം കണ്‍സല്‍ട്ടന്‍റ് ഫിസിഷ്യനായിരുന്ന എറിക് ഐന്‍ ഹീത്തില്‍ 40 തവണ പര്യവേക്ഷണമുങ്ങലുകള്‍ നടത്തി. 100 മീറ്ററോളം ചെങ്കുത്തായ പാറക്കെട്ടിലൂടെ ഇറങ്ങിയാലാണ് ഭൂമിക്കടിയിലെ ജലോപരിതലത്തില്‍ എത്തുക. ഗുഹയുടെ ഉള്‍പ്പിരിവുകളില്‍ നിറഞ്ഞുകിടക്കുന്ന വെള്ളത്തില്‍ ഊളിയിട്ട എറിക് 150ഓളം മീറ്റര്‍ അഗാധതയില്‍ പോയി പരിശോധിച്ചിട്ടും അടിതൊടാനായില്ല. നിഗൂഢതകള്‍ പൊളിക്കാനായില്ല. ശ്വസനോപകരണങ്ങളും പ്രത്യേകതരം ടോര്‍ച്ച് ലൈറ്റുകളും കാമറകളുമൊക്കെയായി എറികും സംഘവും നടത്തിയ മുങ്ങലുകള്‍ ഒരു ഘട്ടത്തിനപ്പുറം കടന്നിട്ടില്ല. 150 മീറ്റര്‍ ആഴത്തിനപ്പുറം അവര്‍ക്ക് സഞ്ചരിക്കാനാകാത്ത വിധം അപകടമേഖലകളുടെ സാന്നിധ്യം പലപ്പോഴും പിന്തിരിയാന്‍ പ്രേരിപ്പിച്ചു. 
പിന്‍റും പാറ്റേഴ്സുമാണ് സൗദിയിലെ ചുണ്ണാമ്പുഗുഹകളെക്കുറിച്ച് ഗൗരവത്തില്‍ പഠനം നടത്തിയത്. 1983ല്‍ റിയാദ് നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കന്‍ ഭാഗത്ത് കണ്ടത്തെിയ ദാഹുല്‍ സുല്‍ത്താനാണ് കണ്ടതില്‍വെച്ചേറ്റവും വലിയ ഗുഹ. മഴക്കാലത്തു മാത്രം വെള്ളം നിറയുന്ന ഗുഹയാണിത്. കിലോമീറ്ററുകളോളം തുരങ്കത്തിന്‍െറ ഉടല്‍നീളമുള്ള ആ ഗഹ്വരത്തിന്‍െറ അവസാനം എവിടെയാണെന്ന് കണ്ടത്തൊനായിട്ടില്ല. വെള്ളമില്ലാത്ത കാലങ്ങളില്‍ ഒരാള്‍ക്കുമാത്രം കഷ്ടിച്ച് നടക്കാന്‍ കഴിയുന്നത്ര ഇടുങ്ങിയ ഗുഹാന്തര്‍നാളിയിലൂടെ നീങ്ങിയാല്‍ കാണുന്ന ചുണ്ണാമ്പുകല്ലുകളുടെ സ്തൂപങ്ങളും ശില്‍പങ്ങളും വിസ്മയിപ്പിക്കുന്ന കാഴ്ചാനുഭവമാണെന്ന് പിന്‍റും പാറ്റേഴ്സും എഴുതിയിട്ടുണ്ട്. വലുപ്പം കൊണ്ടാണ് ദാഹ്ല്‍ സുല്‍ത്താന്‍ - ഗുഹകളുടെ സുല്‍ത്താന്‍ - എന്ന് ഇവര്‍ പേര് ചൊല്ലി വിളിച്ചത്. 
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലെ പ്രകൃതിയുടെ പരിണാമങ്ങള്‍ക്കിടയില്‍ ബാക്കിയായ ഈ ഗുഹകളില്‍ ഐന്‍ ഹീത്ത് അതിലെ സ്ഥിരമായ ജലസാന്നിധ്യംകൊണ്ടുതന്നെ വ്യത്യസ്തമാണ്. ഈ പ്രത്യേകതയാണ് എറികിനെ ആകര്‍ഷിച്ചത്. ഒരു ‘കേവ് ഡൈവര്‍’ എന്ന നിലയില്‍ തന്‍െറ താല്‍പര്യത്തിന് ഏറ്റവും യോജ്യം ഐന്‍ ഹീത്താണെന്ന് കണ്ടത്തെിയതോടെ അവിടെ മുങ്ങി പര്യവേക്ഷണം നടത്തല്‍ എറിക് ഒരു അനുഷ്ഠാനംപോലെ പതിവാക്കി.  

