ഡിസൈനിങിൽ ഒരു തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി) അടക്കം രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠനത്തിന് അവസരമൊരുക്കുന്ന പ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സ്കോറും അഭിരുചിയുമുള്ളവർക്ക് രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിന് അവസരമൊരുങ്ങും.
അണ്ടർ ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (യു.സി.ഇ.ഇ.ഡി-യുസീഡ്) -2026 വഴിയാണ് വിവിധ
ബിരുദതല കോഴ്സുകളിലേക്ക് പ്രവേശനം. അതേസമയം, കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (സി.ഇ.ഇ.ഡി-സീഡ്)-2026, ബിരുദാനന്തര ബിരുദ, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വഴിയൊരുക്കും. ബോംബെ ഐ.ഐ.ടിയുടെ നേതൃത്വത്തിലാണ് ഇരുപ്രവേശന പരീക്ഷകളും സംഘടിപ്പിക്കപ്പെടുന്നത്.
ഡൽഹി, ബോംബെ, ഹൈദരാബാദ്, ഇന്ദോർ, റൂർഖി, ഗുവാഹാട്ടി എന്നീ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ് (ഐ.ഐ.ഐ.ടി.ഡി.എം -ജബൽപുർ) എന്നിവയിലെ നാലുവർഷ ബാച്ച്ലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രോഗ്രാം പ്രവേശനം യുസീഡ് വഴിയാണ്. ബോംബെയിൽ അഞ്ച് വർഷ ഡ്യൂവൽ ഡിഗ്രി, ബിഡിസ് + എംഡിസ് പ്രോഗ്രാമും ഉണ്ട്. യുസീഡ് വഴി ബിഡിസ് പ്രവേശനം നേടുന്നവർക്ക് മൂന്നാംവർഷാവസാനം ഇത് തെരഞ്ഞെടുക്കാനാവും.
12-ാം ക്ലാസ്/തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്‌സ്, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്) 2025-ൽ ജയിച്ചവരോ, അന്തിമപരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.
തുടർച്ചയായ രണ്ടുവർഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാൾക്ക് യുസീഡ് അഭിമുഖീകരിക്കാനാകു. 2026ൽ നടക്കുന്ന പരീക്ഷ 2026-27 അധ്യയന വർഷത്തിലെ പ്രവേശനം ലക്ഷ്യമിട്ടുള്ളതാണ്.
അപേക്ഷകരുടെ പ്രായം സംബന്ധിച്ചും നിബന്ധനകളുണ്ട്. ജനനം 2001 ഒക്ടോബർ ഒന്നിനോ, ശേഷമോ ആയിരിക്കണം. 1996 ഒക്ടോബർ ഒന്നിനോ, ശേഷമോ ജനിച്ച പട്ടിക വിഭാഗ, ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷിക്കാം.
യുസീഡ് പരീക്ഷക്ക് രണ്ടു ഭാഗങ്ങളുള്ള ഒരു പേപ്പറാണുണ്ടാവുക. ആകെ 300 മാർക്ക്. പാർട്ട്- എ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (200 മാർക്ക്, രണ്ട് മണിക്കൂർ) പാർട്ട്- ബി ഡ്രോയിങ്, ഡിസൈൻ അഭിരുചി എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷയും (ഒരുമണിക്കൂർ, 100 മാർക്ക്, ഉത്തരം) ആയിരിക്കും. ഇരുപാർട്ടുകൾക്കും പ്രത്യേകമായി ഉത്തരപുസ്തകങ്ങളുമുണ്ടാവും.
ഡൽഹി, ബോംബെ, ഹൈദരാബാദ്, ജോധ്‌പുർ, കാൻപുർ, റൂർഖി,ഗുവാഹാട്ടി ഐ.ഐ.ടികളിലേക്കും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി-ബെംഗളൂരു), ജബൽപുർ, കാഞ്ചീപുരം ഐ.ഐ ഐ.ടി.ഡി.എം എന്നിവിടങ്ങളിലും ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സീഡ്-2026 പരിഗണിക്കാം.
കമ്യൂണിക്കേഷൻ ഡിസൈൻ, ആനിമേഷൻ ഡിസൈൻ, ഡിസൈൻ പ്രൊഡക്ട് ഡിസൈൻ ഡിവലപ്മെൻറ് ആൻഡ് മാനേജ്മെൻറ്, ഇൻഡസ്ട്രിയൽ ഡിസൈൻ, വിഷ്വൽ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, എക്സ് ആർ ഡിസൈൻ, സ്മാർട്ട് പ്രോഡക്ട് ഡിസൈൻ, ഇൻറഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ ഓൺട്രപ്രനേർഷിപ്പ്, ഡിസൈൻ റിസർച്ച്, ഡിസൈൻ പ്രാക്ടീസ് എന്നിങ്ങനെ മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്) പ്രോഗ്രാമുകളാണ് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ ചില സ്ഥാപനങ്ങഴിൽ പിഎച്ച്‌ഡി പ്രോഗ്രാമും ഉണ്ട്.
പ്ലസ്‌ടു കഴിഞ്ഞ് കുറഞ്ഞത് മൂന്നു വർഷത്തെ പഠനത്തിലൂടെ ഡിപ്ലോമ/ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവർക്കും, 2026 ജൂലൈക്കകം ഈ കോഴ്സുകളുടെ അന്തിമപരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. 2026 ജൂലൈക്കകം ജി.ഡി ആർട്സ് ഡിപ്ലോമ പ്രോഗ്രാം (10 + 5) ജയിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.
സീഡ് പ്രവേശന പരീക്ഷക്ക് പ്രായപരിധിയില്ല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും സീഡ് അഭിമുഖീകരിക്കാം. ഇതിന് പുറമെ അതത് സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകളുമുണ്ട്.
സീഡിനും രണ്ട് രണ്ടു ഭാഗങ്ങളായാണ് പരീക്ഷ നടക്കുക. പാർട്ട് -എ (ഒമ്പത് മുതൽ 10 വരെ, 150 മാർക്ക്) കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. പാർട്ട് -ബി (10 മുതൽ 12 വരെ, 100 മാർക്ക്): ഡിസൈൻ, ഡ്രോയിങ്, റൈറ്റിങ് സ്കിൽസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇരുപാർട്ടുകൾക്കും പ്രത്യേകം ഉത്തരപുസ്തകങ്ങളും നൽകും.
പരീക്ഷാർഥികളുടെ വിഷയത്തിലുള്ള അഭിരുചി അളക്കുന്ന തരത്തിലാണ് ഇരുപരീക്ഷകളും ക്രമീകരിച്ചിരിക്കുന്നത്. സീഡ്, യുസീഡ് ജനുവരി 18-ന് രാവിലെ ഒമ്പതുമുതൽ 12 വരെ നടത്തും.
കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഇരുപരീക്ഷകൾക്കും കേന്ദ്രങ്ങളുണ്ട്. അപേക്ഷിക്കുമ്പോൾ സോൺ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുത്തു നൽകണം.
യുസീഡ് അപേക്ഷ www.uceed.iitb. ac.in വഴിയും സീഡ് അപേക്ഷ www. ceed.iitb.ac.in വഴിയും ഒക്ടോബർ 31 വരെ നൽകാം. ഇൻഫർമേഷൻ ബ്രോഷർ ബന്ധപ്പെട്ട വെബ്സൈറ്റിൽ കിട്ടും.
സീഡ്/യുസീഡ് രജിസ്ട്രേഷൻ ഫീസ്: പെൺകുട്ടികൾക്കും, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 2000 രൂപ. മറ്റുള്ളവർക്ക് 4000 രൂപ. ലേറ്റ് ഫീസായി 500 രൂപ കൂടി അടച്ച് (എല്ലാ വിഭാഗക്കാർക്കും ബാധകം) നവംബർ ഏഴിന് വൈകീട്ട് അഞ്ച് വരെയും അപേക്ഷിക്കാം. സീഡ് ഫലം മാർച്ച് നാലിനും യുസീഡ്-ഫലം ആറിനും പ്രതീക്ഷിക്കാം.
ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി വിദ്യാർഥികൾ പ്രവേശനമാഗ്രഹിക്കുന്ന സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. എല്ലാ സ്ട്രീമുകാർക്കും യുസീഡിന് അപേക്ഷിക്കാമെങ്കിലും ചില കോഴ്സുകൾക്ക് സ്ട്രീം/വിഷയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച സയൻസ് സ്ട്രീമുകാർക്ക് എല്ലാ സ്ഥാപനങ്ങളിലേക്കും (ആകെ ഏഴ് എണ്ണം) അപേക്ഷിക്കാം. മറ്റ് സ്ട്രീമുകാർക്ക് (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി പഠിക്കാത്ത സയൻസ് സ്ട്രീം, കൊമേഴ്‌സ്, ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് സ്ട്രീമുകൾ). ബോംബെ, ഡൽഹി, ഹൈദരാബാദ്, ഇന്ദോർ എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കാം.
ഗുവാഹാട്ടി, റൂർഖി എന്നിവിടങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്കു മാത്രമാണ് പ്രവേശനം.
ജബൽപുരിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ. ഡൽഹി ഐഐടി ബിടെക് ഡിസൈൻ പ്രവേശനം ജെഇഇ അഡ്വാൻസ്‌ഡ് റാങ്ക് പരിഗണിച്ചാണെങ്കിലും യുസീഡ് യോഗ്യത നേടണം.
കേരളത്തിൽ ബിഡിസ് പ്രോഗ്രാം നടത്തുന്ന കൊല്ലം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മറ്റ് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവയിലെ മാനേജ്മെൻറ് സീറ്റ് പ്രവേശനത്തിന് യുസീഡ്-സ്‌കോര്‍ പരിഗണിക്കാറുണ്ട്.
മറ്റു ചില സ്ഥാപനങ്ങളും യുസീഡ്/സീഡ് സ്കോറിനെ അവരുടെ ബിരുദ/ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അടിസ്ഥാനമാക്കിയിട്ടുണ്ട്. 2026-ൽ പ്രവേശനത്തിന് സ്റ്റോർ ഉപയോഗിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുള്ള സ്ഥാപനങ്ങളുടെയും 2025-ൽ ഉപയോഗിച്ച സ്ഥാപനങ്ങളുടെയും പട്ടിക അതത് വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.