ബെംഗളൂരു: ഇന്ത്യൻ ഐ.ടി മേഖലയിൽ യുവതലമുറ ജോലി ഉപേക്ഷിക്കുന്ന പ്രവണത വർധിക്കുന്നത് കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മുൻ തലമുറകളെ അപേക്ഷിച്ച് തൊഴിലിടങ്ങളിൽ വളരെ കുറഞ്ഞ കാലം മാത്രം ചെലവഴിക്കുന്ന ഇവരുടെ ശൈലി റിക്രൂട്ട്‌മെന്റ്, പരിശീലനം, നിലനിർത്തൽ എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ കമ്പനികളെ നിർബന്ധിതരാക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ജെൻസീ പ്രൊഫഷണലിന്റെ ശരാശരി സേവനകാലയളവ് വെറും 1.1 വർഷം മാത്രമാണ്. ഇത് മുൻപത്തെ മില്ലേനിയൽസ് വിഭാഗത്തിന്റെ 1.8 വർഷത്തെ അപേക്ഷിച്ച് 39 ശതമാനം കുറവാണ്.
ഐ.ടി മേഖലയിലെ പുതിയ നിയമനങ്ങളിൽ 35 മുതൽ 40 ശതമാനം വരെയും പഴയ ജീവനക്കാർക്ക് പകരക്കാരെ കണ്ടെത്താനായുള്ള 'റീപ്ലേസ്‌മെന്റ് ഹൈറിങ്' ആയി മാറിയിരിക്കുകയാണ്. ഐ.ടി സർവീസ് മേഖലയിലെ എൻട്രി ലെവൽ തസ്തികകളിൽ ഇത് 60 ശതമാനം വരെയാണ്. എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്ക് വിപണിയിൽ വലിയ ഡിമാൻഡ് ഉള്ളതും മികച്ച ശമ്പള പാക്കേജുകൾ ലഭിക്കുന്നതുമാണ് ഈ കൂടുമാറ്റത്തിന് പ്രധാന കാരണമായി പറയുന്നത്.
ജീവനക്കാർ അധികകാലം തുടരില്ലെന്ന തിരിച്ചറിവിൽ കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലിയും ഉടച്ചുവാർത്തു. പ്രോജക്ട് അധിഷ്ഠിത കരാർ നിയമനങ്ങൾ വർധിപ്പിക്കുകയും പരിശീലന കാലയളവ് ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ ഫലം നൽകുന്ന രീതിയിലുള്ള നൈപുണ്യ വികസന പരിപാടികൾക്കാണ് ഇപ്പോൾ മുൻഗണന. സ്ഥിരം നിയമനങ്ങൾക്ക് പകരം 'കോൺട്രാക്ട്-ടു-ഹയർ' മോഡലുകൾക്കും കമ്പനികൾ പ്രാധാന്യം നൽകുന്നു. ഐ.ടി സർവീസസ് മേഖലയിൽ 20 ശതമാനത്തോളം കൊഴിഞ്ഞുപോക്ക് നടക്കുമ്പോൾ, പ്രോഡക്റ്റ് കമ്പനികളിൽ താരതമ്യേന മികച്ച ജോലിസാഹചര്യം ഉള്ളതിനാൽ രണ്ട് വർഷം വരെ യുവാക്കൾ തുടരുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, ജീവനക്കാർ കൂടുതൽ കാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിന് പകരം, കുറഞ്ഞ കാലയളവിൽ പരമാവധി ഔട്ട്പുട്ട് നേടാനാവശ്യമായ ഡിജിറ്റൽ ഓൺബോർഡിങ് രീതികളിലേക്കും മൈക്രോ ലേണിങ് മോഡ്യൂളുകളിലേക്കും ഐ.ടി ഭീമന്മാർ ചുവടുവെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.