സർവകലാശാല ഇന്‍റർവ്യൂകളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമീഷൻ

തിരുവനന്തപുരം: ഇൻറർവ്യൂ ബോർഡുകൾ ഉദ്യോഗാർഥികൾക്ക് മാർക്ക് നൽകുന്നതിലെ നടപടി സ്വയം വിശദീകരിക്കുന്നതു സുതാര്യമാക്കാൻ സർവകലാശാലകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ. വിവിധ വിഭാഗങ്ങളിലെ മികവുകൾ ചേർത്ത് മാർക്ക് നൽകുമ്പോൾ ഓരോ വിഭാഗത്തിനും എത്ര മാർക്ക് ലഭിച്ചെന്നറിയാൻ ഉദ്യോഗാർഥിക്ക് അവകാശമുണ്ട്. സ്‌കോർ ഷീറ്റ് തയാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരംതിരിച്ച് രേഖപ്പെടുത്തണം. ഇത് ആവശ്യാനുസരണം ഉദ്യോഗാർഥികൾക്ക് നൽകണം. അതു ഭാവിയിൽ അവർക്ക് നില മെച്ചപ്പെടുത്താനും ഉപകരിക്കും.മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രഫസർ, അസോസിയേറ്റ് പ്രഫസർ നിയമനങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റിയും ഇൻറർവ്യൂ ബോർഡും നൽകിയ മാർക്കിന്റെ വിശദാംശം തേടിയ പത്തനംതിട്ടയിലെ ഡോ. ശ്രീവൃന്ദ നായരുടെ പരാതി തീർപ്പാക്കിയ കമീഷണർ എ.എ. ഹക്കിമാണ് ഇൻറർവ്യൂ ബോഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്ന് കണ്ട് ഉത്തരവായത്.

ആകെ 14 പേർ അപേക്ഷിച്ചപ്പോൾ 12 പേരെ അയോഗ്യരാക്കിയ സ്‌ക്രീനിങ് കമ്മിറ്റിയും രണ്ടുപേരെ പരിഗണിച്ച ഇൻറർവ്യൂ ബോർഡും മാർക്കുകൾ വിവിധ മേഖലകളിലേത് ഒന്നിച്ചാണു രേഖപ്പെടുത്തിയത്. സ്‌കോർ ഷീറ്റിൽ ഇവയുടെ പിരിവുകൾക്ക് പ്രത്യേകം മാർക്ക് ഇടാതിരുന്നതും ഉചിതമായില്ലെന്ന് കമീഷൻ വിലയിരുത്തി.

സർവകലാശാല പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരെ കമീഷൻ പത്തനംതിട്ടയിലും തിരുവനന്തപരത്തും വിളിച്ചുവരുത്തി മൂന്നു പ്രാവശ്യം തെളിവെടുപ്പ് നടത്തിയിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയിലും ഇന്റർവ്യൂ ബോർഡിലും ഓരോ ആൾ ഒഴികെ എല്ലാ അംഗങ്ങളും ആവർത്തിച്ചുവന്നതും കമീഷൻ കണ്ടെത്തി.

Tags:    
News Summary - Right to Information Commission to classify and record marks in university interviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.