കേരള പാഠാവലി പോലെതന്നെ അടിസ്ഥാന പാഠാവലിയും കുട്ടികൾക്ക് ആശ്വാസമേകുന്നതായിരുന്നു. സമ്മർദമില്ലാതെ എളുപ്പത്തിൽ എഴുതാൻ കഴിയുന്നതായിരുന്നു അടിസ്ഥാന പാഠാവലി ചോദ്യങ്ങൾ. ഒന്നു മുതൽ അഞ്ചു വരെയുള്ള ചോദ്യങ്ങൾ ശരാശരിക്കാർക്കുപോലും ഉത്തരമെഴുതാൻ കഴിയും. ആറു മുതൽ എട്ടു വരെയുള്ള ചോദ്യങ്ങൾ പാഠപുസ്തകത്തിലൂടെ കടന്നുപോയ കുട്ടികൾക്ക് എളുപ്പം എഴുതാൻ സാധിക്കും. ഒമ്പതു മുതൽ 14 വരെയുള്ള നാല് മാർക്കിന്റെ ചോദ്യങ്ങൾ നിലവാരം പുലർത്തി.
മികച്ച ക്ലാസ്റൂം അനുഭവങ്ങളുടെ വെളിച്ചത്തിൽതന്നെ ഈ വിഭാഗത്തിൽ മുഴുവൻ സ്കോറും നേടാൻ കഴിയും. സാമുവൽ ബട് ലറുടെ പ്രസ്താവന സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനും ‘ഓണമുറ്റത്ത്’ കവിതയിലെ വരികളുടെ കാവ്യഭംഗി കണ്ടെത്താനും, ‘പ്ലാവിലക്കഞ്ഞി’ നോവൽ ഭാഗത്തെ സ്നേഹബന്ധങ്ങളുടെ ഹൃദ്യത കണ്ടെത്താനും, ‘ഓരോ വിളിയും കാത്ത്’ എന്ന കഥയെ ഭാവതീവ്രമാക്കുന്ന പ്രയോഗങ്ങളുടെ വിശകലനവും, ചാക്കുണ്ണിയുടെ ജീവിതത്തിൽ റേഡിയോ ചെലുത്തിയ സ്വാധീനം വിശദമാക്കാനും, ശ്രീ നാരായണഗുരു സന്ദേശങ്ങളുടെ കാലികപ്രസക്തി തുടങ്ങിയ ചോദ്യങ്ങളെല്ലാം ക്ലാസ് മുറികളിൽ പരിചയിച്ചവയായിരുന്നു.
15 മുതൽ 17 വരെയുള്ള ആറ് മാർക്കിന്റെ ചോദ്യങ്ങൾ ആസൂത്രിതമായി എഴുതേണ്ടവയാണ്. വാർധക്യം നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്ന വിഷയത്തിൽ ഉപന്യാസം ‘അമ്മത്തൊട്ടിൽ’ എന്ന റഫീക്ക് അഹമ്മദിന്റെ കവിതയുടെ ആശയം അറിയുന്ന കുട്ടിക്ക് സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ എഴുതാൻ കഴിയും. തുടർന്നുവരുന്ന ചോദ്യങ്ങൾ കാരൂരിന്റെ ‘കോഴിയും കിഴവിയും’ എന്ന ചെറുകഥയുടെ ആസ്വാദനം, ‘മാതൃഭാഷയും മലയാളിയും’ എന്ന വിഷയത്തിൽ മുഖപ്രസംഗം തയാറാക്കൽ എന്നിവ പാഠപുസ്തകത്തെ ആസ്പദമാക്കി ആയതിനാൽ പരിചയമായവയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.