'കേരള'യിൽ ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം: ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലൈബ്രറിയിലെ താൽക്കാലികക്കാരെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വഴിവിട്ട നീക്കം നടക്കുന്നതായി ആക്ഷേപം. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ലൈബ്രറി അസിസ്റ്റൻറ് മാരുടെ നിലവിലെ ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്തിട്ടും കേരള സർവകലാശാല മാത്രം റിപ്പോർട്ട് ചെയ്തിട്ടില്ല. കേരള സർവകലാശാലയിൽ 54 പേരെയാണ് ലൈബ്രറി അസിസ്റ്റൻറ്മാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.

ഭരണകക്ഷിയിലെ ചില നേതാക്കളുടെ ബന്ധുക്കളും കരാർ നിയമനംലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. കേരള സർവകലാശാലയിലെ ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നിർദേശം നൽകണമെന്നും, ലൈബ്രറിയിലെ കരാർ ലൈബ്രറി അസിസ്റ്റന്റ്മാരെ സ്ഥിരപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും അറിയിച്ചു.

എം.ജിയിൽ -19, കാലിക്കറ്റ് -17, കൊച്ചി -22, കാർഷിക-15, കണ്ണൂർ- അഞ്ച് എന്നിങ്ങനെയാണ് ഒഴിവുകൾ പി. എസ്.സിക്ക് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം സാങ്കേതിക സർവകലാശാല ഉൾപ്പെടെയുള്ള സർവകലാശാലകൾ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തിൽ ലൈബ്രറി ജീവനക്കാരെ നേരിട്ട് നിയമിച്ചിരിക്കുകയാണ്.ഡിജിറ്റൽ യൂനിവേഴ്സിറ്റി നിയമനങ്ങൾ ഇതേവരെ പി.എസ്.സിക്ക് കൈമാറിയിട്ടില്ല.

ലൈബ്രറി അസിസ്റ്റന്റ് മാർക്കുള്ള എഴുത്തു പരീക്ഷ പി.എസ്.സി കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽവെച്ച് ഓൺ ലൈനായി നടത്തിയത്. മൂവായിരത്തോളം പേർ അപേക്ഷകരായിരുന്നു.ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് പി. എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നത്. കേരള യൂനിവേഴ്സിറ്റി ഒഴിവുകൾ അറിയിക്കാത്തതിനാൽ റാങ്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടാകും. ഇത് സംവരണ വിഭാഗമുൾപ്പടെയുള്ള എല്ലാ ഉദ്യോഗാർഥികളെയും ദോഷകരമായി ബാധിക്കും.

കേരള സർവകലാശാല നേരിട്ട് നടത്തിയ അസിസ്റ്റൻറ് നിയമനങ്ങളിലെ വ്യാപക ക്രമക്കേടുകളെ തുടർന്ന് ലോകായുക്ത ഉത്തരവുപ്രകാരം യു.ഡി.എഫ് സർക്കാർ അനധ്യാപക നിയമനങ്ങൾ പൂർണമായും പി.എസ്.സിക്ക് വിട്ടുവെങ്കിലും, സ്പെഷ്യൽ ചട്ടങ്ങൾ തയാറാകാത്തതുകൊണ്ട് എല്ലാ സർവകലാശാലകളിലും വിവിധ തസ്തികകളിലായി നൂറുകണക്കിന് ജീവനക്കാർ കരാർ അടിസ്ഥാനത്തിൽ തുടരുകയാണ്.

കേരള സർവകലാശാലയിലെ താൽക്കാലിക ലൈബ്രറി ജീവനക്കാർ തങ്ങൾ പ്രായപരിധികഴിഞ്ഞവരെന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നിയമപരമായി പരിഗണിക്കുവാൻ സർക്കാരിനും കേരള സർവകലാശാലയ്ക്കും കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. കരാർ ജീവനക്കാരുടെ സമ്മർദം മൂലമാണ് ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ സർവകലാശാല വിമുഖത കാട്ടുന്നത്.

Tags:    
News Summary - Move to stabilize library staff in 'Kerala': Petition to Governor and Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.