????? ??????

കറക് കുന്നില്‍ വീണ്ടും ചോര പൊടിയുമ്പോള്‍

നിശ്ശബ്ദനിദ്രയുടെ 800 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഡിസംബറില്‍ കറക് കുന്ന് ഞെട്ടിയുണര്‍ന്നു. ഒരിക്കലല്ല, രണ്ടുവട്ടം. മനുഷ്യരക്തവും മാംസവും ചരിവുകളില്‍ ചാലിട്ടൊഴുകിയ കാലത്തിന്‍െറ ഓര്‍മകളിലേക്കുള്ള മടക്കയാത്ര. കുരിശുയുദ്ധങ്ങളുടെ ഭയാനക അധ്യായങ്ങള്‍ പലതുകണ്ട കറാക് കുന്നിന്‍മുകളിലെ കൂറ്റന്‍ കോട്ടയില്‍ രക്തച്ചൊരിച്ചിലിന്‍െറ ആധുനിക കാണ്ഡത്തിന് അരങ്ങുണരുകയായി. 
സഹസ്രാബ്ദങ്ങളുടെ ആഴമേറിയ ചരിത്രം ചാര്‍ത്തപ്പെട്ട മധ്യ ജോര്‍ഡനിലെ കറാക് കോട്ടയില്‍ ഡിസംബര്‍ 18നാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ഭീകരര്‍ ഇരച്ചുകയറിയത്. സദാ സന്ദര്‍ശകനിബിഡമായ കോട്ടയെ ലക്ഷ്യം വെക്കുകവഴി പരമാവധി ആള്‍നാശം ഉറപ്പിക്കുകയായിരുന്നു ഭീകരര്‍. കോട്ട പിടിച്ചടക്കിയ സായുധസംഘത്തെ മുഴുവന്‍ വെടിവെച്ചുവീഴ്ത്തി സൈന്യം സമാധാനം പുന$സ്ഥാപിക്കുമ്പോഴേക്കും 14 ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കോട്ട കാണാനത്തെിയ വിദേശികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞില്ല, ഡിസംബര്‍ 20ന് വീണ്ടും കറാക് ആക്രമിക്കപ്പെട്ടു. ഇത്തവണ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് ഇരകള്‍. കലുഷിതമായ മധ്യപൂര്‍വേഷ്യയിലെ സമാധാനത്തിന്‍െറ തുരുത്തായ ജോര്‍ഡനെ പിടിച്ചുലക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍. ഒപ്പം കറാക് എന്ന മധ്യകാല കോട്ടയും വീണ്ടും ലോകത്തിന്‍െറ ശ്രദ്ധയിലത്തെി. 

അറബ കടന്ന് കറക്കിലേക്ക്
ഈ ആക്രമണങ്ങള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് കറാക് ഗ്രാമത്തിലേക്കും കോട്ടയിലേക്കും യാത്രപോയത്. ചക്രവാളങ്ങളോളം നീണ്ടുകിടക്കുന്ന ഊഷരമേഖല കടന്ന് അറബ താഴ്വര വഴി കറാക്കിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ പ്രദേശത്തെ ചൂഴ്ന്നുനില്‍ക്കുന്ന കോട്ടയും കണ്ണിലത്തെും. ഗ്രാമത്തിന്‍െറ പടിഞ്ഞാറെ കോണില്‍ ചാവുകടല്‍തടം വരെ പരന്നുകിടക്കുന്ന തന്ത്രപ്രധാന ഭൂഭാഗത്തെ തന്‍െറ ദൃശ്യപരിധിയിലൊതുക്കിയാണ് കറാക് കോട്ടയുടെ നില്‍പ്. കുന്നിന്‍തലപ്പിനെ മൊത്തം ആ രാവണന്‍കോട്ട വിഴുങ്ങിയിരിക്കുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള കോട്ടമതിലുകളുടെ അതിരില്‍നിന്ന് കീഴ്ക്കാംതൂക്കായ കുന്നിന്‍ചരിവുകള്‍ തുടങ്ങുന്നു. കോട്ടക്കുള്ളില്‍ ആയിരക്കണക്കിന് സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും പുറംലോകത്തിന്‍െറ സഹായമില്ലാതെ മാസങ്ങളോളം കഴിയാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. നട്ടുച്ചക്കും ഇരുട്ടു കട്ടപിടിച്ച ഭൂഗര്‍ഭ ഇടനാഴികള്‍, സമ്മേളനസ്ഥലങ്ങള്‍, ജയിലുകള്‍, അടുക്കളകള്‍, ധാന്യപ്പുരകള്‍, ആയുധശാലകള്‍, നൂറുകണക്കിന് കുതിരകളെ ഒരേസമയം പാര്‍പ്പിക്കാവുന്ന ലായങ്ങള്‍, ഗോപുരങ്ങള്‍, ഓഫിസുകള്‍, പീരങ്കിപ്പുരകള്‍, തൂക്കുമരങ്ങള്‍ തുടങ്ങി സ്വയംപര്യാപ്തമായൊരു നഗരംതന്നെയാണ് കറാക് കോട്ട. കുരിശുയോദ്ധാക്കളുടെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ താവളം. 