ഐന്‍ ഹീത്തിന്‍െറ ചരിത്രം 
1994ലാണ് പിന്‍റിനും പാറ്റേഴ്സണുമൊപ്പം എറിക് ഈ ഗുഹയില്‍ എത്തുന്നത്. സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്തുതന്നെ ഈ ഗുഹ കണ്ടത്തെിയിട്ടുണ്ട്. 1938ല്‍ ഈ ഗുഹ കാണാന്‍ കിഴക്കന്‍ പ്രവിശ്യയിലെ അരാംകോ സൈറ്റുകളിലുണ്ടായിരുന്ന എണ്ണപര്യവേക്ഷകരെ രാജാവ് ക്ഷണിച്ചിട്ടുണ്ട്. പ്രകൃതിപ്രതിഭാസങ്ങള്‍ മരുഭൂമിക്കടിയില്‍ ഒളിപ്പിച്ചിട്ട പലവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ഇത്തരം ഗുഹകള്‍ക്കും അതിലെ ചുണ്ണാമ്പിനും ജലത്തിനുമെല്ലാം ഫോസിലുകള്‍ക്കുമെല്ലാം അത്രമേല്‍ പ്രാധാന്യമുണ്ടെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഈ ഗുഹകളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുകള്‍ അരാംകോ വേള്‍ഡ്, സ്കൂബ ക്ളബ് ന്യൂസ് മാഗസിനുകളിലെല്ലാം പിന്നീട് ധാരാളമായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലത്ത് ഐന്‍ ഹീത്തില്‍നിന്ന് നഗരാവശ്യത്തിനുള്ള വെള്ളമെടുത്തിരുന്നു. വെള്ളം നിറച്ച വീപ്പകളും മറ്റും ഒട്ടകങ്ങളുടെ പുറത്തുകയറ്റിയാണ് കൊണ്ടുപോയിരുന്നത്. പിന്നീട് വെള്ളം മോട്ടോര്‍ ഉപയോഗിച്ചും പമ്പ് ചെയ്തിരുന്നു. അതിനുവേണ്ടി പണിത പമ്പ്ഹൗസ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. 
ക്ളോറിനൈസ് ചെയ്ത വെള്ളത്തിന്‍െറ രുചിയാണ് ഐന്‍ ഹീത്തിലെ ജലത്തിനുള്ളത്. വെള്ളത്തില്‍ അലിഞ്ഞുചേരുന്ന കുമ്മായക്കല്ലുകളാണ് നിറയെ. കുമ്മായക്കല്ലുകളുടെ വെണ്‍മയില്‍ ഇളംപച്ച വര്‍ണത്തിലുള്ള കണ്ണാടിപ്രതലമാണ് ജലാശയത്തിന്. ആ കാഴ്ച ഹൃദ്യമാണ്. സുഖദമായ കുളിര്‍മയും വെള്ളത്തിനുണ്ട്. ഒന്നു മുങ്ങിക്കുളിക്കാന്‍ തോന്നിപ്പോകും. നീന്തല്‍ പരിശീലനവും സാഹസിക മനോഭാവവും കൈമുതലായവര്‍ക്ക് മാത്രം ചാടിമറിഞ്ഞ് ആസ്വദിക്കാം. അത്തരം ആവേശ ചെറുപ്പങ്ങള്‍ ധാരാളം ഇവിടെയത്തെുന്നുണ്ട്. അപ്പോഴും ഓര്‍മയിലുണ്ടാകണം, 150 മീറ്ററും കടന്ന് അഗാധതയിലേക്ക് ആണ്ടുപോകുന്ന നിഗൂഢതയാണ് ഐന്‍ ഹീത്തിന്‍െറ യഥാര്‍ഥ ആഴം. 
ഒരു പിക്നിക് സ്പോട്ട് എന്ന നിലയില്‍ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT