ലക്ഷക്കണക്കിന് ഒ​ഴിവുകളുണ്ടായിട്ടും വിജ്ഞാപനം 32,438ലേക്കു മാത്രം; റെയിൽവേക്കെതിരെ രോഷപ്രകടനവുമായി ഉദ്യോഗാർഥികൾ

ന്യൂഡൽഹി: പുതിയ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനത്തിനെതിരെ അണപൊട്ടി ഉദ്യോഗാർഥികളുടെ രോഷം. നിരാശയുടെ വലിയ തരംഗത്തിന് പുതിയ വിജ്ഞാപനം കാരണമായിട്ടുണ്ടെന്ന് സമൂഹ മാധ്യമത്തിലെ ട്രെൻഡിങ് ഹാഷ്‌ടാഗിൽ നിറഞ്ഞുനിൽക്കുന്ന പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നു. സർക്കാർ ഒഴിവുള്ള തസ്തികകൾ ഒരു ലക്ഷമായി ഉയർത്തണമെന്ന ആവശ്യമാണ് ഹാഷ്ടാഗിലൂടെ ഇവർ മുന്നോട്ടുവെക്കുന്നത്.

ആറു വർഷത്തെ ഇടവേളക്കു ശേഷമാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അപേക്ഷാ പ്രക്രിയകൾ ഫെബ്രുവരി 22 വരെയാണ്.

റെയിൽവേ മേഖലയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റിനായി 32,438 എണ്ണം ഒഴിവുകൾ മാത്രമാണ് പ്രഖ്യാപിച്ചത്. അവസരങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സർക്കാർ വിജ്ഞാപനം ഒരു ലക്ഷമെങ്കിലും ആയി വർധിപ്പിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

‘ഞങ്ങളുടെ വേദന നിങ്ങൾക്ക് എപ്പോൾ മനസ്സിലാകും’ എന്നാണ് റെയിൽവേ മന്ത്രിയെ അഭിസംബോധന ചെയ്ത് ഒരു ഉദ്യോഗാർഥി ചോദിച്ചത്. ‘റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടെങ്കിലും 32,000 തസ്തികകളിലേക്ക് മാത്രമാണ് നിയമനം. എന്തൊരു തമാശയാണിത്?’

‘അഞ്ചു വർഷത്തിന് ശേഷം 32,000 പോസ്റ്റുകൾ മാത്രം! ലജ്ജാവഹം’ എന്നായിരുന്നു മറ്റൊരു പോസ്റ്റ്.  കാലതാമസവും അപര്യാപ്തവുമായ റിക്രൂട്ട്‌മെന്റ് എന്നും യുവാക്കളെ അവഗണിക്കുന്ന സർക്കാർ മറുപടി പറയണം എന്നും രോഷമുയർന്നു.

‘ ആറു വർഷത്തിനു ശേഷം വിദ്യാർഥികളോട് അനീതി’യെന്ന് ഒരു ഉപയോക്താവ് വിലപിച്ചു. ‘ടെക്‌നിക്കൽ തസ്തികകൾക്ക് റെയിൽവേ ഐ.ടി.ഐ നിർബന്ധമാക്കി. ഇപ്പോൾ ഐ.ടി.ഐ ബിരുദധാരികൾ തൊഴിലില്ലാതെ ഇരിക്കുകയാണ്. കരയുന്ന വിദ്യാർഥികളെ സർക്കാർ കേൾക്കണം. യുവാക്കൾ നിരാശരാണ്’ എന്ന് ടെക്‌നിക്കൽ ഉദ്യോഗാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നം മറ്റൊരു പോസ്റ്റിൽ എടുത്തുകാണിക്കുന്നു.

റെയിൽവേ ഇന്ത്യയിലെ ഏറ്റവും വലിയ വകുപ്പാണ്. എന്നിട്ടും 32,438 ഒഴിവുകൾ മാത്രമേയുള്ളൂ? ഇത് യുവാക്കൾക്ക് നിരാശാജനകമായ സാഹചര്യം സൃഷ്ടിക്കുന്നു. സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മ വിളിച്ചറിയിച്ചുകൊണ്ട് ഒരു ഉദ്യോഗാർഥി എഴുതി.

#RailwayLevel1_1Lakh_VacancyDo  എന്ന ട്രെൻഡിങ് ഹാഷ് ടാഗിലാണ് പോസ്റ്റുകൾ.


Tags:    
News Summary - Frustrated students demand 1 lakh railway jobs amid notification for 32,438 vacancies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.