ഇവിടെനിന്നാണ് കുരിശുയോദ്ധാക്കളിലെ പ്രമാണിയും പൂര്‍വ ജോര്‍ഡന്‍ ഭരണാധികാരിയുമായിരുന്ന ഷാത്തിലിയനിലെ റെയ്നാള്‍ഡ് പ്രഭു (റെയ്നാള്‍ഡ് ഓഫ് ഷാത്തിലിയന്‍) പലതവണ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയെ വെല്ലുവിളിച്ചത്. ഇന്ന് കാണുന്ന കോട്ടക്ക് കുറഞ്ഞത് 1000 വര്‍ഷത്തെയെങ്കിലും രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. പക്ഷേ, ഇവിടെനിന്ന് അതിലും പഴക്കമുള്ള റോമന്‍ ശേഷിപ്പുകളേറെ കണ്ടത്തെിയിരുന്നു. മധ്യ ജോര്‍ഡനിലെ മാദബയിലുള്ള സെന്‍റ് ജോര്‍ജ് ചര്‍ച്ചിലെ ലോകപ്രശസ്ത മൊസൈക് മാപ്പില്‍ കറക്കിനെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ടിലെ  ബൈസാന്‍റിയന്‍ നിര്‍മിതിയാണ് മാദബ മാപ്പ്. ഇതുപരിഗണിച്ച്  കറക്കിനും അതിലെ കോട്ടക്കും ആറാംനൂറ്റാണ്ടിനുംമുമ്പ് പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 

വരുന്നു, കുരിശുയോദ്ധാക്കള്‍
ചാവുകടല്‍ തടത്തില്‍നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കുന്ന് കാലങ്ങളില്‍ വിവിധ സംസ്കാരങ്ങളുടെ ആസ്ഥാനവുമായിരുന്നു. ഹീബ്രു ബൈബ്ളില്‍ പരാമര്‍ശിക്കുന്ന പ്രാചീന മുആബ് സാമ്രാജ്യത്തിന്‍െറ പ്രധാന കേന്ദ്രവുമായിരുന്നു കറക്. പില്‍ക്കാലത്ത് ഗ്രീക്, റോമന്‍, അസ്സീറിയക്കാരുമത്തെി. 12ാം ശതകത്തില്‍ കുരിശുയോദ്ധാക്കളുടെ വരവോടെ കറക് അതിന്‍െറ ഗരിമയുടെ ഉച്ചസ്ഥായിയിലത്തെി. 1132ല്‍ ജറൂസലമിലെ രാജാവായ ബാള്‍ഡ്വിന്‍ ഒന്നാമനാണ് ഇപ്പോള്‍ കാണുന്ന കോട്ട പണികഴിപ്പിച്ചത്. ശോബക് മുതല്‍ ജറൂസലം വരെയുള്ള ക്രൂസേഡര്‍ ഇടനാഴിയിലെ തന്ത്രപ്രധാന സ്ഥാനമായിരുന്നു കറക്. ഒപ്പം അഖബ മുതല്‍ തുര്‍ക്കി വരെ നീണ്ടുകിടന്ന ക്രൂസേഡര്‍ കോട്ടകളുടെ വന്‍നിരയിലെ കണ്ണായ ഇടവും. കുരിശുയുദ്ധക്കാര്‍ സ്ഥാപിച്ച ഒൗള്‍ട്രെജൂര്‍ദൈന്‍ രാജ്യത്തിന്‍െറ തലസ്ഥാനവുമായി കറക് മാറി. ചാവുകടല്‍ തടത്തിന് കിഴക്ക് കറക്കിനോട് ഉരുമ്മി കടന്നുപോകുന്ന പൗരാണിക കച്ചവടപാത വഴിയാണ് മധ്യപൗരസ്ത്യദേശത്തേക്കും ഉത്തരാഫ്രിക്കയിലേക്കും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ചരക്കുകള്‍ പോയ്ക്കൊണ്ടിരുന്നത്. കറക് കോട്ടയിലെ നിരീക്ഷണസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഈച്ചപോലും ഈ പ്രദേശം വഴി കടന്നുപോയിരുന്നില്ല. ഈ പാതയിലെ കച്ചവടസംഘങ്ങളെ ഭീഷണിപ്പെടുത്തി നികുതി പിരിച്ച് കറക് വളര്‍ന്നു. കുരിശുയോദ്ധാക്കളുടെ ജറൂസലം രാജ്യവും അതുവഴി അഭിവൃദ്ധിപ്പെട്ടു. ഏത് ആക്രമണത്തെയും അതിജീവിക്കാനുതകുന്ന പ്രതിരോധസംവിധാനങ്ങളും ഗോപുരങ്ങളും കറക് കോട്ടയില്‍ ഈ കാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 

റെയ്നാള്‍ഡിന്‍െറ വിനോദങ്ങള്‍
1176ല്‍ ഷാത്തിലിയനിലെ റെയ്നാള്‍ഡ് പ്രഭുവിന്‍െറ നിയന്ത്രണത്തില്‍ എത്തുന്നതോടെ കോട്ടയുടെ ഭാവി തന്നെ മാറിമറിയുകയായി. കുരിശുയോദ്ധാക്കളിലെ  കടുപ്പക്കാരിലൊരാളായി ചരിത്രം വിശേഷിപ്പിക്കുന്നയാളാണ് റെയ്നാള്‍ഡ്. ശത്രുക്കള്‍ക്കെതിരെ ഭീകരമായ ശിക്ഷാമുറകളാണ് റെയ്നാള്‍ഡ് പരീക്ഷിച്ചിരുന്നത്. പിടിക്കപ്പെടുന്നവരെ നേരിട്ട് ചിത്രവധം ചെയ്യുകയെന്നതായിരുന്നു പ്രധാന വിനോദം. അദ്ദേഹത്തിന്‍െറ ചില സ്വഭാവ സവിശേഷതകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ട്. തടവുകാരെ കറാക്കിന്‍െറ ഗോപുരമുകളില്‍നിന്ന് താഴേക്ക് എറിഞ്ഞുകൊല്ലുകയെന്നതായിരുന്നു അതിലൊന്ന്. വെറുതെ എറിയുകയല്ല. ഉറപ്പേറിയ തടിപ്പെട്ടിക്കുള്ളില്‍ തല വെച്ചശേഷം താഴേക്ക് തള്ളിയിടും. വീഴ്ചയുടെ ആദ്യ ആഘാതത്തില്‍ തന്നെ തലയടിച്ച് ആള്‍ മരിക്കാതിരിക്കാനുള്ള വിദ്യ. പാറകളില്‍ ഇടിച്ചിടിച്ച് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും തല സുരക്ഷിതമായതിനാല്‍ വേദനയുടെ അവസാന അണുവരെ അനുഭവിപ്പിക്കാനുള്ള സൂത്രം. 
കറക് വഴി പോകുന്ന ഒട്ടകസംഘങ്ങളില്‍നിന്ന് നികുതി പിരിക്കുന്നതിനൊപ്പം അവരെ ഇടക്കിടെ ആക്രമിക്കാനും തുടങ്ങി റെയ്നാള്‍ഡ്. മക്കയിലേക്കുള്ള തീര്‍ഥാടകസംഘങ്ങളുടെ യാത്രയും തടസ്സപ്പെടുത്തി. കറക്കിന് തെക്കോട്ട് സൈനികനീക്കം നടത്തിയ അദ്ദേഹം 1183ല്‍ ചെങ്കടല്‍ തീരത്തെ അഖബ പിടിച്ചെടുത്തു. ഇവിടം കേന്ദ്രമാക്കി ഇസ്ലാമിന്‍െറ പുണ്യഭൂമികള്‍ ആക്രമിക്കാനായിരുന്നു പദ്ധതി. ആധുനിക സൗദിയുടെ ഭാഗമായ തബൂക്ക് വരെ റെയ്നാള്‍ഡിന്‍െറ സൈന്യമത്തെി. ഇതോടെയാണ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി കറാക്കിനെ ആക്രമിക്കുന്നത്. ആ വര്‍ഷം ശരത്കാലത്തില്‍ സലാഹുദ്ദീന്‍െറ പടയോട്ടം നടക്കുമ്പോള്‍ കറാക്കില്‍ കല്യാണമേളമായിരുന്നു. റെയ്നാള്‍ഡിന്‍െറ ദത്തുപുത്രന്‍ ഹംഫ്രി നാലാമന്‍െറയും ജറൂസലം രാജാവിന്‍െറ അര്‍ധസഹോദരി ഇസബെല്ലയുടെയും വിവാഹം. നാഴികകളോളം നീണ്ടുകിടക്കുന്ന കറാക് കോട്ടയെ വളഞ്ഞ് ആക്രമിച്ച സലാഹുദ്ദീന്‍, നവദമ്പതികളുടെ വാസസ്ഥലത്തെ ഒഴിവാക്കണമെന്ന് തന്‍െറ സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത് ഉപകഥ. മാസങ്ങളോളം ഉപരോധം നീണ്ടെങ്കിലും കറാക്കിന്‍െറ പ്രതിരോധം തകര്‍ക്കാന്‍ അയ്യൂബി സൈന്യത്തിന് കഴിഞ്ഞില്ല. അപ്പോഴേക്കും ജറൂസലം രാജാവായ ബാള്‍ഡ്വിന്‍ തന്‍െറ പടുകൂറ്റന്‍ സൈന്യവുമായി റെയ്നാള്‍ഡിന്‍െറ രക്ഷക്കത്തെി. കറക്കിന്‍െറ കല്‍മതിലുകള്‍ക്കും ബാള്‍ഡ്വിന്‍െറ സൈന്യത്തിനുമിടയില്‍ പെടുന്നത് ബുദ്ധിയല്ളെന്ന് തിരിച്ചറിഞ്ഞ സലാഹുദ്ദീന്‍ പിന്‍വാങ്ങി. പരാജയം സമ്മതിക്കാന്‍ സലാഹുദ്ദീന്‍ ഒരുക്കമായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം കൂടുതല്‍ കരുത്തേറിയ സൈന്യവുമായി അദ്ദേഹം കറക്കിന്‍െറ പടിവാതില്‍ക്കല്‍ വീണ്ടുമത്തെി. പക്ഷേ, കറക് സലാഹുദ്ദീന് ബാലികേറാമലയായി തുടര്‍ന്നു. 

വിധി നിര്‍ണയിച്ച ഹിത്തീന്‍
എല്ലാം മാറിമറിഞ്ഞത് 1187ലെ ഹിത്തീന്‍ യുദ്ധത്തിലാണ്. ആ വര്‍ഷം ജൂലൈ നാലിന് കുരിശുയോദ്ധാക്കളും സലാഹുദ്ദീന്‍െറ സൈന്യവും ഇന്നത്തെ ഇസ്രായേലിലെ ടൈബീരിയസിന് സമീപത്തെ ഹിത്തീനില്‍ വെച്ച് ഏറ്റുമുട്ടി. കുരിശുയോദ്ധാക്കളെ സലാഹുദ്ദീന്‍ തകര്‍ത്തെറിഞ്ഞു. റെയ്നാള്‍ഡ് അടക്കമുള്ള നിരവധി പ്രഭുക്കള്‍ തടവുകാരായി. റെയ്നാള്‍ഡിന്‍െറ തല സലാഹുദ്ദീന്‍ നേരിട്ട് കൊയ്തെന്നാണ് പുരാവൃത്തം. അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും സലാഹുദ്ദീന്‍െറ കൂടാരത്തിലേക്ക് നയിക്കപ്പെട്ട റെയ്നാള്‍ഡ് ജീവനോടെ തിരിച്ചുവന്നില്ല എന്നത് എല്ലാവരും അംഗീകരിക്കുന്നു. ഇതോടെ കറക്കിനുമേലുള്ള ക്രൈസ്തവ സാമ്രാജ്യത്തിന്‍െറ പിടി അയഞ്ഞു. 
1189ല്‍ സലാഹുദ്ദീന്‍ മൂന്നാം തവണ കറക്കിലത്തെി. ഘോരയുദ്ധത്തിനൊടുവില്‍ കറക്കിന്‍െറ കവാടങ്ങള്‍ സലാഹുദ്ദീന്‍ നേരിട്ട് തുറന്നുകയറി. പിന്നീടൊരിക്കലും ക്രൈസ്തവ സാമ്രാജ്യത്തിന്‍െറ കൈകളിലേക്ക് കറക് മടങ്ങിപ്പോയില്ല. കാലങ്ങളില്‍ പല മുസ്ലിം സാമ്രാജ്യങ്ങളുടെ കൈകളിലൂടെ കറക് കടന്നുപോയി. ഓരോരുത്തരും തങ്ങളുടെ മുദ്രകള്‍ അതില്‍ ചാര്‍ത്തി. പക്ഷേ, അടിസ്ഥാന ഘടന അങ്ങനെതന്നെ നിലനില്‍ക്കുന്നു. ഈ ആയിരത്തിനടുത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും. 

സന്ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ വെയില്‍ ചാഞ്ഞുതുടങ്ങിയിരിക്കുന്നു. ജോര്‍ഡന്‍ താഴ്വരക്കപ്പുറം കണ്ണെത്താത്ത ചാവുകടലിന്‍െറ കുഞ്ഞോളങ്ങളിലേക്ക് സൂര്യന്‍ തിരോഭവിക്കുന്നു. മരംകോച്ചുന്ന വൃശ്ചികസന്ധ്യയിലെ മഞ്ഞിന്‍തിരശ്ശീലക്കിടയിലൂടെ അസ്തമയ സൂര്യന്‍ കറാക്കിന്‍െറ കല്‍ക്കെട്ടുകളില്‍ ബഹുവര്‍ണചിത്രങ്ങള്‍ രചിക്കുന്നു. ആളൊഴിഞ്ഞ കോട്ടയില്‍നിന്ന് മടങ്ങുമ്പോള്‍ ഒപ്പം നടന്ന് എല്ലാം കാട്ടിത്തന്ന മ്യൂസിയം ജീവനക്കാരന്‍, മേഖലയിലെ അനിശ്ചിതാവസ്ഥ ജോര്‍ഡനിലെ വിനോദസഞ്ചാരത്തെയും അതുവഴി തങ്ങളുടെ ജീവിതത്തെയും ബാധിച്ചതെങ്ങനെയെന്ന് പറയുകയായിരുന്നു. വീട്ടില്‍ കാത്തിരിക്കുന്ന ഒഴിഞ്ഞ വയറുകളുടെ സങ്കടം അയാളുടെ വാക്കുകളായി. 
രണ്ടാഴ്ച കഴിഞ്ഞ് യന്ത്രത്തോക്കുകളുമായി ഭീകരര്‍ കോട്ടയിലേക്ക് ഓടിക്കയറിയത് ഇതുപോലൊരു സായംകാലത്തായിരുന്നു. അന്ന് മരിച്ചവരില്‍ എട്ടുപേരും മ്യൂസിയം ജീവനക്കാരും പ്രദേശവാസികളുമായിരുന്നുവെന്ന് ഞെട്ടലോടെ പിന്നീട് തിരിച്ചറിഞ്ഞു. കറക്കിന്‍െറ കഥകള്‍ ആവേശത്തോടെ പറഞ്ഞുതന്ന ആ നല്ല സുഹൃത്തിനെന്തു പറ്റിക്കാണും? 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT